തിരുവാഭരണ ഘോഷയാത്ര10,11 12 ദിവസം

Webdunia
മകരമാസം 8 (പത്താം ദിവസം)

അതിരാവിലെ തന്നെ വന്ന വഴിയില്‍ക്കൂടി മടങ്ങി പെരുനാട് ശ്രാംബിക്കല്‍ കുടുംബത്തിലെ ഗൃഹനാഥന്‍റെ വഴിപാടും ആതിഥേയത്വവും സ്വീകരിച്ച് തന്പുരാനും പരിവാരങ്ങളും വിശ്രമിക്കുന്നു.

പെരുനാട് ക്ഷേത്രത്തിലേക്ക് തിരുവാഭരണത്തെയും തന്പുരാനെയും ഘോഷയാത്രയായി ആനയിച്ച് തിരുവാഭരണപേടകം തുറന്ന് തന്പുരാന്‍റെ നിര്‍ദ്ദേശപ്രകാരം തിരുവാഭരണം മേല്‍ശാന്തി ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തുന്നു.

അന്ന് അര്‍ദ്ധരാത്രി വരെ ദര്‍ശനത്തിനും വഴിപാടുകള്‍ നടത്തുന്നതിനും ഭക്തജനങ്ങള്‍ക്ക് സൗകര്യം ഉണ്ട്. ഈ സമയം തന്പുരാന്‍ ഭക്തജനങ്ങളെ ഭസ്മം നല്‍കി അനുഗ്രഹിക്കുന്നു.

മകരമാസം 9 (പതിനൊന്നാം ദിവസം)

പെരുനാട് ക്ഷേത്രത്തില്‍ നിന്ന് രാവിലെ തിരിച്ച് ആറന്മുളയില്‍ കിഴക്കെ നടയിലുള്ള വടക്കെ കൊട്ടാരത്തില്‍ എത്തിച്ചേരുന്നു.

അവിടെ അറവാതില്‍ക്കല്‍ തിരുവാഭരണപേടകം ഇറക്കി വൈകിട്ട് അഞ്ചുമണിയോടുകൂടി തുറന്ന് ഭക്തജനങ്ങള്‍ക്ക് വന്ദിക്കാനുള്ള സൗകര്യം നല്‍കുന്നു. അന്ന് രാത്രി തന്പുരാനും സംഘവും അവിടെ വിശ്രമിക്കുന്നു.

മകരമാസം 10(പന്ത്രണ്ടാം ദിവസം)

ആറന്മുളയില്‍ നിന്ന് അതിരാവിലെ തിരിച്ച് എട്ടുമണിയോടുകൂടി പന്തളം അയ്യപ്പക്ഷേത്രത്തിനു സമീപം ആല്‍ത്തറയില്‍ എത്തുന്ന തന്പുരാനെയും സംഘത്തെയും അയ്യപ്പസേവാസംഘം പന്തളം ശാഖ സ്വീകരിച്ച് ആദരിക്കുന്നു.

അല്പനേരത്തെ വിശ്രമത്തിനു ശേഷം ദേവസ്വം ബോര്‍ഡ് അധികാരികളും കൊട്ടാരം കുടുംബാംഗങ്ങളും കൂടി തിരുവാഭരണത്തെയും തന്പുരാനെയും ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു. തന്പുരാന്‍ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് ഉടവാള്‍ തിരുവാഭരണം സൂക്ഷിക്കുന്ന അറയില്‍ എത്തിക്കുന്നു.

എന്നിട്ട് തന്പുരാന്‍ കൊട്ടാരത്തിലേക്ക് മടങ്ങുന്നതോടുകൂടി മകരവിളക്കു മഹോത്സവം അവസാനിക്കുന്നു.