ഇന്ത്യയില്‍ ഫുട്ബോള്‍ ലോകകപ്പ് നടക്കാന്‍ സാധ്യത. 2017ലെ അണ്ടര്‍- 17 ലോകകപ്പ് ഇന്ത്യയില്‍ നടത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇതിനായി ഇന്ത്യ അവകാശവാദമുന്നയിക്കുമെന്ന് ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് അറിയിച്ചു. ഇക്കാര്യം അംഗീകരിക്കപ്പെട്ടാല്‍ ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്കും ലോകകപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന നേട്ടം.
ഫുട്ബോളിന് ഏറെ ആരാധകരുള്ള ഇന്ത്യയില്‍ ലോകകപ്പ് നടത്തുന്നതു സംബന്ധിച്ച് നിര്‍ദ്ദേശം ഫിഫ തന്നെയാണ് എഐഎഫ്എഫിനു മുന്നില്‍ വച്ചത്. ഫിഫ ഡയറക്ടറായ തിയറി റെഗനാസ് കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ഇന്ത്യയ്ക്കു പുറമെ, ഗ്വാട്ടിമാല, ജമൈക്ക തുടങ്ങിയ രാജ്യങ്ങളും അണ്ടര്‍- 17 ലോകകകപ്പ് വേദിക്കായി രംഗത്തുണ്ട്. ഇന്ത്യ നേരത്തേ ഹോക്കി, ക്രിക്കറ്റ് ലോകകപ്പുകള്‍ക്കു വേദിയായിട്ടുണ്ട്.