പട്ടിയെ കണ്ടുപിടിച്ചാല്‍ 5 ലക്ഷം സമ്മാനം!

Webdunia
വ്യാഴം, 13 ഒക്‌ടോബര്‍ 2011 (13:42 IST)
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഒരു വളര്‍ത്തുപട്ടിയെ കാണാനായ സംഭവം പൊലീസിന് തലവേദനയാവുന്നു. പട്ടിയെ കാണാതായെന്ന് കാണിച്ച് ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് നെട്ടോട്ടമോടുകയാണ്. ഓമനമൃഗത്തെ കണ്ടുപിടിച്ച് നല്‍കുന്നവര്‍ക്ക് ഉടമ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

വൈശാലി സ്വദേശിയായ അശ്വിനി സിംഗിന്റെ 13 മാസം പ്രായമുള്ള ഡോബര്‍മാനെയാണ് കാണാതായത്. മക്കളെപ്പോലെയാണ് തങ്ങളുടെ കുടുംബം ഈ പട്ടിയെ സ്നേഹിക്കുന്നതെന്ന് കാണിച്ച് അശ്വിനി കുമാര്‍ പൊലീസില്‍ പരാതിപ്പെട്ടു. സംഭവത്തില്‍ എഫ് ഐ ആറും തയ്യാറായിക്കഴിഞ്ഞു.

പട്ടിയെ കണ്ടുപിടിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്ത ഒരു പ്രാദേശിക ചാനലിലാണ് പ്രത്യക്ഷപ്പെട്ടത്. ദിവസം രണ്ട് കിലോ ആട്ടിറച്ചി കഴിക്കുന്ന ഈ പട്ടി വിശന്നു കഴിഞ്ഞാല്‍ അക്രമാസക്തനാകുമെന്ന് അശ്വിനികുമാര്‍ പറയുന്നു. ദേഷ്യം വന്നാല്‍ പട്ടി ആക്രമണസ്വഭാവം പുറത്തെടുക്കുമെന്ന് ഉടമ അറിയിച്ചതോടെ പൊലീസും ആശങ്കയിലാണ്.

നോയിഡ മേഖലയില്‍ പട്ടികളെ കാണാതാകുന്നത് ഇത് ആദ്യത്തെ സംഭവമല്ല. നല്ലയിനം പട്ടികള്‍ മോഷ്ടിക്കപ്പെടുന്നത് ഇവിടെ പതിവാണ്.