ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍പ്രീയുടെ ടിക്കറ്റ് വില്‍പന ആരംഭിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടിലാണ് ഇന്ത്യന്‍ ഗ്രാന്‍പ്രീ മത്സരം നടക്കുന്നത്. ഒക്ടോബര്‍ 25 മുതല്‍ 27 വരെയാണ് ഇന്ത്യന്‍ ഗ്രാന്‍പ്രീ.
അടുത്ത വര്‍ഷത്തെ എഫ് വണ്‍ കലണ്ടറില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയ സാഹചര്യത്തില്‍, ഇക്കുറി കാണികള്‍ ഒഴുകിയെത്തുമെന്നാണ് സംഘാടകരായ ജെയ്പീ സ്പോര്‍ട്സ് ഇന്റര്‍നാഷനലിന്റെ (ജെപിഎസ്‌ഐ) കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കുകളില്‍ നേരിയ ഇളവുണ്ട്.
ഇരുപ്പത്തിയഞ്ചാം തീയ്യതിയിലെ പരിശീലന ഓട്ടങ്ങള്‍, 26ലെ യോഗ്യതാ പോരാട്ടം എന്നിവയുള്‍പ്പെടെ മൂന്ന് ദിവസത്തെയും എഫ് വണ്‍ കാണാനുള്ള ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 2000 രൂപയാണ്. 27നു നടക്കുന്ന ഫൈനല്‍ പോരാട്ടം കാണാനുള്ള കുറഞ്ഞ ടിക്കറ്റ് നിരക്ക് 1500 രൂപയാണ്.