ഐഎസിന്റെ പടയോട്ടവും യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹവും

Webdunia
ശനി, 2 ജനുവരി 2016 (18:00 IST)
ലോകസമാധാനത്തിന് വന്‍ ഭീക്ഷണിയായി ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) വളര്‍ന്നു ശക്തിയായെന്ന് ലോകത്തിന് മുന്നില്‍ വ്യക്തമാക്കിയ വര്‍ഷമായിരുന്നു 2015. ഇറഖ്, സിറിയ, യെമന്‍, ലിബിയ എന്നിവടങ്ങളില്‍ ഐഎസ് ശക്‍തിയാര്‍ജിച്ചതോടെ ജനജീവിതം താറുമാറാകുകയും ജനങ്ങള്‍ യൂറോപ്പിലേക്ക് കൂട്ടത്തോടെ പലായാനം ചെയ്‌തതും കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നായിരുന്നു.

ആഭ്യന്തരയുദ്ധം രൂക്ഷമായ രാജ്യങ്ങളില്‍ നിന്ന് കടല്‍‌മാര്‍ഗവും കരമാര്‍ഗവും ലക്ഷക്കണക്കിനാളുകളാണ് യൂറോപ്പിലെത്തിയത്. ജര്‍മ്മനിയായിരുന്നു അഭയാര്‍ഥികളുടെ പ്രധാന ലക്ഷ്യകേന്ദ്രം. ജര്‍മ്മനിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന അഭയാര്‍ഥികളുടെ എണ്ണം തിട്ടപ്പെടുത്താന്‍ ഇതുവരെ സര്‍ക്കാരിനായിട്ടില്ല. സെപ്‌റ്റംബറില്‍ എട്ടുലക്ഷത്തോളം പേര്‍ രാജ്യത്ത് കടന്നതായി ജര്‍മ്മന്‍ ചാന്‍‌സലര്‍ ആംഗലെ മെര്‍ക്കല്‍ വ്യക്തമാക്കിയിരുന്നു. ഓസ്‌ട്രേലിയ, ഇറ്റലി, സ്വീഡന്‍, ആസ്‌ട്രിയ, ബെല്‍‌ജിയം എന്നിവടങ്ങളിലേക്ക് അഭയാര്‍ഥികള്‍ പ്രവേശിച്ചു കഴിഞ്ഞു.

കടല്‍‌മാര്‍ഗമുള്ള അഭയര്‍ഥി പ്രവാഹത്തില്‍ ബോട്ട് മുങ്ങി ആയിരക്കണക്കിനാളുകളാണ് മരിച്ചത്. സ്‌ത്രീകളും കുട്ടികളുമടക്കമുള്ള ആയിരക്കണക്കിനാളുകളെ കാണാതാകുകയും ചെയ്‌തു. സൈന്യം നിരവധിപേരെ രക്ഷിച്ചുവെങ്കിലും അപകടങ്ങള്‍ തുടരുകയായിരുന്നു.