പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്

Webdunia
KBJWD
അനന്തപുരി എന്ന തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ് ഉത്സവം നടക്കുന്നത്. തുലാമാസത്തിലും മീനമാസത്തിലും. തുലാമാസത്തിലെ ഉത്സവത്തിനെ അല്‍പ്പശി ഉത്സവമെന്നും മീനമാസത്തെ ഉത്സവത്തിനെ പൈങ്കുനി ഉത്സവമെന്നും പറയുന്നു.

പത്ത് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ രണ്ട് ഉത്സവങ്ങളും ആറാട്ടോടെയാണ് സമാപിക്കുക. തുലാമാസത്തെ അത്തം നാളില്‍ കൊടികയറി തിരുവോണനാളില്‍ ആറാട്ടോടെ അല്‍പ്പശി ഉത്സവം സമാപിക്കും. അതേ സമയം മീനമാസത്തെ രോഹിണി നാളില്‍ കൊടികയറി തുടര്‍ന്നുള്ള അത്തം നാളില്‍ ആറാട്ടോടെ പൈങ്കുനി ഉത്സവത്തിനും സമാപനമാവും.

രാജഭരണ കാലത്ത് പൈങ്കുനി ഉത്സവം രാജാവിന്‍റെ വകയായിരുന്നു നടത്തിയിരുന്നത്. അല്‍പ്പശി ഉത്സവത്തിനുള്ള ചെലവ് വഹിക്കുന്നത് പത്മനാഭസ്വാമി ക്ഷേത്രം ദേവസ്വമാണ്.

പൈങ്കുനി ഉത്സവത്തിനുള്ള പ്രത്യേകതകളില്‍ ഒന്ന് ഉത്സവം കൊടികയറുന്നതോടെ പഞ്ചപാണ്ടവന്‍‌മാരുടെ വലിയ പ്രതിമകള്‍ ക്ഷേത്രത്തിന്‍റെ കിഴക്കേ നടയ്ക്ക് മുന്നിലായി സ്ഥാപിക്കുന്നു. ആറാട്ട് ദിവസം വരെ ഇത് തുടരുന്നതാണ്.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം


സാധാരണഗതിയില്‍ അല്‍പ്പശി ഉത്സവ ആറാട്ടിന് പത്മനാഭസ്വാമിക്കൊപ്പം തിരുവല്ലത്തെ പരശുരാമസ്വാമിയും ഉണ്ടാവും. എന്നാല്‍ പൈങ്കുനി ഉത്സവ ആറാട്ടിന് പത്മനാഭസ്വാമിക്ക് കൂട്ടായി ശ്രീവരാഹം ക്ഷേത്രത്തിലെ വരാഹമൂര്‍ത്തിയാണ് എത്തുന്നത്.

ശ്രീപത്മനാഭസ്വാമി, ശ്രീകൃഷ്ണന്‍, ശ്രീനരസിംഹസ്വാമി എന്നിവരുടെ വിഗ്രഹങ്ങളാണ് ആറാട്ടിന് എഴുന്നള്ളിക്കുന്നത്. ആറാട്ട് ഘോഷയാത്രയില്‍ ഭഗവാന് അകമ്പടിയായി മഹാരാജാവ്, വിവിധ അധികാരികള്‍, ക്ഷേത്രത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍, കുതിരപ്പട്ടാളം, വാദ്യഘോഷങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും.

ആറാട്ട് ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് ഭഗവാനും പരിവാരങ്ങളും ആറാട്ടിനായി ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് എഴുന്നള്ളുന്നത്.

പടിഞ്ഞാറേ നട, പടിഞ്ഞാറേ കോട്ട വഴി പുറത്തേക്ക് പോകുന്ന ആറാട്ട് എഴുന്നള്ളത്ത് ഈഞ്ചക്കല്‍, വള്ളക്കടവ് വഴി ശംഖുമുഖം കടപ്പുറത്തെത്തും. ഏഴുമണിയോടെ ശംഖുമുഖം കടലില്‍ ഭഗവാന്‍റെ തിരു ആറാട്ട് നടക്കും. ആചാരപ്രകാരമുള്ള ഭഗവാന്‍റെ ആറാട്ടിന് ശേഷം ഒമ്പത് മണിയോടെ എഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരികെയെത്തും.