പാട്ടു പാടാതെ ഇംഗ്ലണ്ട് ലോകകപ്പിന്

ശനി, 16 ജനുവരി 2010 (16:44 IST)
PRO
നാലു ദശകത്തെ ഇടവേളയ്ക്ക് ശേഷം ഔദ്യോഗിക ലോകകപ്പ് ഗാനമില്ലാതെ ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം ലോകകപ്പിനൊരുങ്ങുന്നു. 1966നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം ഔദ്യോഗിക ഗാനമില്ലാതെ ലോകകപ്പിനെത്തുന്നത്. തന്‍റെ ടീമിന്‍റെ ഏകാഗ്രത നഷ്ടമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന ഇംഗ്ലണ്ട് കോച്ച് ഫാബിയോ കാപ്പെല്ലോയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ഇംഗ്ലണ്ട് പാട്ടു പാടാതെ ലോകകപ്പ് കളിക്കാനൊരുങ്ങുന്നത്.

ലോകകപ്പ് തീരുന്നതുവരെ യാതൊരു തരത്തിലുള്ള വാണിജ്യ ഇടപെടലുകളും ടീം അംഗങ്ങള്‍ക്ക് മേല്‍ ഉണ്ടാവരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്ന് കാപ്പെല്ലൊ ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചു. കളിക്കാരുടെ ശ്രദ്ധ പൂര്‍ണമായും ഫുട്ബോളിലായിരിക്കണമെന്നും കാപ്പെല്ലോ നിര്‍ദേശിച്ചിട്ടുണ്ട്. കാപ്പെല്ലോയുടെ തീരുമാനത്തില്‍ ഇംഗ്ലീഷ് ടീം ആരാധകര്‍ പ്രതിഷേധം രേഖപ്പെടുത്തി.

ലോകകപ്പ് ഗാനമെന്നത് ഇംഗ്ലണ്ടിന്‍റെ ഫുട്ബോള്‍ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ഇറ്റലിക്കാരനായ കാപ്പെല്ലോ അത് ഒഴിവാക്കിയത് ഒട്ടും ശരിയായില്ലെന്നുമാണ് ആരാധകരുടെ പക്ഷം. എന്താ‍യാലും ഇംഗ്ലണ്ട് ആദ്യമായും അവസാനമായും ലോകകപ്പില്‍ മുത്തമിട്ടത് 1966ല്‍ ആണ്.

അതിനു ശേഷം പാട്ടുപാടി ലോകകപ്പിനെത്തിയപ്പോഴെല്ലാം കപ്പില്‍ തൊടാതെ മടങ്ങാനായിരുന്നു വിധി. ഇത്തവണ പാട്ടുപേക്ഷിച്ചാലെങ്കിലും കപ്പ് കൈയ്യിലൊതുക്കാനാവുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

വെബ്ദുനിയ വായിക്കുക