ഏഷ്യന്‍ ഗെയിംസിന് സമാപനം. ഗെയിംസില്‍ ചൈന തന്നെ ഒന്നാമന്‍. ഒപ്പമെത്താന്‍ ദക്ഷിണ കൊറിയയും ജപ്പാനും ശ്രമിച്ചെങ്കിലും അടുത്തെങ്ങുമെത്താനായില്ല. എക്കാലത്തെയും മികച്ച പ്രകടനത്തിന് ശ്രമിച്ച ഇന്ത്യയും നിരാശപ്പെടുത്തി. 11 സ്വര്‍ണവും 9 വെള്ളിയും 37 വെങ്കലവുമായി ആകെ 57 മെഡലോടെ ഇന്ത്യ എട്ടാം സ്ഥാനത്തെത്തി.
ഏഷ്യന്‍ ഗെയിംസില്‍ 151 സ്വര്‍ണം ഉള്‍പ്പെടെ 342 മെഡലുമായാണ് ചൈന ചാംപ്യന്‍മാരായത്. രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയ്ക്ക് 79 സ്വര്‍ണമടക്കം 234 മെഡലുകളുണ്ട്. ജപ്പാന്‍ 47 സ്വര്‍ണമുള്‍പ്പെടെ 200 മെഡലുകളുമായി മൂന്നാം സ്ഥാനത്താണ്.
കഴിഞ്ഞ ഗെയിംസില്‍ എക്കാലത്തെയും മികച്ച പ്രകടനം നടത്തിയ ഇന്ത്യ ഇത്തവണ നിരാശയുടെ മെഡലുകളാണ് സമ്മാനിച്ചത്. എന്നാല്‍ ഏറെക്കാലമായി ചില ഇനങ്ങളില്‍ അകന്നു നിന്ന മെഡലുകള്‍ ഇക്കുറി ഇന്ത്യ നേടി. പ്രത്യേകിച്ച് ഹോക്കിയിലെയും സ്ക്വാഷിലെയും സ്വര്‍ണവും ബാഡ്മിന്റനിലെ വെങ്കലവും നേട്ടങ്ങളാണ്. എന്നാല്‍ അത്‌ലറ്റിക്സിലും ഷൂട്ടിങ്ങിലും ബോക്സിങ്ങിലും ഗുസ്തിയിലും ഇടക്കാലത്ത് കൈവരിച്ച നേട്ടത്തിന് അടുത്തെത്താന്‍ ഇന്ത്യയ്ക്കായില്ല. കഴിഞ്ഞ ഗെയിംസിലെ 14 സ്വര്‍ണം ഇഞ്ചോണിലെത്തിയപ്പോള്‍ 11 ആയി, 17 വെള്ളിമെഡലുകള്‍ പത്തായി. ഇഞ്ചോണിലെ വെങ്കലനേട്ടം 37 ആണ്. ഇതില്‍ പതിനൊന്ന് വെങ്കലവും സെമിവരെ എത്തിയതിനാണ്. ബോക്സിങ്, ബാഡ്മിന്റന്‍, സ്ക്വാഷ്, വുഷു, ടെന്നിസ് എന്നീ ഇനങ്ങളിലാണ് ഇന്ത്യ സെമിയിലെത്തി വെങ്കലനേട്ടം കൈവരിച്ചത്.