വെള്ളാപ്പള്ളീ, ശരിക്കും ഗുരുദേവന്‍ ആരാ?

Webdunia
ശനി, 4 സെപ്‌റ്റംബര്‍ 2010 (19:17 IST)
PRO
‘സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചും നാണം കെട്ടു നടക്കുന്നിതു ചിലര്‍, മത മത്സരം ചിന്തിച്ചു ചിന്തിച്ചു മതികെട്ടു നടക്കുന്നിതു ചിലര്‍ ’...പൂന്താനം പാടിയതെല്ലാം നെല്ലായിരുന്നു. പതിര് തെല്ലു പോലുമില്ല താനും. ജ്ഞാനപ്പാനയില്‍ ലളിതമായ ഭാഷയില്‍ പൂന്താനം എഴുതിയതെല്ലാം ‘പക്കാ’ കറക്ട്. കൊല്ലം എസ് എന്‍ കോളജ് വാതില്ക്കല്‍ ഇന്ന് രാവിലെ മുതല്‍ കാണുന്നത് ഈ മതികെട്ടുള്ള നടപ്പാണ്. ഒരിടത്ത് നടേശനെങ്കില്‍ എതിരായി ഗോപാലന്‍. അതും സര്‍വ്വസാഹോദര്യത്തിന്‍റെ വലിയ തത്വം പറഞ്ഞു തന്ന ഗുരുദേവന്‍റെ പേരിലുള്ള സംഘടനയില്‍.

തൊടീലും തീണ്ടലും ഇല്ലാതാക്കിയ, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്‍റെ പേരിലുള്ള സംഘടനയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ബഹളങ്ങള്‍. നിലവിലുള്ള ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തനിക്കെതിരെ ഒരു എതിരാളി വന്നത് അത്ര പിടിച്ചില്ല. മത്സരിക്കാന്‍ ഗോകുലം ഗോപാലന്‍ തീരുമാനിച്ച അന്നുമുതല്‍ ആരോപണശരങ്ങളുമായി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി.

പക്ഷേ ഗോകുലം ഗോപാലന്‍റെ പേര് ഉച്ചരിക്കാന്‍ പോലും വെള്ളാപ്പള്ളി തയ്യാറായില്ല. എല്ലാ മനുഷ്യരെയും ഒരു പോലെ കാണണമെന്ന് പഠിപ്പിച്ച ശ്രീനാരായണ ഗുരുവിന്‍റെ ധര്‍മ്മ പരിപാലന സംഘത്തിന്‍റെ സെക്രട്ടറിക്ക് പക്ഷേ ഇത് ബാധകമായിരുന്നില്ലെന്ന് തോന്നുന്നു. ഗോകുലം ഗോപാലനെ വാര്‍ത്താസമ്മേളനങ്ങളില്‍ ‘പാണ്ടി’ എന്നായിരുന്നു വിശേഷിപ്പിച്ചത്.

വെള്ളാപ്പള്ളി നടേശന്‍ എസ് എന്‍ ഡി പിയെ കുടുംബസ്വത്താക്കാന്‍ ശ്രമിക്കുകയാണെന്ന് ഗോകുലം ഗോപാലന്‍ ആരോപിച്ചു. പക്ഷേ, അദ്ദേഹം ‘വെള്ളാപ്പള്ളി’ എന്ന് പറയാനുള്ള മര്യാദ കാട്ടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഒരിക്കല്‍ പോലും ‘കഷണ്ടിത്തലയന്‍’ എന്നോ ‘തടിമാടന്‍’ എന്നോ അദ്ദേഹം വെള്ളാപ്പള്ളിക്ക് എതിരെ പറഞ്ഞില്ല. സെക്രട്ടറി ആകാന്‍ കഴിയില്ലെങ്കിലും തനിക്ക് അല്പം മാന്യത ഉണ്ടെന്ന് ഗോപാലന്‍ മാധ്യമങ്ങളെ കാണിച്ചു.

പക്ഷേ, എസ് എന്‍ കോളജും പരിസരവും ഇന്ന് രാവിലെ കുരുക്ഷേത്ര യുദ്ധക്കളത്തിന് തുല്യമായിരുന്നു. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എസ് എന്‍ കോളജിനുള്ളില്‍ സമ്മേളനവും തെരഞ്ഞെടുപ്പും അരങ്ങേറിയപ്പോള്‍ ഗേറ്റിനു പുറത്ത് ഗോപാലനും കൂട്ടാളികളും മുദ്രാവാക്യങ്ങള്‍ വിളിക്കുകയായിരുന്നു. കാര്യം നിസ്സാരമല്ല, ബൂത്ത് ഏജന്‍റ് ആയി ഉള്ളത് വെള്ളാപ്പള്ളിയുടെ ആളുകള്‍ മാത്രം. ഗോകുലം ഗോപാലന് ബൂത്ത് ഏജന്‍റിനെ വയ്ക്കാനുള്ള അനുമതി വരണാധികാരി നല്കിയില്ല.
PRO


പതിനൊന്ന് മണിക്ക് കോളജിനുള്ളില്‍ തെരഞ്ഞെടുപ്പ് ആരംഭിച്ചപ്പോള്‍ കോളജിനു പുറത്ത് ബഹിഷ്കരണവും ആരംഭിച്ചു. ഇതിനിടെ പൊലീസുമായി ഉന്തും തള്ളും പിടിയും വലിയും. വെള്ളാപ്പള്ളിക്കെതിരെ അല്പം ‘കടുപ്പിച്ച്’ തന്നെ മുദ്രവാക്യം വിളിയും തുടങ്ങി. ചുമ്മാതല്ല, ഇത് കണ്ടിരുന്ന് ലൈവ് ആയി വാര്‍ത്ത വായിച്ചയാള്‍ ‘സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇല്ലെങ്കിലും മുദ്രാവാക്യങ്ങള്‍ പ്രകോപനപരങ്ങളാണെന്ന്’ ഓണ്‍ എയറില്‍ പറഞ്ഞുപോയത്.

ഗോപാലന്‍ ബഹിഷ്കരിച്ചാലും ഇല്ലെങ്കിലും വെള്ളാപ്പള്ളിയെ ഇതൊന്നും തെല്ലും ബാധിച്ചില്ല. ഐ ജി ഹേമ ചന്ദ്രന്‍ എത്തി രണ്ടു കൂട്ടരെയും ചേര്‍ത്ത് അനുരഞ്ജന ചര്‍ച്ച നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. പുറത്തുവന്നവര്‍ നടുറോഡിലിരുന്നായി മുദ്രാവാക്യം വിളി. ഒടുവില്‍ റോഡ് ബ്ലോക്ക് ചെയ്തതിന് ഗോപാലനേയും കൂട്ടരെയും പൊലീസിന് അറസ്റ്റു ചെയ്യേണ്ടി വന്നു.

പാവം ശ്രീ നാരായണ ഗുരുദേവന്‍! എല്ലാ മതങ്ങളുടെയും സാരം ഒന്നു തന്നെയാണെന്നും എല്ലാ മതങ്ങളും ഒന്നാണെന്നുമാണ് ഗുരുദേവന്‍ പഠിപ്പിച്ചത്. ‘ഓം സാഹോദര്യം സര്‍വ്വത്ര’ എന്നായിരുന്നു ഗുരുദേവന്‍റെ പാത. ന്‍റമ്മോ രണ്ടു സഹോദരന്മാര്‍ ഇന്ന് കടിച്ചു കീറുകയായിരുന്നു സെക്രട്ടറിയാകാന്‍ വേണ്ടി. ഇപ്പോള്‍ ഒരു സംശയം മാത്രമാണ് ബാക്കി, ഗുരുദേവനെക്കുറിച്ച് ഈ വെള്ളാപ്പള്ളിക്കും ഗോകുലം ഗോപാലനുമൊക്കെ വല്ലതും അറിയാമോ? അല്ല, അറിയാമായിരുന്നെങ്കില്‍ ഇമ്മാതിരി ബഹളങ്ങള്‍ ഒന്നും ഉണ്ടാക്കില്ലായിരുന്നല്ലോ?