പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം

Webdunia
WDSOPANAM
അയ്യപ്പസ്വാമിയുടെ മനുഷ്യാവതാരത്തോളം പഴക്കം ചെന്നതാണ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രോല്‍പ്പതിയെ കുറിച്ചുള്ള കേട്ടറിവുകളും. പന്തളം രാജാവ് ശബരിമല ക്ഷേത്രത്തിന്‍റെ മാതൃകയില്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. അച്ചന്‍ കോവിലാറിന്‍റെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ തീര്‍ത്ഥാടന കേന്ദ്രം പന്തളം കൊട്ടാരത്തിന്‍റെ തൊട്ടടുത്ത് തന്നെയാണ്.

‘മണികണ്ഠന്‍’ എന്ന ശ്രീ അയ്യപ്പന്‍ സ്വന്തം ശൈശവവും യൌവ്വനവും ചെലവഴിച്ച സ്ഥലം എന്ന നിലയില്‍ ഭക്തജനലക്ഷങ്ങള്‍ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്നു. ശബരിമല ദര്‍ശനത്തിന് മുമ്പ് വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് പതിവാണ്. ഈ പതിവ് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ പോലും ശീലമാക്കിയിരിക്കുന്നു.

മകരവിളക്ക് ദിവസം ശബരിമല ശ്രീ അയ്യപ്പന്‍റെ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണം സൂക്ഷിച്ചിരിക്കുന്നത് പന്തളം കൊട്ടാരത്തിലാണ്. മകരവിളക്കിന് രണ്ട് മാസം മുമ്പ് മാത്രമായിരിക്കും തിരുവാഭരണം സൂക്ഷിച്ചിരിക്കുന്ന പെട്ടികള്‍ തുറന്ന് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്. തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഭക്തിലഹരിയില്‍ മുങ്ങിയ ഘോഷയാത്ര മകരവിളക്കിന് മൂന്ന് ദിവസം മുമ്പ് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ശബരിമലയിലേക്ക് പുറപ്പെടും.

തിരുവാഭരണ ഘോഷയാത്ര തുടങ്ങും മുമ്പ് ആകാശത്ത് പ്രത്യക്ഷമാവുന്ന കൃഷ്ണപ്പരുന്ത് യാത്ര തുടങ്ങാനുള്ള ദൈവീക സൂചനയാണെന്നാണ് പഴമക്കാര്‍ വിശ്വസിക്കുന്നത്. ഈ കൃഷ്ണപ്പരുന്ത് ശബരിമല സന്നിധാനം വരെയുള്ള കിലോമീറ്ററുകള്‍ നീളുന്ന തിരുവാഭരണ ഘോഷയാത്രയില്‍ ഇടയ്ക്കിടെ പ്രത്യക്ഷമാവുകയും ചെയ്യുന്നത് ഇന്നും അത്ഭുതമായി തുടരുന്നു.

WDSOPANAM
തിരുവാഭരണ ഘോഷയാത്രയോടൊപ്പം പന്തളം കൊട്ടാരത്തിലെ മുതിര്‍ന്ന അംഗവും ശബരിമലയിലേക്ക് പോകുന്നു. അയ്യപ്പ സ്വാമിയുടെ പിതാവിന്‍റെ സ്ഥാനമാണ് ഇദ്ദേഹത്തിനുള്ളത്. ഇത്തവണ തിരുവാതിര തിരുനാള്‍ രാഘവ വര്‍മ്മയാണ് തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നത്. പന്തളം വലിയ തമ്പുരാന്‍ രേവതിനാള്‍ പി രാമ വര്‍മ്മ രാജ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക

WDSOPANAM
അയ്യപ്പ സ്വാമിയെ കുറിച്ച് നിരവധി ഐതീഹ്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രചാരമുള്ളത് പന്തളം രാജാവിന്‍റെ വളര്‍ത്ത് മകനായ അയ്യപ്പനെ കുറിച്ചുള്ളതാണ്.

രാജ രാജശേഖരന്‍ പന്തളം രാജാവായിരിക്കുന്ന കാലത്ത് നടന്ന ഒരു സംഭവമാണ് ഈ കഥയ്ക്ക് ആധാരം. ഒരു ദിവസം രാ‍ജാവ് വേട്ടയ്ക്ക് പോയപ്പോള്‍ പമ്പാ നദീ തീരത്ത് ഒരു കുഞ്ഞിന്‍റെ രോദനം കേള്‍ക്കുകയുണ്ടായി. അന്വേഷിച്ച് ചെന്ന രാജാവിന് അതീവ തേജസ്വിയായ ഒരു ശിശുവിനെ ആണ് കാണാന്‍ കഴിഞ്ഞത്. കഴുത്തില്‍ മണിയോട് കൂടിയ ആ ശിശു മണികണ്ഠന്‍ എന്ന് അറിയപ്പെട്ടു. പരമശിവന് മോഹിനി രൂപം പൂണ്ട വിഷ്ണുവില്‍ ഉണ്ടായ മകനാണ് മണികണ്ഠന്‍ എന്നാണ് വിശ്വാസം.

പ്രജാതല്‍പ്പരനും സദ്‌ഗുണങ്ങള്‍ നിറഞ്ഞവനുമായിരുന്നു എങ്കിലും പന്തളം രാജാവ് സന്താന ദു:ഖത്താല്‍ തപ്തനായിരുന്നു. പുത്ര ദു:ഖത്തിന് അറുതി വരുത്താന്‍ ദൈവം നിശ്ചയിച്ചതുപോലെയാണ് രാജാവിന് മണികണ്ഠനെ ലഭിച്ചത്. രാജാവ് മണികണ്ഠനെ സ്വന്തം മകനെ പോലെ വളര്‍ത്തി. സിംഹാസനത്തിന് അവകാശിയായി ഒരു മകനെ വേണമെന്ന തന്‍റെ പ്രാര്‍ത്ഥനയ്ക്ക് ഈശ്വരന്‍ നല്‍കിയ പ്രതിഫലമാണ് മണികണ്ഠനെന്ന് രാജാവ് വിശ്വസിച്ചു. മണികണ്ഠന് രാജാവ് വിദ്യാഭ്യാസവും ആയോയോധനകകളില്‍ പരിശീലനവും നല്‍കി.

ഈ വേളയിലാണ് മഹാറാണിക്ക് പുത്രന്‍ ജനിക്കുന്നത്. എന്നാല്‍, മണികണ്ഠനെ മൂത്ത പുത്രനായി കരുതിയ
രാജാവ് അടുത്ത കിരീടാവകാശിയായി മണികണ്ഠനെയാണ് നിശ്ചയിച്ചത്. എന്നാല്‍, മണികണ്ഠനു മുന്നില്‍ സ്വാര്‍ത്ഥ തന്ത്രങ്ങള്‍ വിലപ്പോവാതിരുന്ന മന്ത്രി ഈ അവസരം സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചു. സിംഹാസനം മഹാറാണിയുടെ പുത്രന് അവകാശപ്പെട്ടതാണെന്നും അത് മണികഠന് ഒരിക്കലും ലഭിക്കരുതെന്നുമുള്ള ഏഷണിയില്‍ റാണിയുടെ മനം ചഞ്ചലിതമായി.

WDSOPANAM
മണികണ്ഠനെ ഇല്ലായ്മ ചെയ്യാന്‍ മന്ത്രിയും മഹാറാണിയും ചേര്‍ന്ന് പദ്ധതി ഒരുക്കി. ഇവരുടെ തന്ത്രങ്ങള്‍ നടപ്പിലാക്കാന്‍ രാജവൈദ്യനും സഹായം നല്‍കി. കഠിനമായ വയറ് വേദന അഭിനയിച്ച മഹാറാണിക്ക് രോഗം ഭേദമാകാന്‍ പുലിപ്പാല് വേണമെന്ന് രാജവൈദ്യന്‍ പറഞ്ഞു. അപകടകരമായ ഈ ദൌത്യം മാതാവിന് വേണ്ടി മണികണ്ഠന്‍ ഏറ്റെടുത്തു. രാജാവ് വിലക്കിയെങ്കിലും ധീരനായ മണികണ്ഠന്‍ പുലിപ്പാല്‍ തേടി കൊടുംകാട്ടിലേക്ക് യാത്രയായി.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക

WDSOPANAM
ഏതാനും ദിവസം കഴിഞ്ഞ് പുലിപ്പുറത്ത് പുലികളുമൊത്ത് വരുന്ന മണ്കണ്ഠനെ ആണ് പന്തളമെന്ന നാട്ടുരാ‍ജ്യത്തെ ജനങ്ങള്‍ കണ്ടത്. മണികണ്ഠനെതിരായി ഗൂഡാലോചന നടത്തിയവര്‍ ഭയചകിതരായി. മണികണ്ഠന്‍ സാധാരണക്കാരനല്ലെന്നും അവര്‍ക്ക് മനസിലായി. ചെയ്ത തെറ്റുകള്‍ പൊറുക്കണമെന്ന് അവര്‍ മണികണ്ഠനോട് പ്രാര്‍ത്ഥിച്ചു.

മണികണ്ഠന്‍ സാക്ഷാല്‍ ഈശ്വരനാണെന്ന് മനസിലാക്കിയ രാജാവ് അനുഗ്രഹിക്കണമെന്ന് അപേക്ഷിച്ചു. രാജ്യത്തേയും പ്രജകളെയും ഭാവിയിലും കാത്ത് സംരക്ഷിക്കണമെന്ന് രാജാവ് അപേക്ഷിച്ചു. എന്നാല്‍, രാജ്യം വിടാനായിരുന്നു മണികണ്ഠന്‍റെ തീരുമാനം. തനിക്കായി ഒരു ക്ഷേത്രം നിര്‍മ്മിക്കണമെന്ന് രാജാവിനോട് മണികണ്ഠന്‍ ആവശ്യപ്പെടുകയും ചെയ്തു. ക്ഷേത്രം സ്ഥാപിക്കാനുള്ള സ്ഥലവും നിര്‍ദ്ദേശിച്ചു. വ്രതമെടുത്ത് തീര്‍ത്ഥാടനം നടത്തേണ്ടതിന്‍റെ രീതിയും രാജാവിന് വിവരിച്ചു കൊടുത്തു. ഇതിന് ശേഷം അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം അനുഗ്രഹം നല്‍കിയ മണികണ്ഠന്‍അപ്രത്യക്ഷനായി. തുടര്‍ന്ന് മണികണ്ഠന്‍ നിര്‍ദ്ദേശിച്ച സ്ഥലത്ത് രാജാവ് നിര്‍മ്മിച്ചതാണ് ഇപ്പോഴത്തെ ശബരിമല ക്ഷേത്രം.

വലിയ കോയിക്കല്‍ എത്തിച്ചേരാന്‍
പന്തളത്തു നിന്ന് കോട്ടയത്തേക്ക് പോവുമ്പോള്‍ പന്തളം ജംങ്ഷനില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തില്‍ എം സി റോഡരികിലാണ് വലിയ കോയിക്കല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

WDSOPANAM
ക്ഷേത്രത്തിനോട് അടുത്ത് തന്നെയാണ് കൊട്ടാരവും. റയില്‍ മാര്‍ഗ്ഗമാണെങ്കില്‍ ഇവിടേയ്ക്ക് വരാനായി ഏറ്റവും അടുത്ത സ്റ്റേഷനായ ചെങ്ങന്നൂരില്‍ ഇറങ്ങണം. ചെങ്ങന്നൂരില്‍ നിന്ന് റോഡ് മാര്‍ഗ്ഗം 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പന്തളത്ത് എത്തിച്ചേരാം. വിമാനയാത്രികര്‍ക്ക് ഏറ്റവും അടുത്ത വിമാനത്താവളം തിരുവനന്തപുരമാണ്. തിരുവനന്തപുരത്ത് നിന്ന് 110 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പന്തളത്ത് എത്തിച്ചേരാം.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക