ശ്രീശാന്തിന്റെ ഡയറി കേന്ദ്രീകരിച്ച് അന്വേഷണം

Webdunia
ചൊവ്വ, 21 മെയ് 2013 (17:02 IST)
PTI
PTI
ഒത്തുകളിക്കേസില്‍ അറസ്റ്റിലായ ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ ഡയറിക്കുറിപ്പുകള്‍ പൊലീസ് പരിശോധിക്കുന്നു. ‘ദൈവമേ! എന്നെ രക്ഷിക്കണേ’ എന്ന് ശ്രീശാന്ത് ഡയറിയില്‍ രണ്ട് തവണ കുറിച്ചിട്ടുണ്ട്. ശ്രീ ദൈവത്തില്‍ അഭയം തേടാന്‍ കാരണമായത് എന്താണെന്നാണ് ഡല്‍ഹി പൊലീസ് അന്വേഷിക്കുന്നത്.

ദൈവ ഭക്തനായ ശ്രീശാന്ത് ഒരു പക്ഷേ താന്‍ പിടിക്കപ്പെടുമെന്ന് മുന്‍‌കൂട്ടി കണ്ടിരിക്കാം. അല്ലെങ്കില്‍ വാതുവെപ്പില്‍ പങ്കാളിയാകാന്‍ ശ്രീശാന്തിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയതാവാം. ആരില്‍ നിന്നെങ്കിലും ശ്രീശാന്തിന് ഭീഷണി നേരിട്ടിരുന്നോ, ശ്രീശാന്ത് ഭയപ്പെട്ടത് എന്തിനെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് അന്വേഷിക്കുക.

ബാന്ദ്ര-കുര്‍ള കോമ്പ്ലക്സിലെ ശ്രീശാന്ത് തങ്ങിയ ഹോട്ടലില്‍ ശനിയാഴ്ച നടന്ന റെയ്ഡില്‍ ആണ് മുംബൈ ക്രൈംബ്രാഞ്ച് ശ്രീശാന്തിന്റെ ഡയറി കണ്ടെത്തിയത്. നീല നിറത്തിലുള്ള ഡയറിയില്‍ ഒട്ടേറെ സ്ത്രീകളുടെ ഫോണ്‍ നമ്പറുകള്‍ ഉണ്ട്. ഒന്നാം പേജില്‍ ‘ദൈവമേ! എന്നെ രക്ഷിക്കണേ’ എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്.

ഡയറിയ്ക്ക് പുറമെ ഐപാഡ്, ബ്ലാക്ക്ബെറി മൊബൈല്‍ ഫോണ്‍, 72,000 രൂപ എന്നിവയും മുറിയില്‍ നിന്ന് കണ്ടെടുത്തു. ഐപാഡില്‍ 1,500ലേറെ ഫോണ്‍ നമ്പറുകള്‍ ഉണ്ട്. അതില്‍ 25 ശതമാനത്തോളവും എയര്‍ഹോസ്റ്റസുമാരുടേതാണ്.