‘വി എസിന്‍റെ പൂച്ച’ മൂന്നാമതും വിവാഹിതനാകുന്നു!

Webdunia
ചൊവ്വ, 21 ഫെബ്രുവരി 2012 (15:23 IST)
PRO
മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കാന്‍ വി എസ്‌ സര്‍ക്കാര്‍ നിയോഗിച്ച ആദ്യ ദൗത്യസംഘത്തിന്‍റെ തലവനായിരുന്ന കെ സുരേഷ്‌കുമാര്‍ ഐ എ എസ് മൂന്നാമതും വിവാഹിതനാകുന്നു. പ്രശസ്തയായ ഒരു മാധ്യമപ്രവര്‍ത്തകയെയാണ് സുരേഷ്കുമാര്‍ വിവാഹം കഴിക്കാനൊരുങ്ങുന്നത്. മുമ്പ്‌ കൈരളി ടി വിയില്‍ റിപ്പോര്‍ട്ടറായിരുന്ന ഇവര്‍ പിന്നീട്‌ പ്രമുഖ മലയാളം ആഴ്ചപ്പതിപ്പില്‍ സീനിയര്‍ എഡിറ്ററായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ രാജിസമര്‍പ്പിച്ചു. സുരേഷ്കുമാറിനൊപ്പം ആഴ്ചപ്പതിപ്പിന്‍റെ ഓഫീസിലെത്തിയാണ് രാജി സമര്‍പ്പിച്ചത്.

സുരേഷ്കുമാര്‍ വിവാദങ്ങളില്‍ പെട്ട് ഉലഞ്ഞപ്പോള്‍ അദ്ദേഹത്തിന് ശക്തമായ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു ഈ മാധ്യമപ്രവര്‍ത്തക. ഈ സൌഹൃദം ഒടുവില്‍ പ്രണയത്തിലെത്തുകയായിരുന്നു. വിവാഹത്തീയതി പരസ്യമാക്കിയിട്ടില്ല.

സുരേഷ്കുമാറിന് ഇത് മൂന്നാമത്തെ വിവാഹമാണ്. മുന്‍ ഐ ജി ലക്ഷ്മണയുടെ മകളായിരുന്നു സുരേഷ്കുമാറിന്‍റെ ആദ്യഭാര്യ. അതിനുശേഷം ഒരു പഞ്ചാബി സ്വദേശിനിയെ വിവാഹം ചെയ്തു. ആ ദാമ്പത്യവും പരാജയമടയുകയായിരുന്നു.

വി എസ് അച്യുതാനന്ദന്‍ മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ‘ഏറ്റവും സമര്‍ത്ഥനായ പൂച്ച’ എന്ന നിലയിലാണ് സുരേഷ്കുമാര്‍ കേരളത്തില്‍ ചര്‍ച്ചാവിഷയമാകുന്നത്. പിന്നീട് സി പി എമ്മിലെ ഒരു വിഭാഗത്തിന്‍റെയും വി എസിന്‍റെ തന്നെയും അപ്രീതിക്ക് പാത്രമാകുകയും ചെയ്തു ഈ ഐ എ എസ് ഉദ്യോഗസ്ഥന്‍.