സാനിയയുടെ റാങ്കിങ്ങ് ഇടിഞ്ഞു

Webdunia
PTIPTI
കളിക്കളത്തില്‍ മടങ്ങിയെത്തിയ ശേഷം ഫോമിലേക്ക് ഉയരാന്‍ കഴിയാതെ പോയ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ലോകറാങ്കിങ്ങ് വീണ്ടും ഇടിഞ്ഞു. ഡബ്ല്യു ടി എ റാങ്കിങ്ങില്‍ മുപ്പത്തിമൂന്നാം സഥാനത്തായിരുന്ന സാനിയ ഏറ്റവും പുതിയ റാങ്കിങ്ങില്‍ മുപ്പത്തിയഞ്ചാം സഥാനത്തേയ്ക്ക് ഇറങ്ങിയിരിക്കുകയാണ്.

വെസ്റ്റ് ക്ലാസിക്ക് ബാങ്ക് ടൂര്‍ണമെന്‍റില്‍ ആദ്യ റൌണ്ടില്‍ തന്നെ പുറത്തായതാണ് സാനിയക്ക് പുതിയ റാങ്കിങ്ങില്‍ തിരിച്ചടിയായത്. ഡബിള്‍സ് റാങ്കിങ്ങിലും സാനിയക്ക് രണ്ട് സ്ഥാനം നഷ്ടമായി. പുതിയ ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ ഇരുപതാം സഥാനത്താണ്. അതേ സമയം പുരുഷ വിഭാഗം ഡബിള്‍സില്‍ ഒളിമ്പിക്സിലെ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ മഹേഷ് ഭൂപതിയും ലിയാന്‍ഡര്‍ പേസും തങ്ങളുടെ സഥാനം നിലനിര്‍ത്തി.

ഡബിള്‍സില്‍ ഭൂപതിയുടെ റാങ്ക് 12ഉം പേസിന്‍റേത് 15ഉമാണ്. അതേ സമയം ഇന്ത്യന്‍ ഡേവിസ് കപ്പ് താരം രോഹന്‍ ബൊപ്പണ്ണ മുന്നു സ്ഥാനം നഷടമാക്കി 46-ആം റാങ്കിലേക്ക് ഇറങ്ങി. ലോക റാങ്കിങ്ങില്‍ ഏറ്റവും വലിയ ഇടിവുണ്ടായ ഇന്ത്യന്‍ താരം പ്രകാശ് അമൃത്‌രാജാണ്. പുതിയ റാങ്കിങ്ങില്‍ 17 സ്ഥാനങ്ങള്‍ പിന്നിലായ അമൃത്‌രാജ് 221-ആം റാങ്കിലേക്ക് ഇറങ്ങി.

പുരുഷ വിഭാഗം ലോക റാങ്കിങ്ങില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിക്ക് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങള്‍ നിലനിര്‍ത്തി. വനിതാ വിഭാഗത്തില്‍ അന്നാ ഇവാനോവിക്ക് ഒന്നാം സ്ഥാനവും ജലേനാ ജാങ്കോവിക്ക്, മരിയാ ഷറപ്പോവ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നിലനിര്‍ത്തി.