ഇന്ത്യന്‍ ബോക്സര്‍മാര്‍ക്കു മേലുള്ള വിലക്ക് നീക്കിയതിനു പിന്നാലെ ഇന്ത്യന്‍ അമേച്വര്‍ ബോക്സിങ് ഫെഡറേഷന്‍റെ ഭരണഘടനാ ഭേദഗതിക്ക് അന്താരാഷ്ട്ര സംഘടനയുടെ അംഗീകാരവും ലഭിച്ചു. മാര്‍ച്ച് പത്തിന് ഫിലിപ്പീന്‍സില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യയ്ക്കു ക്ഷണം ലഭിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ഇന്‍റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയതും, തെരഞ്ഞെടുപ്പിലെ സുതാര്യതയില്ലായ്മയും ചൂണ്ടിക്കാട്ടിയാണ് എഐബിഎ കഴിഞ്ഞ വര്‍ഷം ഐഎബിഎഫിനെ സസ്പെന്‍ഡ് ചെയ്തിരുന്നത്.
പ്രൊഫഷനല്‍ ബോക്സിങ്ങിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ പേരില്‍നിന്ന് അമേച്വര്‍ എന്ന പദം ഒഴിവാക്കും. നാമനിര്‍ദേശം ചെയ്ത ചെയര്‍മാന്‍ പദവിയും നീക്കും. മുന്‍ പ്രസിഡന്‍റ് അഭയ് സിങ് ചൗട്ടാലയെയാണ് ചെയര്‍മാനായി നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
ഫെഡറേഷനില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് സ്പോര്‍ട്സ് മന്ത്രാലയവും സസ്പെന്‍ഷന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഐഒസിയിലെ ഇന്ത്യന്‍ പ്രതിനിധി രണ്‍ധീര്‍ സിങ്ങും എഐബിഎ പ്രസിഡന്‍റ് ചിങ്-ക്വോ വു അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യന്‍ പതാകയുടെ കീഴില്‍ തന്നെ താരങ്ങള്‍ക്കു പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്.