ഇന്ന്‌ കുംഭ ഭരണി

Webdunia
PROPRO
കുംഭ മാസത്തിലെ ഭരണി നാള്‍ ദേവീക്ഷേത്രങ്ങളില്‍ പ്രധാനമാണ്‌. ഈ മാസങ്ങളില്‍ ദേവി ദര്‍ശനം നടത്തുകയും ഉപാസന നടത്തുകയും ചെയ്യുന്നത്‌ സമസ്ത ജീവിത വിജയങ്ങളും നേടിത്തരുമെന്നാണ്‌ വിശ്വാസം.

ചൊവ്വാ ദോഷങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്‌ ഇത്‌. കേരളത്തിലെ മിക്ക ദേവീ ക്ഷേത്രങ്ങളിലും ഭദ്രകാളി ക്ഷേത്രങ്ങളിലും കുംഭം, മീനം മാസങ്ങള്‍ വളരെ പ്രധാനമാണ്‌. കുംഭത്തിലേയും മീനത്തിലേയും ഭരണി നാളുകള്‍ ദേവിക്ക്‌ ഏറ്റവും പ്രിയപ്പെട്ട ദിനങ്ങളായാണ്‌ കരുതുന്നത്‌.

ഈ ദിവസങ്ങളില്‍ ഗോത്രത്തനിമ നിറഞ്ഞതും പൗരാണിക കരകൗശല വിദ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതുമായ ആഘോഷങ്ങളാണ്‌ ക്ഷേത്രങ്ങളില്‍ നടക്കാറ്‌.

PROPRO
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ചയോട്‌ കൂടിയ ഭരണി ആഘോഷം തന്നെ ഇതിനൊരു ഉദാഹരണമാണ്‌. ആറ്റുകാലിലെ പൊങ്കാലയും കുംഭത്തിലാണ്‌. ചോറ്റാനിക്കര മകം ആഘോഷവും ഇതേ മാസത്തില്‍ തന്നെ.

ചാന്താട്ടം, കുത്തിയോട്ടം, കുരുതി, രക്തപുഷ്പാഞ്ജലി, ഗരുഡന്‍ തൂക്കം, താലപ്പൊലി, ഉച്ചാരവേല, പൂരോല്‍സവം, തോറ്റം പാട്ട്‌, കാളിയൂട്ട്‌, എന്നിങ്ങനെ ഒട്ടേറെ വഴിപാടുകളും നേര്‍ച്ചകളും ഈ മാസം നടക്കുന്നു.

ഊട്ട്‌, പാട്ട്‌, വേല, വിളക്ക്‌, തീയാട്ട്‌, കളിയാട്ടം, ഭരണി വേല എന്നിവയാണ്‌ ദേവിയെ പ്രീതിപ്പെടുത്താനുള്ള പ്രധാന വഴിപാടുകള്‍. പൊങ്കാല, ഉച്ചാരവേല, കലംകരിപ്പ്‌, പൂരോല്‍സവം എന്നിവയും ചില ക്ഷേത്രങ്ങളില്‍ നടത്തിവരുന്നു.

ഇതിനെല്ലാം പ്രകൃത്യാരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകളാണ്‌ കാണാന്‍ കഴിയുക. ഇതിനര്‍ത്ഥം ദേവീ പൂജയില്‍ പ്രകൃതി ആരാധനയും ഉര്‍വരതാ ആരാധനയും മുന്നിട്ടു നില്‍ക്കുന്നു എന്നതാണ്‌.

തിരുവനന്തപുരത്തെ പാച്ചല്ലൂര്‍ ചുടുകാട്‌ ശ്രീഭദ്രകാളി ക്ഷേത്രം, ശാസ്തമംഗലം ബ്രഹ്മപുരം മഹാലക്ഷ്മി ക്ഷേത്രം, പേരൂര്‍ക്കട മണ്ണാമ്മൂല ഭഗവതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ കുംഭ ഭരണിയോട്‌ അനുബന്ധിച്ച്‌ വിവിധ ആഘോഷങ്ങള്‍ നടക്കുന്നു.

കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ഇന്നാണ്‌ കൊടിയേറ്റം. വൈരങ്കോട്‌ വലിയ തീയാട്ട്‌, വേഴപ്പുറ ഭഗവതി ക്ഷേത്രത്തിലും പള്ളിക്കാട്ട്‌ കാവിലും പൊങ്കാല, കൊയിലാണ്ടി കൊല്ലം പിഷാരടി കാവ്‌ കളിയാട്ടം കുറിക്കല്‍, വള്ളിക്കോട്‌ വളയപ്പുള്ളി ഭഗവതി പാട്ടുകുറിയിടല്‍ എന്നിവ കുംഭ ഭരണി നാളില്‍ തുടങ്ങും.

ഇതിനു പുറമേ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രസിദ്ധമായ മണ്ടയ്ക്കാട്‌ ദേവീക്ഷേത്രത്തിലെ കൊടയും ഇന്നാണ്‌ നടക്കുന്നത്‌.

PROPRO
കണിച്ചുകുളങ്ങര ഏഴാം പൂജ, നെല്ലിക്കോട്ടുകാവ്‌ താലപ്പൊലി, കല്‍പ്പത്തൂര്‍ പരദേവതാ ആറാട്ട്‌, വെള്ളത്തുരുത്തി ഭഗവതി, വല്ലച്ചിറ പുതുക്കുളങ്ങര ഭഗവതി, നെച്ചൂര്‍ മടിക്കല്‍ ഭദ്രകാളി, വേളമാനൂര്‍ ഭഗവതി, ചിറക്കടവ്‌ ദേവി, പാണ്ഡവര്‍കുളങ്ങര ഭഗവതി, ആയൂര്‍ ഭുവനേശ്വരി എന്നീ ക്ഷേത്രങ്ങളില്‍ ഇന്ന്‌ പ്രധാനമാണ്‌.

കുറിഞ്ഞിപ്പിലാക്കല്‍ ഭഗവതി, തോലേരി കരേക്കണ്ടി ഭഗവതി എന്നീ ക്ഷേത്രങ്ങളില്‍ ഇന്ന്‌ തിറ നടക്കും. ചാങ്ങാട്ട്‌ ഭഗവതിയുടെ ഭരണിയും ഇന്നാണ്‌. കരുവന്തറ വിളയനാട്ട്‌ കാവില്‍ ഇന്ന്‌ പ്രധാനം.

ചരിത്ര പ്രധാനമായ ചെട്ടികുളങ്ങര കുംഭ ഭരണിയും കെട്ടുകാഴ്ചയും ഇന്നു നടക്കും. ഉത്സവം പ്രമാണിച്ച്‌ മുഴവന്‍ സമയവും ക്ഷേത്രനട തുറന്നിരിക്കും. ദേവിയെ ആവാഹിച്ച ജീവത, കെട്ടുകാഴ്ച ഓരോന്നും സന്ദര്‍ശിക്കുന്നതോടെ ക്ഷേത്രാന്തരീക്ഷം ഭക്തി സാന്ദ്രമാവും.

ചെട്ടികുളങ്ങരയിലെ 13 കരകളില്‍ നിന്നുള്ള കെട്ടുകാഴ്ചകളാണ്‌ ക്ഷേത്രത്തിലെത്തുക. ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വെന്‍ഷനാണ്‌ ഈ ചടങ്ങുകള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്നത്‌.