ഹോക്കി ടീം വീണ്ടും വിവാദത്തില്‍

ശനി, 20 ഫെബ്രുവരി 2010 (11:10 IST)
PRO
വിവാദങ്ങള്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ വിട്ടുപോവുന്ന ലക്ഷണമില്ല. ഹോക്കി ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പ്രദര്‍ശന മത്സരം കളിക്കാ‍ന്‍ ഹോക്കി ടീം അഞ്ചു കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടുവെന്നാണ് പുതിയ വിവാദം. ഇന്ന് ചണ്ഡീഗഡില്‍ ബോളിവുഡ് താരങ്ങളുമായി നടക്കുന്ന പ്രദര്‍ശന മത്സരമുള്‍പ്പെടെ അഞ്ചു മത്സരങ്ങള്‍ കളിക്കാനാണ് ഹോക്കി ടീം അഞ്ചു കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇത്തരമൊരു ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ ഹോക്കി താരം പ്രഭജ്യോത് സിംഗ് പറഞ്ഞു. കളിക്കാരെ അപമാനിക്കാനായി നടത്തിയ ഗൂഡാലോചനയുടെ ഫലമാണ് ഇത്തരമൊരു ആരോപണമെന്നും പ്രഭജ്യോത് പറഞ്ഞു. അതേസമയം ലോകകപ്പ് പോലൊരു പ്രധാന ടൂര്‍ണമെന്‍റിനു മുന്‍പ് ഇത്തരം പ്രദര്‍ശനമത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്‍റെ സാംഗത്യവും ചോദ്യംചെയ്യപ്പെടുകയാണ്.

ഈ മത്സരങ്ങള്‍ക്കിടെ കളിക്കാര്‍ക്ക് പരുക്കേറ്റാല്‍ അത് ലോകകപ്പ് പ്രതീക്ഷകളെ തന്നെ ബാധിക്കുമെന്ന് മുന്‍‌താരങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഹോക്കി ഇന്ത്യ സെക്രട്ടറി നരേന്ദ്ര ബത്ര മുന്‍ താരങ്ങളുടെ ആരോപണം നിഷേധിച്ചു. കളിക്കാര്‍ക്ക് രണ്ട് ഒഴിവു ദിവസങ്ങളുണ്ടെന്നും ഈ സമയത്ത് പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കണമോയെന്ന കാര്യം പരിശീലകന്‍ ജോസ് ബ്രാസയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക