കാര്‍ഷികോത്സവമായ വൈശാഖി

Webdunia
വൈശാഖി അല്ലെങ്കില്‍ ബൈശാഖി പഞ്ചാബിലെ കാര്‍ഷികോത്സവമാണ്. സിക്ക് കലണ്ടറിലെ ഏറ്റവും നിറപ്പകിട്ടാര്‍ന്ന ഉത്സവങ്ങളില്‍ ഒന്നാണിത്.

മലയാളികള്‍ക്ക് വിഷു, തമിഴര്‍ക്ക് പുത്താണ്ട്, അസം കാര്‍ക്ക് റൊംഗാലി ബിഹു, ബംഗാളികള്‍ക്ക് നബ ബര്‍ഷ എന്നിങ്ങനെ മേട സംക്രമം ഇന്ത്യയില്‍ എല്ലായിടത്തും ഉത്സവ കാലമാണ്.

സിക്കുകാരും ഇതിനെ പുതുവര്‍ഷം ആയാണ് കാണുന്നത്. മറ്റൊരു സവിശേഷത സിക്ക് കൂട്ടായ്മ 1699 ല്‍ സംഘടിതമായ ഒരു മത വിഭാഗമായി മാറിയത് ഇതേ ദിവസമാണ്. പഞ്ചാബില്‍ വിളവെടുപ്പ് നടക്കുന്നത് അന്നാണ്. ഗുരു ഗോബിന്ദ് സിംഗ് അനന്തപുര്‍ പട്ടണത്തില്‍ ഖല്‍സ സ്ഥാപിച്ചത് അന്നാണ്.

സിക്കുകാര്‍ക്ക് ഒരു ദേശീയ സങ്കല്‍പ്പം ഉണ്ടായതും ജീവിത ക്രമം ആവിഷ്കരിച്ചതും ഇതേ ദിവസമായിരുന്നു.

ഗുരു ഗോബിന്ദ് സിംഗ് അമൃത് എന്ന് പേരിട്ട മധുര പാനീയം നല്‍കിയാണ് സിക്കുകാരെ പരിപൂതമായ ഖല്‍സാ പന്തല്‍ അഥവാ സായുധ സന്യാസി സംഘമാക്കി മാറ്റിയത്. മുഗളന്മാരുടെ ആക്രമണത്തെ ചെറുക്കാനായിരുന്നു ഈ നീക്കം.

ഇപ്പോള്‍ പാകിസ്ഥാനിലുള്ള ഹസ്സനാബാദ് നഗരത്തിലാണ് സിക്കിസം ഉടലെടുത്തത്. അതുകൊണ്ട് വൈശാഖി ദിവസം ലോകത്തെമ്പാടുമുള്ള സിക്ക് മതക്കാര്‍ ഇവിടേക്ക് തീര്‍ത്ഥാടനം നടത്താറുണ്ട്. സാധാരണ ഗതിയില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെയാണ് തീര്‍ത്ഥാടന കാലം.

വൈശാഖി ദിവസം എല്ലാ സിക്കുകാരും സിക്ക് ഗ്രന്ഥപാരായണവും ഗുരുദ്വാര സന്ദര്‍ശനങ്ങളും ആട്ടവും പാട്ടും എല്ലാമായി ആഘോഷിക്കുന്നു. വിളവെടുപ്പ് കാലമായതുകൊണ്ട് എല്ലാവരുടെ പക്കലും ധാരാളം പണവും ഉണ്ടായിരിക്കും.