രണ്ടുവോട്ട് പോട്ടെ, നമുക്ക് പൊട്ടിത്തെറിക്കാം

Webdunia
ബുധന്‍, 8 സെപ്‌റ്റംബര്‍ 2010 (19:15 IST)
PRO
ഏതാണ്ട് എല്ലാവരും പ്രതീക്ഷിച്ച പോലെ തന്നെയാണ് കാര്യങ്ങളുടെ തുടക്കം. ഇനി ഇത് എങ്ങനെ മുന്നോട്ട് പോകുമെന്ന് കണ്ടാ‍ല്‍ മതി. ആരെങ്കിലും ഇടയുമോ മലക്കം മറിയുമോ എന്നൊക്കെയും കണ്ടറിയണം. മാണിസാര്‍ ഒന്നും പറയുന്നില്ലല്ലോ എന്നായിരുന്നു ലയനാനുകൂലികളുടെ ഇതുവരെയുണ്ടായിരുന്ന പരിഭവം. ഏതായാലും, ഇന്ന് ചേര്‍ന്ന യു ഡി എഫ് യോഗത്തില്‍ മാണിസാര്‍ ആ പരാതി അങ്ങ് തീര്‍ത്തു. പണ്ടത്തെപ്പോലെയല്ല ഇപ്പോള്‍ തങ്ങളുടെ കുടുംബമെന്നും അതുകൊണ്ട് കുറച്ച് അധികം കസേരകള്‍ വേണമെന്നും കുഞ്ഞൂഞ്ഞിന്‍റെയും തങ്കച്ചന്‍റെയും മുഖത്ത് നോക്കി തന്നെയാണ് പറഞ്ഞത്. ഇക്കാര്യത്തില്‍, ഘടകകക്ഷികളെ അതൃപ്തരാക്കരുതെന്നും മാണി കിറു കൃത്യമായി പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനേക്കാള്‍ വലിയ ഒറ്റകക്ഷിയാണ് കേരള കോണ്‍ഗ്രസെന്നും മാണിയും കൂട്ടരും വ്യക്തമാക്കി.

ഏതായാലും, ഇന്ന് യുഡി എഫ് യോഗം നടന്ന അബാദ് പ്ലാസയില്‍ ഉച്ചയായപ്പോള്‍ ചെറിയൊരു ഭൂകമ്പം ഉണ്ടായെന്നാണ് സൂചന. റിക്ടര്‍ സ്കെയിലില്‍ കാര്യമായി ഒന്നും രേഖപ്പെടുത്തിയില്ലെങ്കിലും അതിന്‍റെ പ്രകമ്പനം തിരുവനന്തപുരം വരെ എത്തുകയും ചെയ്തു. ചുമ്മാ അടിയുണ്ടാക്കല്ലേ മക്കളേ ലോട്ടറിയും കള്ളു ദുരന്തവും കുടി കൊണ്ടു വന്ന വോട്ട് കൂടി പോയിക്കിട്ടും എന്ന് ലീഡര്‍ തന്നെ പറയുകയും ചെയ്തു. അടുത്തു വരുന്ന തെരഞ്ഞെടുപ്പ് വെച്ച് നോക്കുമ്പോള്‍ യു ഡി എഫിന് ഇത് നല്ല സമയമാ. ഇടതിനാണെങ്കില്‍, വലത്തോട്ട് തിരിഞ്ഞാല്‍ സ്പിരിറ്റ് ഇടത്തോട്ട് തിരിഞ്ഞാല്‍ ലോട്ടറി മുന്നോട്ട് നോക്കിയാല്‍ സ്മാര്‍ട് സിറ്റി പിന്നോട്ട് നോക്കിയാല്‍ ഭൂസമരം എന്നിങ്ങനെ നില്ക്കക്കള്ളിയില്ലാതെ നില്ക്കുകയാണ്. ഉള്ളതു പറഞ്ഞാല്‍, യു ഡി എഫിന് ഇത്തവണ തിരുവോണ ബംബര്‍ ആണ് അടിച്ചിരിക്കുന്നത്.

എന്നാല്‍ കിട്ടിയ സമയം കൊണ്ട് എങ്ങനെയെങ്കിലും കിട്ടാവുന്ന വോട്ട് പരമാവധി കുറയ്ക്കുകയാണ് യു ഡി എഫിന്‍റെ എന്നത്തെയും ലക്‌ഷ്യം. ഇത്തവണയും ഘടകകക്ഷികള്‍ എല്ലാവരും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നാണ് പ്രാരംഭ സൂചനകള്‍. പി ജെ ജോസഫ് തന്‍റെ പഴയ ലാവണം തേടി എത്തിയത് പിള്ള - ജേക്കബ് - ലീഗ് കൂട്ടര്‍ക്കൊന്നും തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഘടകകക്ഷി വലുതാകുന്നത് ഒക്കെ കൊള്ളാം, സമയമാകുമ്പോള്‍ ചുമ്മാ സീറ്റും ചോദിച്ചും വരരുത് അവരന്നേ പറഞ്ഞു. സീറ്റിന്‍റെ കാര്യം അപ്പോള്‍ ആലോചിക്കാമെന്ന് പറഞ്ഞ് മാണിസാര്‍ അന്ന് വിദഗ്ധമായി തലയൂരി. ഇപ്പോള്‍ അതാ അതിലേറെ വിദഗ്ധമായി പാലാക്കാരുടെ മാണിസാര്‍ കൂടുതല്‍ സീറ്റിന് ആധികാരികതയോടെ ആവശ്യമുന്നയിച്ചിരിക്കുന്നു.
PRO


ആരുടെയും സമ്മതം വാങ്ങാതെ ജോസഫുമായി ലയിച്ചതിന് എന്ത് ഗുണവും ദോഷവും വന്നാലും മാണി തന്നെ അനുഭവിക്കണമെന്നാണ് ജേക്കബിന്‍റെ നിലപാട്. എന്നാല്‍, കൂടുതല്‍ സീറ്റ് വാങ്ങി അങ്ങ് സന്തോഷിച്ചാ ഇഷ്ടപ്പെടില്ല. കൂടുതല്‍ സീറ്റ് ചോദിക്കുന്നത് പണ്ടേ അങ്ങ് ഇഷ്ടപ്പെടുന്നില്ല. ഘടകകക്ഷികള്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറാകണമെന്നു ഇന്ന് കോണ്‍ഗ്രസ് പറഞ്ഞത് പിന്നെ വെറുതെയാണോ, മാണി സാര്‍ ഇത്രയും വലിയ പാര്‍ട്ടി ആകുമ്പോള്‍ കുറച്ചൊകെ വിട്ടുവിഴ്ച ചെയ്യാതെ പറ്റില്ലെന്നാണ് ജേക്കബിന്‍റെ നിലപാട്.

സീറ്റ്‌ വിഭജനത്തില്‍ ലയനം ഒരു വലിയ സംഭവമാക്കേണ്ടെന്ന് കൊട്ടാരക്കരയില്‍ നിന്ന് പിള്ളസാറും പറഞ്ഞിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ലയനം മാനദണ്ഡമാക്കി സീറ്റു വിഭജനം പാടില്ലെന്ന്‌ പിള്ള ശക്തമായി തന്നെയാണ് വാദിച്ചിരിക്കുന്നത്. മാത്രമല്ല, യോജിപ്പോടെ മുന്നോട്ടു പോകുന്നതിന്‌ യു ഡി എഫിലെ എല്ലാ ഘടകക്ഷികള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും. എന്നാല്‍ കോണ്‍ഗ്രസിനാണ്‌ കൂടുതല്‍ ഉത്തരവാദിത്തമെന്നും പറഞ്ഞുവെച്ചിട്ടുണ്ട്. വെറുതെ പറഞ്ഞതല്ല, മാണിക്ക് രണ്ടു സീറ്റ് അധികം കൊടുക്കാമെന്ന് കോണ്‍ഗ്രസ് പറഞ്ഞാല്‍ പിള്ളയുടെ സ്വഭാവം മാറുമെന്ന് ഇതോടെ വ്യക്തം. പ്രകമ്പനം ഇവിടം കൊണ്ടും തീരുന്നില്ല, ഘടകകക്ഷികള്‍ ഭിന്നിച്ച്‌ നില്‍ക്കുന്നത്‌ സംസ്ഥാന കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ സംഭവിച്ച തെറ്റാണെന്ന് ലീഡര്‍ തിരുവനന്തപുരത്തിരുന്ന് പറഞ്ഞിട്ടുണ്ട്.

ഇങ്ങനെ പോകുകയാണെങ്കില്‍ താമസിയാതെ സംസ്ഥാനത്ത് പലയിടങ്ങളിലും ചെറുതും വലുതുമായ പല ഭൂകമ്പങ്ങളും ഉണ്ടായേക്കും. എന്നാല്‍, ഇന്നത്തെപ്പോലെ റിക്ടര്‍ സ്കെയിലില്‍ കാര്യമായ തീവ്രത രേഖപ്പെടുത്താത്തത് ആയിരിക്കില്ല അത്. ചിലപ്പോള്‍ ഇപ്പോള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന പല സീറ്റുകളും പാടേ വീണ് തകരാന്‍ തന്നെ സാധ്യതയുണ്ട്. സോ, മാണിയും കുഞ്ഞൂഞ്ഞും ശത്രുക്കളും ഒക്കെ ജാഗ്രത പാലിക്കുന്നതാണ് നല്ലത്.