ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

ചൊവ്വ, 12 ജൂണ്‍ 2012 (17:12 IST)
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി നാല്‍പ്പത്തിയഞ്ച് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പിക്സിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

ക്രിക്കറ്റും പ്രാവിനെ വെടിവച്ചുവീഴ്ത്തലും ഒളിമ്പിക്സില്‍!

ഓരോ ഒളിമ്പിക്സിനും ഓരോ പ്രത്യേകതകളുണ്ട്. 1900ത്തില്‍ പാരിസില്‍ നടന്ന ഒളിമ്പിക്സിന്റെ പ്രത്യേകതകളിലൊന്ന് വനിതകള്‍ മത്സരിക്കാനെത്തിയെന്നതാണ്. ആധുനിക ഒളിമ്പിക്സിന്റെ ആദ്യ പതിപ്പില്‍ മാത്രമായിരുന്നു വനിതകള്‍ക്ക് സ്ഥാനമുണ്ടാകാതിരുന്നത്. പാരിസില്‍ നടന്ന തൊട്ടടുത്ത ഒളിമ്പിക്സില്‍ മൊത്തം ഇരുപത്തിനാല് രാജ്യങ്ങളില്‍ നിന്നായി 12225 താരങ്ങളായിരുന്നു പങ്കെടുത്തത്. ഇവരില്‍ 22 പേര്‍ വനിതകളായിരുന്നു. ഒളിമ്പിക്സിലെ ആദ്യ വനിതാ വിജയിയെന്ന നേട്ടം ബ്രിട്ടന്റെ ഷാര്‍ലെറ്റ് കൂപ്പര്‍ പാരിസില്‍ സ്വന്തമാക്കി. ലോണ്‍ ടെന്നീസില്‍ വിജയിച്ചായിരുന്നു ഷാര്‍ലെറ്റ് ഈ നേട്ടം സ്വന്തമാക്കിയത്.

പാരിസ് ഒളിമ്പിക്സിന് പ്രത്യേകതകള്‍ വേറെയുമുണ്ട്. ഒളിമ്പിക്സ് ചരിത്രത്തില്‍ ക്രിക്കറ്റ്, പ്രാവിനെ വെടിവച്ചുവീഴ്ത്തല്‍‍, തടസങ്ങള്‍ക്കിടയിലൂടെയുള്ള നീന്തല്‍ തുടങ്ങിയ കായിക ഇനങ്ങള്‍ ആദ്യമായും അവസാനമായും പാരീസിലായിരുന്നു നടന്നത്. പാരിസ് ഒളിമ്പിക്സില്‍ ഒരേയൊരു ക്രിക്കറ്റ് മത്സരം മാത്രമായിരുന്നു നടന്നത്. ഗ്രേറ്റ് ബ്രിട്ടനും ഫ്രാന്‍സും തമ്മിലാണ് മത്സരം നടന്നത്. മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ 158 റണ്‍സിന് ജയിച്ചു. ഈ ക്രിക്കറ്റ് മത്സരം ഒളിമ്പിക്സിന്റെ ഭാഗമാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത് 1912ലായിരുന്നു.

പ്രാവിനെ വെടിവച്ചുവീഴ്ത്തല്‍ അനൌദ്യോഗികമായ മത്സരമായിട്ടായിരുന്നു പാരിസ് ഒളിമ്പിക്സില്‍ സംഘടിപ്പിച്ചിരുന്നത്. 300ഓളം പ്രാവുകള്‍ ഈ മത്സരത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. പറത്തിവീടുന്ന പ്രാവുകളെ മത്സരാര്‍ഥികള്‍ വെടിവച്ചുവീഴ്ത്തുന്നതായിരുന്നു മത്സരം. ഏറ്റവും കൂടുതല്‍ പ്രാവുകളെ വെടിവച്ചുവീഴ്ത്തുന്നയാളെയാണ് വിജയിയായി പ്രഖ്യാപിക്കുക. പാരിസ് ഒളിമ്പിക്സില്‍ ഇതിലെ വിജയിയെ പ്രഖ്യാപിച്ചിരുന്നില്ല. മൃഗങ്ങളെയോ പക്ഷികളെയോ കൊല്ലുന്ന ഒരു മത്സരം ആദ്യമായിട്ടും അവസാനമായിട്ടും സംഘടിപ്പിച്ചത് പാരിസ് ഒളിമ്പിക്സിലായിരുന്നു.

ഫുട്ബോള്‍ മത്സരങ്ങള്‍ ഒളിമ്പിക്സില്‍ ആദ്യമായി ഉള്‍പ്പെടുത്തിയതും 1900ത്തിലാണ്. യൂണിവേഴ്സല്‍ പാരീസ് എക്സ്പോ എന്ന വ്യാപാരമേളയുമായി ബന്ധപ്പെടുത്തിയായിരുന്നു 1900ത്തില്‍ പാരിസില്‍ ഒളിമ്പിക്സ് സംഘടിപ്പിച്ചത്.


ഒളിമ്പിക്സ് വാര്‍ത്തകള്‍ വായിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക

ആദ്യ വിജയി ഹെരാക്കിള്‍സ്; ഒര്‍സിപ്പോസ് നഗ്നനനായി ഓടി!

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്ടം!

വെബ്ദുനിയ വായിക്കുക