തന്റെ വിജയം ഇന്ത്യയിലെ നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമേകട്ടെ എന്ന് രാജ്യത്തിന്റെ പ്രിയ ടെന്നീസ് താരം സാനിയ മിര്‍സ. വിംബിള്‍ഡണ്‍ വനിത ഡബിള്‍സ് ഫൈനലില്‍ കിരീടം നേടിയതിനു ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍.
മാര്‍ട്ടിന ഹിംഗിസിനൊപ്പമാണ് വിംബിള്‍ഡണ്‍ ഫൈനലില്‍ സാനിയ കിരീടം സ്വന്തമാക്കിയത്. വിംബിള്‍ഡണിലെ വിജയം തന്റെ പ്രതീക്ഷകള്‍ക്കും അപ്പുറത്താണെന്ന് വിജയത്തിനു ശേഷം സാനിയ പ്രതികരിച്ചു.
മുപ്പത്തിനാലുകാരിയായ മാര്‍ട്ടിന ഹിംഗിസും 28കാരിയായ സാനിയ മിര്‍സയും അടങ്ങുന്ന സഖ്യം റഷ്യയില്‍ നിന്നുള്ള എകറ്റെറിന മകരോവ - എലേന വെസ്‌നിയ സഖ്യത്തെയാണ് തോല്പിച്ചത്.
സാനിയ - ഹിംഗിസ് സഖ്യത്തിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്. അതേസമയം, 1996ല്‍ ഹെലേന സുകോവയ്ക്കൊപ്പവും 1998ല്‍ ജാന നൊവോത്‌നയ്ക്കൊപ്പവും ഹിംഗിസ് വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുണ്ട്.
ഇതിന് മുമ്പ് മൂന്നു തവണയും മിക്‌സഡ് ഡബിള്‍സിലായിരുന്നു സാനിയയുടെ കിരീട നേട്ടങ്ങള്‍. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ (2009), ഫ്രഞ്ച് ഓപ്പണ്‍ (2012), യുഎസ് ഓപ്പണ്‍ (2014) എന്നിവയിലായിരുന്നു സാനിയ നേരത്തെ കിരീടം നേടിയത്.