പ്രണയിക്കാന്‍ പഠിപ്പിച്ചവരെ കുറിച്ച്

Webdunia
തിങ്കള്‍, 14 ഫെബ്രുവരി 2011 (12:16 IST)
PRO
പ്രണയം പ്രകൃതിയിലെ താളമാണ്‌. ചിലപ്പോള്‍ പുഴ പോലെ, ചിലപ്പോള്‍ മഴ പോലെ കാറ്റിന്റെ മൃദു മന്ത്രണമായ് മരചില്ലകളിലെ ദലമര്‍മ്മരമായി പ്രണയം പ്രകൃതിയില്‍ ഒളിച്ചിരിക്കുന്നു.

ആദിമ കാലം മുതല്‍ക്കേ 'പ്രണയം ' എന്ന സങ്കല്പം നിലനില്‍ക്കുന്നുണ്ട്. ഹവ്വയുടെ നിര്‍ബന്ധത്തില്‍ വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ ആദത്തിനെ പ്രലോഭിപ്പിച്ച വികാരവും പ്രണയമല്ലേ? നഷ്ടപ്പെടലാണ് പ്രണയത്തിന്റെ സൌന്ദര്യം എന്ന് കരുതിയിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ദുരന്തപ്രണയകാവ്യങ്ങളും കഥകള്‍ക്കും നമ്മുടെ മനസിനെ ഏറെ സ്വാധീനിക്കാന്‍ കഴിഞ്ഞു.

ഒരു പ്രണയക്കുരുക്കില്‍ ജീവനൊടുക്കിയ ഇടപ്പള്ളിയുടെ ഹൃദയത്തിന്റെ മണിമുഴക്കം ഇന്നും നമ്മുടെയൊക്കെ മനസിലുണ്ട്. ആ സ്മൃതിയില്‍ രമണന്‍ പാടിനടന്ന ഒരു തലമുറയുടെ കൈവഴികളാണ് നമ്മളെല്ലാപേരും. പ്രണയം എന്നാല്‍ ചങ്ങമ്പുഴ കവിതകള്‍ എന്ന പര്യായമായ് ജീവിച്ചവരാണ് അവരെല്ലാം. പ്രണയത്തിനു കൈതപൂവിന്റെ മണവും പാദസരത്തിന്റെ കിലുക്കവുമുണ്ടെന്നു വിശ്വസിച്ചവര്‍.

മംസനിബന്ധമല്ല രാഗം' എന്ന് പറഞ്ഞു കുമാരനാശാന്‍ ഒരു കാലഘട്ടത്തിന്റെ സാത്വികവിചാരമായ്. "കാടുചോല്ലുന്നതാമെന്നെ കബളിപ്പിക്കുവാന്‍ കൈയിലോടുമെന്തി നടക്കുന്നിതുല്‍പ്പലബാണന്‍" എന്ന് ആശങ്കപ്പെട്ട വാസവദത്തക്ക് ഉപഗുപ്തന്‍ പകര്‍ന്നു നല്‍കിയത് സ്നേഹത്തിന്റെ മഹദ് സന്ദേശമാണ്. ആത്മാര്‍തമായ അനുരാഗത്തിന് വിഘ്നം കൂടാതെ ദൈവം ഒഴുക്ക് അനുവദിക്കിലെന്നു ബന്ധനസ്ഥനായ അനിരുദ്ധനിലൂടെ വള്ളത്തോള്‍ ഓര്‍മിപ്പിച്ചു.

ആദ്യമായ് രാമന്റെ മന്മഥാസ്ത്രം മാല ചാര്‍ത്തിയ നിശാചരി പെണ്കിടവിന്റെ ജീവത്യാഗത്തിന്റെ കഥ പറഞ്ഞ വയലാര്‍ പ്രണയത്തിന്റെ വ്യത്യസ്ത മുഖമാണ് നമുക്ക് പ്രദാനം ചെയ്തത്. 'കൃഷ്ണ നീയെന്നെയറിയില്ല' എന്ന് പാടി നഷ്ടപ്രണയത്തിന്റെ തീവ്രത അറിയിച്ച സുഗതകുമാരിക്ക് 'അറിയുന്നു ഗോപികേ നിന്നെ ഞാന്‍' എന്നാണ് അയ്യപ്പപണിക്കര്‍ മറുപടി നല്‍കിയത്. നഷ്ടബോധത്തിനുമപ്പുറം പ്രണയത്തിനു ഹൃദ്യമായ ഒരു അനുഭൂതിയുണ്ടെന്നു ഈ വരികള്‍ വെളിപ്പെടുത്തുന്നു.

കഥാലോകത്ത് പ്രണയത്തിന്റെ കാലൊച്ച ഇന്ദുലേഖയുടെ കാലം മുതല്‍ക്കേ കേള്‍ക്കാന്‍ തുടങ്ങിയതാണ്. പ്രണയത്തിന്റെ ആധി വ്യാധിയിലേക്ക് നയിക്കുമെന്ന് പാറുക്കുട്ടിയുടെയും അനന്തപദ്മനാഭന്റെയും കഥ പറഞ്ഞു മാര്‍ത്താണ്ഡവര്മ്മയിലൂടെ സി വി രാമന്‍പിള്ള ഓര്‍മിപ്പിച്ചു.

ഭര്‍ത്താവിന്റെ ഘാതകനെ വരിച്ച 'ഉമ്മാച്ചു' വിനോട് വായനക്കാരന് അസ്കിത തോന്നാത്തതും പ്രണയത്തിന്റെ തീവ്രത അറിയാവുന്നത് കൊണ്ടാണ്. തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്റെ വിങ്ങലാണെന്ന് ഓര്‍മിപ്പിക്കുന്ന എം ടി കഥകളില്‍ പ്രണയത്തിന്റെ നിറഭേദങ്ങള്‍ കാണാം. കാത്തിരിപ്പിലൂടെ ദേവാത്മാക്കളായ രാധയുടെയും മാളികപ്പുറത്തമ്മയുടെയും കന്യാകുമാരി ദേവിയുടെയും കഥകള്‍ കേട്ട് ശീലിച്ച നമുക്ക് അതുകൊണ്ടാണ് 'മഞ്ഞി' ലെ വിമലയെ പെട്ടെന്ന് മനസിലായത്.

ചന്ദ്രികയുടെ കൊലുസിന്റെ കിലുക്കം ദാസന്റെ ഹൃദയമിടിപ്പാണെന്നു വായനക്കാര്‍ തിരിച്ചറിഞ്ഞു. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഇപ്പോഴും ആ കിലുക്കം കേള്‍ക്കുന്നുണ്ടാവും.

രോഗിയും വയസ്സനുമായ ദേസ്തിയെവ്സ്കിയോട് അന്നക്കുണ്ടായിരുന്ന നിറം കലര്‍ന്ന ഇഷ്ടത്തിന് പ്രണയമെന്നാണ് പേരെന്ന് നാം തിരിച്ചറിഞ്ഞത് അവസാനമല്ലേ? കാലം കടന്നു പോയപ്പോള്‍ പ്രണയം എന്ന വാക്കും ക്ലീഷേയായി. തുമ്പപ്പൂവിന്റെ നൈര്‍മല്യമുള്ള പ്രണയകഥകള്‍ നമുക്ക് അരോചകമായി.

ഓര്‍ക്കുട്ടിന്റെയും മൊബൈല്‍ ഫോണിന്റെയും ചാറ്റിന്റെയും പരാമര്‍ശമില്ലാത്ത കഥകളില്‍ പ്രണയമില്ലെന്ന് നമ്മള്‍ പറഞ്ഞു. ലെസ്ബിയന്‍ കഥകളില്‍ പോലും പ്രണയം കണ്ടെത്തി. അശ്ലീല പദപ്രയോഗങ്ങള്‍ കുത്തിത്തിരുകിയ രചനകള്‍ ഉത്തമ പ്രണയ സൃഷ്ടികള്‍ എന്ന് നാം ഉറക്കെ അഭിനന്ദിച്ചു. എങ്കിലും മരച്ചുവട്ടിലിരുന്നു ഒരു പ്രണയലേഖനം രഹസ്യമായ് വായിക്കാന്‍, ഒരു പ്രണയഗാനം മൂളിനടക്കാന്‍ നാമൊക്കെ നിശബ്ദമായ് ആഗ്രഹിക്കാറില്ലേ?