ഒന്നിനെ മറ്റൊന്നായ് തോന്നുകില്‍...

Webdunia
വ്യാഴം, 20 മെയ് 2010 (12:46 IST)
PRO
മാധ്യമപ്രവര്‍ത്തകര്‍ക്ക് കണ്ണിനും കാതിനും പ്രശ്നങ്ങളുണ്ട്. ഈയിടെ കുറച്ചു കൂടുതലായുണ്ട്. അല്ലെങ്കില്‍ പിന്നെ ഇങ്ങനെയൊക്കെ പറയുമോ, എഴുതുമോ? നായനാരെ കാണുമ്പോള്‍ വി എസായി തോന്നുക, നായനാരെ വിമര്‍ശിച്ചാല്‍ അതു വി എസിനു നേരെയുള്ള ഒളിയമ്പായി വ്യാഖ്യാനിക്കുക. ഉണ്ട്, കുഴപ്പമുണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക്. പിണറായി സഖാവ് പറയുമ്പോള്‍ മറ്റൊന്നും ആലോചിക്കേണ്ടതില്ല.

രൂപത്തിലും ഭാവത്തിലും നായനാര്‍ സഖാവുമായി യാതൊരു സാമ്യവുമില്ല സഖാവ്‌ വി എസിന്. പിന്നെ എന്തിന് അദ്ദേഹത്തെക്കുറിച്ചു പറയുമ്പോള്‍ ഇദ്ദേഹത്തെ ഓര്‍മ്മ വരണം? പിണറായി സഖാവ് ചോദിക്കുന്നതില്‍ കാര്യമില്ലേ?

എന്നാല്‍, പിണറായി സഖാവ് നായനാരെക്കുറിച്ച് എന്തെങ്കിലും പറയുമ്പോള്‍ മാത്രമാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് അത് വി എസിനെക്കുറിച്ചാണെന്ന് തോന്നുന്നത്. ഇത് ഒരു രോഗമാണോ എന്നാണ് സംശയം. നായനാര്‍ സഖാവ് സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെ സംരക്ഷിച്ചിരുന്നു എന്ന് പറയുമ്പോള്‍ വി എസ് ‘സംരക്ഷിക്കുന്നില്ല’ എന്ന് വ്യാഖ്യാനിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ആവേശം കാണിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ അങ്ങനെ വ്യാഖ്യാനിക്കുമ്പോള്‍ കണ്ണുരുട്ടിക്കാണിക്കുന്നുണ്ടെങ്കിലും അങ്ങനെ അവര്‍ വ്യാഖ്യാനിക്കാന്‍ വേണ്ടിത്തന്നെയാണ് പിണറായി സഖാവ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നാണ് ദുര്‍ബല്‍ കുമാറിന് സംശയം.

പിണറായി സഖാവ് പണ്ടേ അങ്ങനെയാണ്. ഒരുകാര്യവും നേരെ പറയില്ല. എല്ലാം ഉപമകളാണ്. ബക്കറ്റും വെള്ളവും ഓര്‍മ്മയുണ്ടല്ലോ. ഈ ഉപമയുടെ ഭാഷ പരിചിതമായതോടെ പിണറായി സഖാവ് പറയുന്നതെന്തും മറ്റെന്തിനെക്കുറിച്ചോ ആണെന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചിന്തയുണ്ടായിത്തുടങ്ങി. അതുകൊണ്ട് പിണറായി നായനാരെക്കുറിച്ച് പറയുമ്പോള്‍ അത് വി എസിനെക്കുറിച്ചാണെന്നും സി ബി ഐയെ വിമര്‍ശിക്കുമ്പോള്‍ അത് ലാവ്‌ലിന്‍ മനസില്‍ കണ്ടുകൊണ്ടാണെന്നുമൊക്കെ മാധ്യമപ്രവര്‍ത്തകര്‍ അങ്ങുകരുതുകയാണ്. എന്തു ചെയ്യാന്‍ അല്ലേ...