ഐസക്കിന്‍റെ കവിതയും മാണിസാറിന്‍റെ എതിര്‍പ്പും

Webdunia
വെള്ളി, 5 മാര്‍ച്ച് 2010 (15:59 IST)
PRO
കവിത എന്നു കേള്‍ക്കുന്നത് മാണിസാറിന് പണ്ടേ അലര്‍ജിയാണ്. അതിപ്പോ ചങ്ങമ്പുഴയുടേതായാലും വൈലോപ്പിള്ളിയുടേതായാലും ഒ‌എന്‍‌വിയുടേതായാലും മാണിസാറിന് ഉറക്കം വരും. ഇക്കുറി മാണിസാറിനെ ചൊടിപ്പിക്കാനായിരിക്കും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കാന്‍ കൂട്ടുപിടിച്ചത് കവിതകളായിരുന്നു. ബജറ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ മാണിസാര്‍ അനിഷ്ടം തുറന്നുപറയുകയും ചെയ്തു.

ഐസക്കിന്‍റെ കവിത ചൊല്ലല്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നായിരുന്നു മാണിസാറിന്‍റെ അഭിപ്രായം. ബജറ്റിലൂടെ തട്ടിപ്പ് കാണിച്ചിട്ട് കവിത ചൊല്ലിയിട്ട് കാര്യമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തുറന്നടിച്ചു. “വൈലോപ്പള്ളിയുടെയും ശ്രീധരമേനോന്‍റെയും കവിതകള്‍ ചൊല്ലിയിട്ടു കാര്യമില്ല” എന്നാണ് മാണിസാര്‍ പറയുന്നത്. എന്താ മാണിസാറിന്‍റെ സാഹിത്യബോധം അല്ലേ? സുഭാഷ് ചന്ദ്ര ബോസ് മൂന്നുപേരാണെന്ന് പറയുന്നതു പോലെ!

ഒരുപക്ഷെ ഇടതുമന്ത്രിസഭയിലെ ആസ്ഥാന കവികളായ ജി സുധാകരനെയും ബിനോയ് വിശ്വത്തെയും പോലെ ഐസക്കും ഇനി കവിതയെഴുതിയാല്‍ അതും സഹിക്കേണ്ടിവരുമല്ലോ എന്നോര്‍ത്താകും മാണിസാറിന്‍റെ പേടി. നിയമസഭയിലെ ഓരോ നടപടിയും ചട്ടവും സെക്ഷനും സബ്സെക്ഷനുമുള്‍പ്പെടെ കാണാതെ പഠിച്ചുവച്ചിരിക്കുന്ന മാണി സഭയില്‍ ഇത്തരം സാഹിത്യക്കസര്‍ത്തുകള്‍ ഒഴിവാക്കാന്‍ വല്ല വകുപ്പുമുണ്ടോ എന്ന് അന്വേഷണം തുടങ്ങിയതായാണ് വിവരം.

ഓരോ ബജറ്റിലും ജനങ്ങള്‍ക്ക് വേണ്ട പ്രഖ്യാപനമൊന്നുമില്ലെങ്കിലും മന്ത്രി ഐസക്ക് സാഹിത്യ ഉദ്ധരണികള്‍ ഉള്‍പ്പെടുത്താന്‍ ഒട്ടും പിശുക്ക് കാണിക്കാറില്ല. കഴിഞ്ഞ ബജറ്റില്‍ ബഷീറിന്‍റെ പാത്തുമ്മയുടെ ആടാ‍യിരുന്നു ഐസക്കിന്‍റെ കൂടെ സഭയിലെത്തിയത്. ഇക്കുറി ഐസക്ക് ബജറ്റ് ആരംഭിച്ചതും അവസാനിപ്പിച്ചതും വൈലോപ്പിള്ളിയുടെ വരികള്‍ ഉദ്ധരിച്ചാ‍ണ്.

ക്രിസ്ത്യാനികളെ പിണക്കേണ്ട എന്ന് കരുതിയിട്ടാകണം പരിസ്‌ഥിതി സംരക്ഷണം സംബന്ധിച്ച്‌ മാരാമണ്‍ കണ്‍വന്‍ഷനില്‍ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പോലീത്ത നടത്തിയ പ്രസ്‌താവനയും ധനമന്ത്രി പ്രസംഗത്തില്‍ ഉദ്ധരിച്ചു. തന്‍റെ കുത്തകയായ സഭാ‍കാര്യത്തില്‍ ഐസക്ക് കൈകടത്തിയതും മാണിസാറിന് രസിച്ചില്ല. വാര്‍ത്താസമ്മേളനത്തില്‍ മാണി ഇതും തുറന്നുപറഞ്ഞു.

ബിയറിനും വൈനിനും നികുതിയിളവ് നല്‍കിയതിനോടും മാണിക്ക് യോജിപ്പില്ല. ഇതിനെതിരെ കൂടുതല്‍ പറഞ്ഞാല്‍ പാലായിലെ അച്ചായന്‍മാര്‍ പുറത്താക്കുമെന്ന് കരുതിയിട്ടാകും മാണിസാര്‍ മദ്യക്കാര്യത്തിലേക്ക് വലുതായി ഊളിയിട്ടില്ല.