ബാലൺ ഡി ഓർ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി,മെസ്സിക്ക് സാധ്യത

അഭിറാം മനോഹർ

തിങ്കള്‍, 2 ഡിസം‌ബര്‍ 2019 (10:13 IST)
ലോകത്തിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ ശേഷിക്കെ ഏറ്റവും മികച്ച താരം ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ പ്രേമികൾ. പാരീസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുൻ വർഷങ്ങളെ പോലെ തന്നെ അർജന്റൈൻ താരം ലയണൽ മെസ്സി തന്നെയാണ് ഫേവറൈറ്റ്. അർജന്റീനയുടെയും ബാർസലോണയുടെയും താരമായ ലയണൽ മെസ്സിക്ക് സാധ്യത ഏറെയാണെങ്കിലും മറ്റ് താരങ്ങളുടെ പേരും പുരസ്കാരത്തിനായി പരിഗണിക്കുന്നുണ്ട്.
 
പത്ത് വർഷമായി ക്രിസ്റ്റിയാനോ റൊണാൾഡോയും മെസ്സിയും തമ്മിൽ പങ്കുവെച്ച പുരസ്കാരം കഴിഞ്ഞ തവണ സ്വന്തമാക്കിയത് ക്രൊയേഷ്യയുടെയും റയലിന്റെയും താരമായ ലൂക്കാ മോഡ്രിച്ച് ആയിരുന്നു. ഇത്തവണ അവാർഡിനായി മെസ്സിക്കൊപ്പം പരിഗണിക്കപ്പെടുന്നത് ലിവർപൂളിന്റെയും ലിവർപൂളിന്റെയും താരമായ വിർജിൽ വാൻ ഡെക്കിനാണ്.
 
മികച്ച യൂറോപ്യൻ ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട വാൻ ഡെക്കിന് സാധ്യത കണക്കാക്കുന്നവരും കുറവല്ല. ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ ജേതാക്കളാക്കുന്നതിൽ വഹിച്ച പങ്കും ഹോളണ്ടിനായി നടത്തിയ മികച്ച പ്രകടനങ്ങളും വാൻ ഡെക്കിന് അനുകൂല ഘടകങ്ങളാണ്. 
 
മറുവശത്ത് ഫിഫയുടെ ഈ വർഷത്തെ ലോകഫുട്ബോളർ ബഹുമതി നേടിയ മെസ്സിയാണ് വാൻ ഡെക്കിന്റെ എതിരാളി. അർജന്റീനക്ക് വേണ്ടി തിളങ്ങാനായില്ലെങ്കിലും ലാലിഗാ കിരീടം നേടുന്നതിൽ മെസ്സിയുടെ പ്രകടനം നിർണായകമായിരുന്നു.
 
വനിതാ വിഭാഗത്തിൽ അമേരിക്കയുടെ മേഗൻ റാപ്പിനൊയാണ് സാധ്യതാ പട്ടികയിൽ മുൻപിലുള്ളത്. അമേരിക്കക്ക് ലോകകപ്പ് കിരീടം നേടികൊടുക്കുന്നതിൽ റാപ്പിനോ നിർണായക പങ്ക് വഹിച്ചിരുന്നു. ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന പുരസ്കാരത്തിനായി ലോകമെങ്ങുമുള്ള 180 മാധ്യമപ്രവർത്തകരുടെ വോട്ടുകളാണ് പരിഗണിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍