സംസ്ഥാന ക്ളബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് വ്യാഴാഴ്ച മുതല്‍ കല്‍പ്പറ്റയില്‍ നടക്കും. എസ്കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഫ്ളഡ്ലിറ്റ് ഗ്രൌണ്ടിലാണ് മത്സരങ്ങള്‍ നടക്കുക. ഉദ്ഘാടനമത്സരത്തില്‍ വൈകിട്ട് 4.30ന് യൂണിറ്റി സോക്കര്‍ ഇടുക്കിയും ഈഗിള്‍സ് എഫ് സി എറണാകുളവും ഏറ്റുമുട്ടും. തുടര്‍ന്ന് സണ്‍ലൈറ്റ് എഫ്സി ഇരവിപേരൂരും ഫ്രണ്ട്ലൈന് ബത്തേരിയും തമ്മിലും മല്‍സരിക്കും.
ഇരുപത്തിരണ്ട് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 14 ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ക്കൊപ്പം കൊച്ചി സെന്‍ട്രല്‍ എക്സൈസ്, തിരുവനന്തപുരത്തുനിന്നുള്ള കെഎസ്ഇബി, ടൈറ്റാനിയം, എസ്ബിടി, തൃശൂര്‍ ഗോള്‍ഡന്‍ ത്രെഡ്സ്, എഫ്സി കൊച്ചിന്, ജോസ്കോ തൃശൂര്‍ എന്നീ ടീമുകളും പങ്കെടുക്കും. ആദ്യത്തെ അഞ്ച് ദിവസം 4.30നും 6.30നും രണ്ട് കളികളും തുടര്‍ന്ന് ഒരോ കളിയുമാണ്.
വ്യാഴാച നാലിന് എം പി വീരേന്ദ്രകുമാര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റും സംഘാടകസമിതി ചെയര്‍മാനുമായ എം ജെ വിജയപത്മന്‍ അധ്യക്ഷത വഹിക്കും.