ഐലീഗില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിക്കുന്ന വിവ കേരളയ്ക്ക് പ്രശസ്ത കാര്‍ നിര്‍മാണ കമ്പനിയായ ഫോക്സ്‌വാഗന്‍ ധനസഹായം നല്‍കും. വിവ കേരളയ്ക്ക് ഫോക്സ്‌വാഗന്‍ സ്പോണ്‍സര്‍ഷിപ്പ് ലഭിച്ചിരിക്കുകയാണ്. ഇതനുസരിച്ച് അടുത്ത സീസണ്‍ തൊട്ട് രണ്ട് വര്‍ഷത്തേക്ക് 17.76 കോടി രൂപയാണ് വിവയ്ക്ക് ലഭിക്കുക.
ഈ സ്പോണ്‍സര്‍ഷിപ്പിന് ചില നിബന്ധനകള്‍ ഉണ്ട്. സഹായം തുടരണമെങ്കില്‍ ഐലീഗില്‍ വിവ കേരള നിലനിന്നേ മതിയാകൂ. 26 കളികളുടെ ഐലീഗില്‍ 23 മത്സരങ്ങളില്‍ നിന്ന് വിവ നേടിയെടുത്തിരിക്കുന്നത് 22 പോയിന്റാണ്. ഇപ്പോള്‍ പത്താം സ്ഥാനത്താണ് വിവ. ഇനിയുള്ള മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച് പോയിന്റ് നില ഉയര്‍ത്തിയാലേ വിവയ്ക്ക് തുടര്‍ന്നും സ്പോണ്‍സര്‍ഷിപ്പ് ലഭിക്കുകയുള്ളൂ.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ സ്പോണ്‍സര്‍ഷിപ്പ് സന്തോഷ് ട്രോഫി ടീമിന് ലഭിച്ചതോടെയാണ് വിവ കേരള നല്ലൊരു സ്പോണ്‍സര്‍ഷിപ്പിനായി ശ്രമിച്ചത്. വിവയുടെ മാനേജിംഗ് ഡയറക്‌ടര്‍ പി ഭാസ്കരന് തൃശൂരും കോഴിക്കോടും ഫോക്സ്‌വാഗന്‍ ഷോറൂമുകള്‍ ഉണ്ട്. ഈ ബന്ധമാണ് സ്പോണ്‍ഷര്‍ഷിപ്പില്‍ കലാശിച്ചത്. ഈ സീസണില്‍ വിവയെ സഹായിച്ചത് കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ്.