ഫ്രഞ്ച് ഓപ്പണ്‍ നദാലിനു തന്നെ

തിങ്കള്‍, 9 ജൂണ്‍ 2008 (09:14 IST)
PROPRD
ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കിരീടത്തിനു സ്പാനിഷ് താരം റാഫേല്‍ നദാലുമായുള്ള പ്രണയം ഇതുവരെ അവസാനിച്ചിട്ടില്ല. തുടര്‍ച്ചയായി നാലാം തവണയും ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം പിടിച്ചെടുത്തു. കലാശപ്പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡററാണ് നദാലിനു മുന്നില്‍ വീണു പോയത്.

ഒരു മണിക്കൂറു 48 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 6-1 6-3 6-0 എന്ന സ്കോറിന് മൂന്ന് സെറ്റിലും വിജയം കണ്ടെത്തി നദാല്‍ ഒരിക്കല്‍ കൂടി കളിമണ്‍ മൈതാനങ്ങളിലുള്ള തന്‍റെ പ്രാഗത്ഭ്യം തെളിയിച്ചത്. ഇതോടെ റോളാണ്ട് ഗാരോസില്‍ കിരീടം നേടുന്ന റെക്കോഡുകളുടെ കാര്യത്തില്‍ ഇതിഹാസ താരം ബ്യോണ്‍ ബോര്‍ഗിനു തുല്യമായി നദാലിന്‍റെ സ്ഥാനം.

നാല് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ നേടിയ താരമാണ് ബ്യോണ്‍ബോര്‍ഗ്. കഴിഞ്ഞ രണ്ട് തവണയും നദാല്‍ കീഴടക്കിയത് ഫെഡററെ തന്നെയായിരുന്നു. ഫ്രഞ്ച് ഓപ്പണില്‍ തുടര്‍ച്ചയായി നാല് വര്‍ഷം ജയിച്ചിട്ട് നദാല്‍ ഇതുവരെ നഷ്ടമാക്കിയത് വെറും എട്ട് സെറ്റുകള്‍ മാത്രമാണ്. തുടര്‍ച്ചയായി 28 ജയവും പേരിലുണ്ട്.

ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെ വിജയം നേടുന്ന ഏഴാമത്തെ താരമായിരിക്കുകയാണ് നദാല്‍. അതേ സമയം വനിതാ സിംഗിള്‍സ് കിരീടാം സെര്‍ബിയന്‍ താരം അന്നാ ഇവാനോവിക്ക് നേടി. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് നിന്നും റഷ്യന്‍ താരം മരിയാ ഷറപോവയെ പിഴുതുമാറ്റി സ്ഥാനം പിടിച്ച ഇവാനോവിക് തോല്‍പ്പിച്ചത് റഷ്യന്‍ താരം ദിനാറാ സാഫിനയെ ആയിരുന്നു. ഫൈനല്‍ മത്സരത്തില്‍ ഇവാനോവിക്കിന്‍രെ സ്കോര്‍ 6-4 6-3 ആയിരുന്നു.

വെബ്ദുനിയ വായിക്കുക