തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമവും എര്‍ദോഗന്റെ ‘കാഞ്ഞ’ ബുദ്ധിയും!

വ്യാഴം, 15 ഡിസം‌ബര്‍ 2016 (19:03 IST)
തുര്‍ക്കിയിലെ അങ്കാറയില്‍ ഭരണം ഒരു വിഭാഗം സൈനികര്‍ നടത്തിയ അട്ടിമറി ശ്രമം 2016ലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നു. തുര്‍ക്കിയെ ഞെട്ടിച്ച നീക്കത്തില്‍ സിവിലിയന്മാരുമടക്കം 265ഓളം പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു.  

ജൂലൈ 15ന് നടന്ന പട്ടാള അട്ടിമറി ശ്രമം തുര്‍ക്കിയിലെ ജന ജീവിതത്തെ കാര്യമായി ബാധിച്ചു. ഒരു വിഭാഗം സൈനികര്‍ വെള്ളിയാഴ്ച രാത്രിയാണ് ദേശീയ ഇന്റലിജന്‍സ് ആസ്ഥാനം പിടിച്ചെടുക്കുകയും രാജ്യത്ത് പട്ടാളഭരണം ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിക്കുകയും ചെയ്തത്. വ്യോമസേന ആസ്ഥാനത്തെ ജെറ്റ് വിമാനങ്ങൾ പിടിച്ചെടുത്താണ് പട്ടാള അട്ടിമറിക്ക് തുടക്കമിട്ടത്.

പട്ടാള അട്ടിമറിശ്രമത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രമുഖന്‍ മുന്‍ വ്യോമസേന കമാന്‍ഡര്‍ കൂടിയായ അകിന്‍ ഉസ്തുര്‍ക്ക് ആയിരുന്നു. ഇദ്ദേഹമടക്കമുള്ള ആറ് മുന്‍ സൈനിക കമാന്‍ഡര്‍മാരാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഇസ്രായേല്‍ നഗരമായ തെല്‍ അവീവിലെ തുര്‍ക്കി എംബസിയില്‍ 1998 മുതല്‍ 2000 വരെ പ്രവര്‍ത്തിച്ചിട്ടുള്ള ഉസ്തുര്‍ക് രാജ്യത്തിന്റെ സൈന്യത്തിന്റെ വിവിധ ഘടകങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

പട്ടാള അട്ടിമറിക്ക് ശ്രമം നടത്തുമ്പോള്‍ ഉസ്തുര്‍ക് തുര്‍ക്കിയുടെ സുപ്രീം മിലിറ്ററി കൗണ്‍സിലിലെ ഉദ്യോഗസ്ഥനായിരുന്നു. പട്ടാള അട്ടിമറി ശ്രമത്തിനു പിന്നില്‍ യുഎസ് ആസ്ഥാനമാക്കിയ പുരോഹിതന്‍ ഫെത്തുള്ള ഗുലൈനിയാണെന്നും അന്ന് ആരോപണമുണ്ടായിരുന്നു.

അട്ടിമറി ശ്രമങ്ങളെ പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ ബുദ്ധിപരമായി നേരിടുകയായിരുന്നു. ജനങ്ങളോട് അട്ടിമറിക്കെതിരെ തെരുവിലിറങ്ങാന്‍ ഉര്‍ദുഗാന്‍ ആഹ്വാനം ചെയ്തു. ഇതോടെ ഇസ്തംബൂള്‍ വിമാനത്താവളത്തിലേക്കുള്ള വഴിയിലും തെരുവിലും വാഹനങ്ങളില്‍ ജനം ഒഴുകിയത്തെി. സര്‍ക്കാര്‍ അനുകൂല സൈന്യം ഇന്‍റലിജന്‍സ് ആസ്ഥാനം വളയുകയും അട്ടിമറിക്ക് ശ്രമിച്ച സൈനികരെ കീഴടക്കുകയുമായിരുന്നു. വിവിധ ഭാഗങ്ങളില്‍ വിമതസൈനികരെ എതിരിടാന്‍ ജനങ്ങളും സൈന്യത്തോടൊപ്പം ചേര്‍ന്നു.

ഏകദേശം ആറു മണിക്കൂറിനു ശേഷം സാഹചര്യം നിയന്ത്രണ വിധേയമാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായി. ശനിയാഴ്ച പുലര്‍ച്ചെ ഇസ്തംബൂളിലെ അത്താതുര്‍ക് വിമാനത്താവളത്തിലത്തെിയ ഉര്‍ദുഗാനെ സ്വീകരിക്കാന്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്.

വെബ്ദുനിയ വായിക്കുക