വിജയന്‍ മാഷിന്‍റെ മരണത്തിനുശേഷം...

Webdunia
ബുധന്‍, 26 ഡിസം‌ബര്‍ 2007 (15:25 IST)
അവസാന നിമിഷവും പോരാടി കൊണ്ടാണ് നിരൂപകനും അധിനിവേശ വിരുദ്ധപ്രവര്‍ത്തകനുമായിരുന്ന വിജയന്‍ മാഷ് കണ്ണുകളടച്ചത്. ഒരു പോരാളി അര്‍ഹിക്കുന്ന രീതിയിലാണ് അദ്ദേഹം മരിച്ചത്. അവസാന ശ്വാസം നിലക്കുന്നതിന് മുമ്പ് അദ്ദേഹം മലയാളിയുടെ മനസ്സില്‍ എന്നും ഓര്‍മ്മിക്കാവുന്ന ബെര്‍ണാഡ് ഷായുടെ വാചകം കൊത്തിവെച്ചു.

അഴീക്കോട്. കേരളത്തിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിദ്ധ്യം. സുധീഷും സംഘവും മൂലമാണ് വിജയന്‍ മാഷ് മരിച്ചതെന്ന് അഴീക്കോട് ആരോപിച്ചു. സത്യത്തില്‍ ഇങ്ങനെയൊരു ആരോപണം കൊണ്ട് ആര്‍ക്കാണ് നേട്ടമുണ്ടായത്. വിവാദത്തിനായി വിവാദം ഉണ്ടാക്കുവായിരുന്നു അധിനിവേശ വിരുദ്ധപ്രവര്‍ത്തകര്‍ക്ക് നേരെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതെന്ന് കരുതുന്നവരുമുണ്ട്.

സ്വന്തം വ്യക്തിഗത നേട്ടങ്ങളേക്കാള്‍ അദ്ദേഹം സമൂഹത്തിനാണ് പ്രാധാന്യം നല്‍കിയിരുന്നതെന്നുവെന്നത് പകല്‍ പോലെ വ്യക്തമാണ്. അതു കൊണ്ട് മാത്രമാണ് അദ്ദേഹം ദേശാഭിമാനിയില്‍ നിന്ന് ഇറങ്ങിപ്പോന്നത്. ചിതയിലെ ചൂട് ആറും മുമ്പ് ആരംഭിച്ച ഈ തര്‍ക്കം വിജയന്‍ മാഷിനെ സ്‌നേഹിച്ചിരുന്ന എല്ലാവരെയും വേദനിപ്പിച്ചു. ഒടുവില്‍ വിജയന്‍ മാഷിന്‍റെ കുടുംബം രംഗത്ത് വന്നതോടെയാണ് ഈ വിവാദം അവസാനിച്ചത്.

വിജയന്‍ മാഷിന് മൌലികതയില്ലെന്ന ആരോപണവും അഴീക്കോട് 2007 ല്‍ ഉന്നയിച്ചു. ഭാരതീയ ആത്മീയതയില്‍ നിന്നും ഗാന്ധിസത്തില്‍ നിന്നും ഊര്‍ജ്ജം ആവാഹിച്ചിട്ടാണ് അഴീക്കോട് സാംസ്‌കാരിക രംഗത്ത് ഇടപെട്ടു കൊണ്ടിരിക്കുന്നത്. ഹിന്ദു സംസ്‌കാരത്തില്‍ നിന്നും അര്‍ദ്ധനഗ്‌നായ ഫക്കീറിന്‍റെ ആശയങ്ങളില്‍ നിന്നും അഴീക്കോടിന് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്ന അദ്ദേഹത്തിന് ‘മൌലികത‘യുള്ളത് ഭാഗ്യം.

ഫോയ്‌ഡിയന്‍ ആശയങ്ങള്‍ ഉപയോഗിച്ച് വൈല്ലോപ്പിള്ളിക്കവിതയിലേക്ക് ഇറങ്ങി ചെന്ന് അതുല്യമായ കണ്ടെത്തലുകള്‍ നടത്തിയ വ്യക്തിയാണ് വിജയന്‍ മാഷ്. അദ്ദേഹത്തിന് മൌലികതയില്ലെന്ന് പറയുകയാണെങ്കില്‍ രണ്ടാംമൂഴം എഴുതിയ എം.ടിക്കും, ജൂലിയസ് സീസര്‍, ആന്‍റണി ആന്‍ഡ് ക്ലിയോപാട്ര എഴുതിയ ഷേക്‍സ്‌പിയറിനും മൌലികതയില്ലെന്ന് പറയേണ്ടി വരും.