വ്രത പുണ്യങ്ങളോടെ പുതുവര്‍ഷം

Webdunia
2006 വിടപറയുന്നത് അല്‍പ്പം ദോഷത്തോടെ ആണെങ്കിലും 2007 പിറക്കുന്നത് പുണ്യം തരുന്ന വ്രതങ്ങളോടെയാണ്.

പരമശിവന്‍റെ പിറന്നാളായ ധനുമാസത്തിലെ തിരുവാതിര ഇക്കുറി 2007 ജനുവരി രണ്ടിനാണ്. ജനുവരി ഒന്നാം തീയതി പ്രദോഷ വ്രതമാണ്. ജനുവരി മൂന്നിനാകട്ടെ പൗര്‍ണ്ണമി വ്രതവും.

പുതുവര്‍ഷത്തിന്‍റെ തുടക്കത്തില്‍ വരുന്ന ഈ മൂന്നു വ്രതങ്ങളും അനുഷ്ഠിക്കുന്നതോടെ സര്‍വ സൗഭാഗ്യങ്ങളും നേടാനാവും. സ്ത്രീകള്‍ക്ക് പ്രത്യേകിച്ചും ഗുണകരമാണ് ഈ വ്രതനുഷ്ഠാനങ്ങള്‍.

പ്രദോഷ വ്രതത്തിലൂടെ പാപങ്ങള്‍ക്ക് ശമനമാകും. തിരുവാതിര വ്രതത്തിലൂടെ ലൗകിക സുഖങ്ങള്‍ ആര്‍ജ്ജിക്കാം. പൗര്‍ണ്ണമീ വ്രതത്തിലൂടെയാവട്ടെ ആത്മീയമായ ഉല്‍ക്കര്‍ഷവും ജീവിത വിജയവും നേടാനാവും.

്.

ഡിസംബര്‍ 30 ന് ധനുമാസത്തിലെ മൃത്യു നക്ഷത്രമായ ഭരണി ആയതുകൊണ്ട് ചില നക്ഷത്രക്കാര്‍ക്കും രാഹു ദശാപഹാരത്തില്‍ കഴിയുന്നവര്‍ക്കും ദോഷമാണ് എന്നതു കൊണ്ടാണ് 2006 ന്‍റെ അവസാനം അല്‍പ്പം മോശമായി തീരുന്നത

ജനുവരി ഒന്നാം തീയതി പ്രദോഷവ്രതം ശിവപൂജയ്ക്കും രണ്ടാം തീയതി തിരുവാതിര നാള്‍ ശിവപാര്‍വതീ പൂജയ്ക്കും മൂന്നാം തീയതി പൗര്‍ണ്ണമി നാള്‍ ദേവീ പൂജയ്ക്കുമാണ് പ്രാധാന്യം. മൂന്നു വ്രതങ്ങളും ഒരുമിച്ച് അനുഷ്ഠിക്കണം.

ഡിസംബര്‍ 31 ന് സൂര്യാസ്തമയം മുതല്‍ വ്രതം ആരംഭിക്കണം. മത്സ്യമാംസാദികളും മൈഥുനവും മറ്റും പൂര്‍ണ്ണമായും വെടിഞ്ഞ് അരിയാഹാരം ഒഴിവാക്കി ലഘു ഭക്ഷണം കഴിക്കുക. പൂര്‍ണ്ണ ഉപവാസമാണ് വിധിച്ചിട്ടുള്ളത്.അതിനു പറ്റാത്തവര്‍ ഇളനീരും പഴവര്‍ഗ്ഗങ്ങളും മാത്രം കഴിക്കണം.

അന്ന് ശിവപാര്‍വതീ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഉത്തമം. രാത്രി ഉറക്കാമൊഴിയണം. കൂവളത്തിനു വലം വയ്ക്കുന്നതും നല്ലതാണ്.

മൂന്നാം തീയതി രാവിലെ ക്ഷേത്ര ദര്‍ശനം നടത്തി തീര്‍ത്ഥംകുടിച്ച് വ്രതമവസാനിപ്പിക്കാം. പൗര്‍ണ്ണമീ വ്രതം എടുക്കുന്നവര്‍ അന്നും അല്‍പ്പാഹാരം കഴിക്കുക, ദേവീക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുക, അവര്‍ പിറ്റേന്ന് ദേവീക്ഷേത്രങ്ങളില്‍ ചെന്ന് തീര്‍ഥം കഴിച്ചു വേണം വ്രതം അവസാനിപ്പിക്കാന്‍.