ഇന്ന് മണ്ണാറശ്ശാല ആയില്യം

Webdunia
WDWD
കേരളത്തിലെ പ്രധാനപ്പെട്ട നാഗരാജാ ക്ഷേത്രങ്ങളില്‍ ഒന്നായ മണ്ണാറശ്ശാലയിലെ ആയില്യം ആഘോഷം വെള്ളിയാഴ്ച നടക്കും. ഇതിനു മുന്നോടിയായി നവംബര്‍ ഒന്നിന് പൂയം നാളില്‍ തന്നെ പരിപാടികള്‍ ആരംഭിച്ചു.

പരശുരാമന്‍ പ്രതിഷ്ഠ നടത്തിയതാണ് ഈ ക്ഷേത്രം. കടലില്‍ നിന്ന് വീണ്ടെടുത്ത കേരളം ഉപ്പിന്‍റെ ആധിക്യം കൊണ്ട് അന്ന് ഫലഭൂയിഷ്ടമായിരുന്നില്ല. പരമശിവന്‍റെ നിര്‍ദ്ദേശാനുസരണം പരശുരാമന്‍ നാഗരാജാവിനെ പ്രാര്‍ത്ഥിക്കുകയും നാഗരാജാവ് വിഷജ്വാലകള്‍ കൊണ്ട് ഉപ്പെല്ലാം നശിപ്പിച്ച് ഭൂമി ഫലഭൂയിഷ്ടമാക്കുകയും ചെയ്തു.

തുടര്‍ന്ന് പരശുരാമന്‍റെ നിര്‍ദ്ദേശ പ്രകാരം ഇവിടെ മന്ദാരതരുക്കള്‍ നിറഞ്ഞ സ്ഥലത്ത് തന്‍റെ സാന്നിദ്ധ്യം ഉണ്ടാവും എന്നറിയിച്ചു. തുടര്‍ന്ന് പരശുരാമന്‍ വിഷ്ണു സ്വരൂപമായ അനന്തനേയും ശിവമയമായ വാസുകിയേയും ഏകഭാവത്തില്‍ മണ്ണാറശ്ശാലയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു.

എല്ലാമാസത്തേയും ആയില്യം, കന്നിയിലേയും തുലാത്തിലേയും ആയില്യം, എന്നിവകൂടാതെ ശിവരാത്രിയും ഇവിടെ പ്രധാനമാണ്.


WDWD
ആയില്യം എഴുന്നള്ളത്ത്

മണ്ണാറശ്ശാല ആയില്യത്തിനു നടക്കുന്ന പ്രധാന അനുഷ്ഠാനമാണ് ആയില്യം എഴുന്നള്ളത്ത്. ഇല്ലത്തെ നിലവറയില്‍ കുടികൊള്ളുന്ന അനന്ത ചൈതന്യവും ക്ഷേത്രത്തില്‍ കുടികൊള്ളുന്ന വാസുകി ചൈതന്യവും തമ്മിലുള്ള ഒരു കൂടിച്ചേരലായാണ് ഇതിനെ സങ്കല്‍പ്പിക്കുന്നത്.

ആയില്യം എഴുന്നള്ളത്തിനായി അമ്മ ക്ഷേത്രക്കുളത്തില്‍ കുളിച്ച് ശ്രീകോവിലിലേക്ക് കടക്കുന്നു. അവിടെ നിന്ന് കുത്തുവിളക്കിലേക്ക് ദീപം പകരുന്നു. ഈ സമയം ശംഖനാദവും തിമിലപ്പാണിയും ഒപ്പം വായ്ക്കുരവയും മുഴങ്ങും.

പാണി അവസാനിച്ചാല്‍ അമ്മ നാഗരാജാവിന്‍റെ തിരുമുഖവും നാഗഫണവുമായി ശ്രീകോവിലിനു പുറത്തേക്ക് എഴുന്നള്ളുന്നു. ഇളയമ്മ സര്‍പ്പയക്ഷിയുടേയും കാരണവന്‍‌മാര്‍ നാഗചാമുണ്ഡി, നാഗയക്ഷി എന്നിവരുടേയും വിഗ്രഹങ്ങളും ഏന്തി അമ്മയെ പിന്‍‌തുടരുന്നു. നാഗദൈവങ്ങളുടെ എഴുന്നള്ളത്ത് ക്ഷേത്രത്തിനു പ്രദക്ഷിണം ചെയ്ത് ഇല്ലത്തെ നിലവറയ്ക്കടുത്തുള്ള തെക്കേ തളത്തില്‍ എത്തി അവസാനിക്കുന്നു.

തിരിച്ചെഴുന്നള്ളിപ്പ് പതിവില്ല. ആയില്യം പൂജകള്‍ക്ക് ശേഷം അമ്മ കുത്തുവിളക്കിന്‍റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് മടങ്ങും.


WDWD
മണ്ണാറശ്ശാല ആയിലം- ഐതിഹ്യം

കന്നിയിലെ ആയില്യമാണ് നാഗരാജാവിന്‍റെ ജന്‍‌മദിനമായി കേരളം ആകെ ആഘോഷിക്കുന്നത് എങ്കിലും മണ്ണാറശ്ശാലയില്‍ തുലാത്തിലെ ആയില്യത്തിനാണ് പ്രാധാന്യം. അതുകൊണ്ടാണ് ഇത് മണ്ണാറശ്ശാല ആയില്യം എന്ന പേരില്‍ അറിയപ്പെടുന്നത്.

ഇതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ തിരുവിതാംകൂര്‍ മഹാരാജാവിന് കന്നിയിലെ ആയില്യം തൊഴാനും എഴുന്നള്ളത്ത് കാണാനും സാധിക്കാതെ വന്നു. ഇതിനെ തുടര്‍ന്ന് തുലാത്തിലെ ആയില്യം കന്നിമാസത്തിലെ അതെ പ്രൌഢിയോടെ ആഘോഷിക്കണം എന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് മണ്ണാറശ്ശാലയില്‍ കന്നി, തുലാം മാസങ്ങളിലെ ആയില്യം വലിയ പ്രാധാന്യത്തോടെ ആഘോഷിക്കാന്‍ തുടങ്ങി.

ഇവിടെ പ്രാധാന്യമുള്ള മറ്റൊരു ആയില്യം കുംഭത്തിലെ ആയില്യമാണ്. അന്ന് നിലവറയിലെ മുത്തശ്ശന്‍റെ (മണ്ണാറശ്ശാലയിലെ നാഗരാജാവിന്‍റെ) പിറന്നാള്‍ ദിവസമായും ആഘോഷിക്കുന്നു. അന്ന് വലിയമ്മ നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിച്ച് തെക്കേ തളത്തിലിരുത്തി നൂറും പാലും കുരുതിയും നടത്തുക പതിവാണ്.

മണ്ണാറശ്ശാല ഇല്ലത്തിലെ കാരണവസ്ത്രീയായ അമ്മയെ നാഗഭഗവാന്‍റെ അമ്മയായാണ് ഭക്തജനം കാണുന്നത്. നാഗപൂജാരിണിയായ അമ്മയാണ് വിശേഷ ദിവസങ്ങളില്‍ ക്ഷേത്രത്തിലെ പൂജകള്‍ നടത്തുന്നത്. സര്‍പ്പബലി, നൂറും പാലും, പാലും പഴവും, അപ്പം, മലര്‍ നിവേദ്യം, പാല്‍പ്പായസം എന്നിവ ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്.

സന്താന ലാഭത്തിനായി നടത്തുന്നതാണ് ഉരുളി കമിഴ്ത്തല്‍. ഇഷ്ടകാര്യ ലാഭത്തിനായി നിലവറപ്പായസ നിവേദ്യവും നടത്താറുണ്ട്.

ഉരുളി കമിഴ്ത്ത്

നൂറ്റാണ്ടുകളായി മണ്ണാറശ്ശാല ക്ഷേത്രത്തില്‍ നടന്നുവരുന്ന സവിശേഷതയാര്‍ന്ന വഴിപാടാണ് ഉരുളി കമിഴ്ത്തല്‍. കുട്ടികള്‍ ഇല്ലാതെ വിഷമിച്ചിരുന്ന അമ്മയ്ക്ക് നാഗഭഗവാന്‍ സ്വയം സന്താനമായി അവതരിച്ചു. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട നിവേദ്യമായ നൂറും പാലും നല്‍കുന്ന പാത്രമാണ് ഉരുളി.

സന്താനഭാഗ്യമില്ലാത്ത ദമ്പതികള്‍ പ്രാര്‍ത്ഥനയോടെ സമര്‍പ്പിക്കുന്ന ഉരുളി അമ്മ നിലവറയില്‍ കമിഴ്ത്തി വയ്ക്കുകയും സന്താനത്തോടു കൂടി വന്ന് വഴിപാടുകള്‍ നടത്തി ഉരുളി നിവര്‍ത്തിപ്പിക്കുകയും ചെയ്യുമ്പോഴേ ഈ വഴിപാട് പൂര്‍ത്തിയാവുകയുള്ളു. ആയിരക്കണക്കിന് ദമ്പതികള്‍ക്ക് ഈ വഴിപാടു മൂലം ഫലസിദ്ധി ഉണ്ടായിട്ടുണ്ട്.


WDWD
നിലവറയിലെ മുത്തശ്ശന്‍

മണ്ണാറശ്ശാല ഇല്ലത്തെ നിലവറയില്‍ അനന്ത ചൈതന്യമുള്ള നാഗരാജാവ് ഇപ്പോഴും ഉണ്ടെന്നാണ് വിശ്വാസം. നിലവറയില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ പൂജയുള്ളു - ശിവരാത്രിയുടെ പിറ്റേന്ന് മാത്രം. നിലവറയിലുള്ള നാഗരാജാവ് മുമ്പ് ഇല്ലത്തെ അമ്മയുടെ മകനായി ജനിച്ചതാണെന്നാണ് വിശ്വാസം. ഭഗവാന്‍ ഇന്നും ചിരഞ്ജീവിയായി നിലവറയില്‍ കഴിയുന്നു. കുടുംബാംഗങ്ങള്‍ ആവട്ടെ കുടുംബനാഥനായ മുത്തശ്ശനായി അദ്ദേഹത്തെ ആരാധിക്കുകയും ചെയ്യുന്നു.

ഇതിനെ കുറിച്ചുള്ള കഥ ഇങ്ങനെയാണ് : ഒരിക്കല്‍ കാട്ടുതീ പടര്‍ന്നു പിടിച്ചപ്പോള്‍ രക്ഷ തേടി നാഗങ്ങള്‍ മണ്ണാറശ്ശാലയില്‍ അഭയം തേടി. അവിടെ നാഗ ഉപാ‍സകരായ വാസുദേവനും ശ്രീദേവിയുമാണ് ഉണ്ടായിരുന്നത്. അവര്‍ നാഗങ്ങളെ പരിരക്ഷിച്ചു. ഇതിനെ തുടര്‍ന്ന് അമ്മയ്ക്ക് നാഗരാജാവ് സ്വപ്നത്തില്‍ ദര്‍ശനം നല്‍കി. താന്‍ മകനായി പിറക്കുമെന്ന് അരുളിച്ചെയ്യുകയും ചെയ്തു.

താമസിയാതെ ഗര്‍ഭം ധരിച്ച ശ്രീദേവി അന്തര്‍ജ്ജനം രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ചു. ഒരു മനുഷ്യക്കുഞ്ഞും അഞ്ച് തലയുള്ള ഒരു നാഗക്കുഞ്ഞും. ബാല്യദശ പിന്നിട്ടതോടെ നാഗക്കുഞ്ഞിന്‍റെ തേജസ്സ് വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു. ഇത് മറ്റുള്ളവരില്‍ ഭയം ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ ആ മകന്‍ അമ്മയോട് പറഞ്ഞു താനിവിടെ ആരും കാണാതെ നിലവറയില്‍ ഒതുങ്ങിക്കഴിഞ്ഞുകൊള്ളാം എന്ന്. ശിവരാത്രി പിറ്റേന്ന് മാത്രം ഉപചാരങ്ങള്‍ മതി എന്നും നിര്‍ദ്ദേശിച്ചു.