ഷൂമാക്കറെ ശസ്ത്രക്രിയക്ക് വിധേയനാക്കി; കോമയിലെന്ന് റിപ്പോര്‍ട്ടുകള്‍

തിങ്കള്‍, 30 ഡിസം‌ബര്‍ 2013 (16:17 IST)
PRO
PRO
സ്‌കീയിംഗിനിടെ തെന്നിവീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഫോര്‍മുല വണ്‍ മുന്‍ ലോകചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അതേസമയം ഷൂമാക്കര്‍ കോമയില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളിലുള്ള മെറിബെല്‍ റിസോര്‍ട്ടില്‍ മകന്‍ മിക്കുമൊത്ത് സ്‌കീയിങ് നടത്തുന്നതിനിടെയാണ് ഷൂമാക്കര്‍ അപകടത്തില്‍പ്പെട്ടത്.

ബാലന്‍സ് തെറ്റി ഷൂമാക്കറുടെ തല സമീപത്തെ പാറയിലിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ താരത്തെ ഉടന്‍തന്നെ ഹെലികോപ്റ്ററില്‍ മൗട്ടിയേഴ്‌സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടം നടക്കുമ്പോള്‍ അദ്ദേഹം ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരെത്തുമ്പോള്‍ ബോധമുണ്ടായിരുന്നു.

അപകടമുണ്ടായി എട്ടുമിനിറ്റിനകം ഷൂമാക്കറെ ആശുപത്രിയിലേക്ക് മാറ്റി. ഏഴുതവണ ഫോര്‍മുല വണ്‍ കാറോട്ട ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനായിട്ടുള്ള ഷൂമാക്കര്‍, 2012ലാണ് വിരമിച്ചത്. അദ്ദേഹത്തിന് 44 വയസ്സ് പ്രായമുണ്ട്.

വെബ്ദുനിയ വായിക്കുക