ഫുട്‌ബോള്‍ മത്സരത്തിനിടെ കാമറൂണ്‍ രാജ്യാന്തര താരം കുഴഞ്ഞുവീണ് മരിച്ചു

ശനി, 7 മെയ് 2016 (12:16 IST)
ഫുട്‌ബോള്‍ മത്സരത്തിനിടെ കാമറൂണ്‍ രാജ്യാന്തര താരം കുഴഞ്ഞു വീണ് മരിച്ചു. പാട്രിക് എകംഗ്(26) ആണ് മരിച്ചത്. റൊമാനിയന്‍ ലീഗ് മത്സരത്തിനിടെയായിരുന്നു സംഭവം. ലീഗിലെ ആദ്യപാദ മത്സരത്തില്‍ റൊമാനിയന്‍ ക്ലബായ ഡൈനാമോ ബുക്കാറെസ്റ്റിനായി കളിക്കുകയായിരുന്നു എകംഗ്. മത്സരത്തിന്റെ അറുപത്തി മൂന്നാം മിനുട്ടിലായിരുന്നു എകംഗ് പകരക്കാരനായി ഇറങ്ങിയത്. ഏഴു മിനുട്ടിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു.
 
സ്പാനിഷ് ക്ലബായ കോര്‍ഡോബയ്ക്കായി കളിച്ചിരുന്ന എകംഗ് കഴിഞ്ഞ വര്‍ഷം മുതലാണ് കാമറൂണിനു വേണ്ടി കളിച്ചു തുടങ്ങിയത്. 
 
കളിക്കളത്തില്‍ താരങ്ങള്‍ കുഴഞ്ഞു വീണ് മരിക്കുന്നത് കാമറൂണില്‍ ആദ്യത്തെ സംഭവമല്ല. 2000ല്‍ സൗഹൃദ മത്സരത്തിനിടെ കറ്റാലിന്‍ ഹല്‍ദാന്‍ എന്ന താരം മരിച്ചിരുന്നു. 2003ല്‍ കോണ്‍ഫഡറേഷന്‍ കപ്പിനിടെ മാര്‍ക്ക് വിവിയന്‍ ഫോയും ഇത്തരത്തില്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 

വെബ്ദുനിയ വായിക്കുക