നരസിംഹ ജയന്തി

Webdunia
PRO
മഹാവിഷ്ണുവിന്‍റെ നാലാമത്തെ അവതാരമാണ് നരസിംഹമൂര്‍ത്തി. പേരു പോലെ സിംഹത്തിന്‍റെ മുഖവും മനുഷ്യന്‍റെ ശരീരവുമാണ് ഈ വിഷ്ണു അവതാരത്തിന്‍റെ പ്രത്യേകത.

അസുരരാജാവായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കാനാണ് ഭഗവാന്‍ നരസിംഹമായി അവതരിച്ചത്. വൈശാഖമാസത്തിലെ ശുക്ളപക്ഷ ചതുര്‍ദശി ദിവസമാണ് നരസിംഹ ജയന്തിയായി ആഘോഷിക്കുന്നത്.

നരസിംഹമൂര്‍ത്തി ക്ഷേത്രങ്ങളിലും വിഷ്ണുക്ഷേത്രങ്ങളിലും നരസിംഹജയന്തി ഏറെ വിശേഷപ്പെട്ട ദിവസമാണ്.

നരസിംഹാവതാരം

മഹാവിഷ്ണുവിന്‍റെ മൂന്നാമത്തെ അവതാരമായ വരാഹം അസുരരാജാവ് ഹിരണ്യാക്ഷനെ വധിച്ചു. ഇത് പിന്‍ തലമുറക്കാരനായ ഹിരണ്യകശിപുവില്‍ ഭഗവാനോട് പകയുണ്ടായി.

മഹാവിഷ്ണുവിനെ എങ്ങനെയും ഇല്ലാതാക്കുമെന്ന് ഹിരണ്യകശിപു പ്രതിജ്ഞയെടുത്തു. അതിനായി ബ്രഹ്മാവിനെ തപസ് ചെയ്ത് വരങ്ങള്‍ നേടാനും അസുരരാജാവ് തീരുമാനിച്ചു.

ഹിരണ്യകശിപുവിന്‍റെ കഠിനതപസില്‍ സന്തുഷ്ടനായ ബ്രഹ്മാവിന് അദ്ദേഹം ആവശ്യപ്പെട്ട വരങ്ങള്‍ നല്‍കേണ്ടി വന്നു. മനുഷ്യനാലും മൃഗത്താലും മരണമുണ്ടാകരുത്, പകലും രാത്രിയിലും കൊല്ലപ്പെടരുത്, വീട്ടിനുള്ളിലും പുറത്തുംവച്ച് മരണം സംഭവിക്കരുത് എന്നിവയായിരുന്നു ബ്രഹ്മാവ് ഹിരണ്യകശിപിനു നല്‍കിയ വരങ്ങള്‍.

വരശക്തിയാല്‍ അഹങ്കാരിയായ ഹിരണ്യകശിപു ദേവന്മാര്‍ക്കും സന്യാസിമാര്‍ക്കുമെതിരെ തിരിഞ്ഞു.

വിഷ്ണുവിന്‍റെ നാമം ആരും ഉരുവിടരുതെന്നും താനാണ് ലോകത്തെ നിയന്ത്രിക്കുന്നതെന്നും ഹിരണ്യകശിപു പ്രഖ്യാപിച്ചു. ഹിരണ്യകശിപുവിന്‍റെ അതിക്രമങ്ങളില്‍ ഭയചിത്തരായ ദേവന്മാരും സന്യാസികളും വിഷ്ണുവിനെ അഭയം തേടി.

വരശക്തിയാല്‍ അഹങ്കാരിയായ ഹിരണ്യകശിപിനെ വകവരുത്തുമെന്ന് മഹാവിഷ്ണു അവര്‍ക്ക് ഉറപ്പു നല്കി.

ഇതേസമയം ഹിരണ്യകശിപുവിനും കയാദുവിനും പ്രഹ്ളാദന്‍ എന്ന പുത്രന്‍ ജനിച്ചു. ഗര്‍ഭസ്ഥ ശിശുവായിരിക്കെ തന്നെ ദേവമഹര്‍ഷി നാരദന്‍ മഹാവിഷ്ണുവിന്‍റെ ഗുണഗണങ്ങളെ സ്തുതിക്കുന്നത് പ്രഹ്ളാദന്‍ കേള്‍ക്കാനിടയായി.

കയാദുവുമായുള്ള സംഭാഷണത്തിനിടയ്ക്കാണ് ഈശ്വരനിശ്ചയത്തിന്‍റെ ഫലമായി പ്രഹ്ളാദന്‍ നാരദവചനങ്ങള്‍ ശ്രവിച്ചത്. ഇത് ജനനം മുതല്‍ക്കേ പ്രഹ്ളാദനെ വിഷ്ണുഭക്തനാക്കി.

ഇതു മനസ്സിലാക്കിയ ഹിരണ്യകശിപു പ്രഹ്ളാദനെ ഒരു വിഷ്ണുദ്വേഷിയാക്കുന്നതിനു വേണ്ടി സകല വിദ്യകളും പ്രയോഗിച്ചു നോക്കി. വിഷ്ണുദ്വേഷിയായി മനംമാറ്റം വരുത്തുന്നതിന് പ്രത്യേക വിദഗ്ദ്ധനായ ഗുരുവിന്‍റെ ഭവനത്തില്‍ത്തന്നെ കുട്ടിയെ താമസിപ്പിച്ചു.

ഗുരുവും മറ്റുപദേഷ്ടാക്കളെല്ലാവരും കാലക്രമേണ വിഷ്ണുഭക്തന്മാരായി രൂപാന്തരപ്പെടുകയാണുണ്ടായത്.

ഇത് അസുരരാജാവില്‍ പുത്രനോടുള്ള ക്രോധം വര്‍ദ്ധിപ്പിച്ചു. പ്രഹ്ളാദനെ ജീവാപായം വരുത്തുന്നതിന് മദയാനകളുടെ മുന്‍പില്‍ തള്ളി. കൊലവിളികളോടെ ആഞ്ഞുകുത്തിയ കുത്തുകള്‍ ലക്‍ഷ്യം തെറ്റി കൊമ്പുകള്‍ ഭൂമിയില്‍ ആണ്ട് ഒടിഞ്ഞുപോയി. വീണ്ടും ക്രൂര സര്‍പ്പങ്ങളെ നിയോഗിച്ചു

PRO
ചീറിപാഞ്ഞടുക്കുന്ന അവയുടെ ദംശനമാത്രയില്‍ വിഷപ്പല്ലുകള്‍ അടര്‍ന്നുപോയി. ഒടുവില്‍ പ്രഹ്ളാദനെ അഗ്നികുണ്ഡത്തിലിട്ടു. ആ തന്ത്രവും വിലപ്പോയില്ല. തുടര്‍ന്ന് അഗ്നിയില്‍ നിന്ന് ഒരു കൃത്യ ഉയര്‍ന്ന് പ്രഹ്ളാദനെ വധിക്കാന്‍ ശ്രമിച്ചു.

തത്സമയം വിഷ്ണുവിങ്കല്‍നിന്നു നിര്‍മ്മിച്ച സുദര്‍ശനചക്രം കൃത്യയുടെ കണ്ഠം മുറിച്ചു. ഹിരണ്യകശിപു കലിതുള്ളി. നിന്‍റെ വിഷ്ണു എവിടെ? എന്ന് അട്ടഹാസം മുഴങ്ങി. സര്‍വ ചരാചരങ്ങളിലും വിഷ്ണു കുടികൊള്ളുന്നുവെന്ന് പ്രഹ്ളാദന്‍ പ്രതിവചിച്ചു.

ഹിരണ്യകശിപു അടുത്തുകാണപ്പെട്ട ഒരു തൂണില്‍ ബലമായി ഒന്നു ചവിട്ടിക്കൊണ്ട് നിന്‍റെ വിഷ്ണു ഈ തൂണിലുമുണ്ടോ എന്നു ചോദിച്ചു. തൂണിലും തുരുന്പിലും എന്‍റെ വിഷ്ണു ഉണ്ടെന്നു പ്രഹ്ളാദന്‍ പറഞ്ഞു. ഉടന്‍ ആ തൂണ് തകര്‍ക്കാന്‍ ഹിരണ്യകശിപു ശ്രമിച്ചു.

എന്നാല്‍ തൂണ് പിളര്‍ന്ന് സംഹാര രുദ്രനെപ്പോലെ ഭയങ്കരനായ നരസിംഹമൂര്‍ത്തി പ്രത്യക്ഷപ്പെട്ടു. ആ ഉഗ്രമൂര്‍ത്തി ദൈത്യാധിപനായ ഹിരണ്യകശിപുവിനെ പിടികൂടിനിലംപതിപ്പിച്ച് കൂര്‍ത്തുമൂര്‍ത്തുള്ള നഖങ്ങള്‍കൊണ്ട് മാറിടം പിളര്‍ന്നു.

രക്തം ധാരധാരയായി പ്രവഹിച്ചു. ആ മഹാസത്വം ഹിരണ്യകശിപുവിന്‍റെ കുടല്‍മാല വലിച്ചെടുത്ത് കണ്ഠത്തിലണിഞ്ഞ് ഭയങ്കരമായി അട്ടഹസിച്ചു. ത്രിസന്ധ്യനേരത്ത് വീടിന്‍റെ ഉമ്മറപ്പടിയിലിരുന്നാണ് നരസിംഹമൂര്‍ത്തി അസുരരാജാവിനെ നിഗ്രഹിച്ചത്.

നരസിംഹമൂര്‍ത്തി മനുഷ്യനോ മൃഗമോ ആയിരുന്നില്ല, ത്രിസന്ധ്യ നേരത്ത് വീടിന്‍റെ ഉമ്മറപ്പടിയില്‍ വച്ചായിരുന്നു ഹിരണ്യ കശിപുവിനെ ഭഗവാന്‍ കൊലപ്പെടുത്തിയതെന്നതിനാലും ബ്രഹ്മാവ് അസുരരാജവിന് നല്‍കിയ വരങ്ങളും യാഥാര്‍ഥ്യമായി. ഇതേ സമയം ദേവന്‍മാരും സന്യാസി പ്രമുഖരും ആകാശത്ത് പുഷ്പ വൃഷ്ടി നടത്തി.

തുടര്‍ന്ന് പ്രഹ്ളാദന്‍ സാക്ഷാല്‍ അവതാരമൂര്‍ത്തിയായ നരസിംഹത്തെ ഭക്തിപുരസ്സരം സ്തുതിച്ച് നമസ്കരിച്ച് ശാന്തചിത്തനാക്കി. അനന്തരം പ്രഹ്ളാദനെ അനുഗ്രഹിച്ച ശേഷം നരസിംഹം അപ്രത്യക്ഷമായി.