ഒളിമ്പിക്സില്‍ മലയാളി താരം ദിജു ഇന്നിറങ്ങും

Webdunia
ശനി, 28 ജൂലൈ 2012 (16:46 IST)
PRO
PRO
ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മലയാളി താരം വി ദിജുവും ജ്വാല ഗുട്ടയും മിക്സഡ് ഡബിള്‍സില്‍ ഇന്ന് മത്സരിക്കും. ഇന്തോനേഷ്യയുടെ എല്‍ നറ്റ്സിര്‍ ടി അഹമ്മദ് സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തിന്റെ എതിരാളികള്‍. ഉച്ചയ്ക്ക് ഒന്നിനാണ് മത്സരം തുടങ്ങുക.

സിംഗിള്‍സില്‍ പി കശ്യപ് ഇന്ന് ഉച്ചകഴിഞ്ഞ് ബെല്‍ജിയത്തിന്‍റെ യുഹാന്‍ ടാനിനെ നേരിടും. ഡബിള്‍സില്‍ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ സഖ്യം വൈകുന്നേരം 7.30ന് നടക്കുന്ന മത്സരത്തില്‍ എം ഫുജി- ആര്‍ കകിവ സഖ്യത്തെ നേരിടും.

ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ വിജയ കുമാര്‍ ഇന്ന് മത്സരിക്കും. വൈകുന്നേരം നാലിന് യോഗ്യതാ റൗണ്ടും രാത്രി 7.30ന് ഫൈനലും.

അമ്പെയ്ത്തില്‍ റാങ്കിംഗ് റൗണ്ടില്‍ അവസാന സ്ഥാനത്തായ ഇന്ത്യന്‍ പുരുഷ ടീം എലിമിനേഷന്‍ റൗണ്ടില്‍ ലോക ഒന്നാം നമ്പറായ ദക്ഷിണ കൊറിയയ്ക്കും യുഎസിനുമൊപ്പവുമാണ്. ജപ്പാനാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ജയിച്ചാല്‍ യുഎസുമായി മത്സരിക്കും.

ബോക്സിംഗില്‍ വിജേന്ദര്‍ സിംഗും ശിവ ഥാപ്പയും ഇന്ന് പ്രാഥമിക റൗണ്ട് പോരാട്ടത്തിനിറങ്ങും. 75 കിലോഗ്രാം വിഭാഗത്തിലാണ് വിജേന്ദര്‍ സിംഗ് മത്സരിക്കുക. 56 കിലോഗ്രാം വിഭാഗത്തിലാണ് ശിവ ഥാപ്പ മത്സരിക്കുക.

ടെന്നിസില്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും രുഷ്മി ചക്രവര്‍ത്തിയും ചേര്‍ന്ന സഖ്യം മത്സരിക്കും. രാത്രി 9.30 മുതലാണ് മത്സരം.

ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ സൗമ്യജിത് ഘോഷും അങ്കിത ദാസും ഇന്ന് മത്സരിക്കും. ബ്രസീലിന്‍റെ ഗുസ്താവൊ സുബോയിക്കെതിരേ സൗമ്യജിത്തിന്‍റെ മത്സരം ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ്. അങ്കിത സ്പെയ്ന്‍റെ സാറ റമിരസുമായി വൈകുന്നേരം നാലിന് മത്സരിക്കും.

ഭാരദ്വഹനത്തില്‍ ഇന്ത്യ ഇന്ന് വനിതാ വിഭാഗത്തില്‍ മത്സരിക്കും. 48 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സോണിയ ചാനുവാണ് മത്സരിക്കുക.