മണര്‍കാട് പള്ളിയില്‍ സുഗന്ധം; വിശ്വാസിപ്രവാഹം!

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2012 (12:32 IST)
PRO
PRO
മണര്‍കാട് മാര്‍ത്താമറിയം യാക്കോബായ കത്തീഡ്രലിലെ കല്‍ക്കുരിശില്‍ നിന്ന് സുഗന്ധദ്രാവകം സ്രവിക്കുന്നത് മാധ്യമങ്ങളിലൂടെ അറിഞ്ഞ വിശ്വാസികള്‍ പള്ളിയിലേക്ക് ഇപ്പോഴും പ്രവഹിച്ച് കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച രാത്രിയോടെയാണ് കല്‍‌ക്കുരിശില്‍ നിന്ന് പരിമളമുള്ള ദ്രാവകം സ്രവിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. കല്‍ക്കുരിശിങ്കല്‍ എണ്ണയൊഴിക്കാന്‍ എത്തിയ വിശ്വാസികളാണ് ഇത് കണ്ടത്. തുടര്‍ന്ന് ഈ വാര്‍ത്ത പരിസര പ്രദേശങ്ങളില്‍ പരന്നതിനെ തുടര്‍ന്ന് ആയിരക്കണക്കിന് വിശ്വാസികള്‍ പള്ളിയിലേക്ക് പ്രവഹിച്ച് കൊണ്ടിരിക്കുകയാണ്.

കല്‍‌ക്കുരിശും പരിസരപ്രദേശങ്ങളും ശാസ്ത്രീയമായി പരിശോധിച്ചാല്‍ സുഗന്ധത്തിന്റെ രഹസ്യം വെളിപ്പെടും എന്നാണ് യുക്തിവാദികള്‍ പറയുന്നത്. ഇതൊരു തട്ടിപ്പ് ആണെന്ന് അവര്‍ അവകാശപ്പെടുന്നു. ഗണപതി വിഗ്രഹം പാലുകുടിക്കുന്നതും കന്യകാമറിയത്തിന്റെ ചിത്രത്തില്‍ നിന്ന് കണ്ണീര്‍ ഒഴുകുന്നതും ക്രൂശിതരൂപത്തില്‍ നിന്ന് ചോരയൊഴുകുന്നതും പോലെ അനേക വ്യാജവാര്‍ത്തകള്‍ ഓരോ ദിവസവും ഉണ്ടാകുന്നുണ്ട് എന്നും ഇവയൊക്കെയും ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ വ്യാജമാണെന്ന് തെളിയുകയും ചെയ്യുമെന്നും യുക്തിവാദികള്‍ പറയുന്നു.

കല്‍‌ക്കുരിശില്‍ നിന്ന് സുഗന്ധദ്രാവകം ഒഴുകുന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് രാപകല്‍ ഇല്ലാതെ മാര്‍ത്താമറിയം പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടന്നുവരികയാണ്. പള്ളിക്കുള്ളില്‍ നടന്ന പ്രാര്‍ത്ഥനകള്‍ക്ക് വികാരി ഫാദര്‍ ഇടി കുറിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാദര്‍ കുരിയാക്കോസ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. ആന്‍ഡ്രൂസ് കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പ്രാര്‍ത്ഥനക്ക് കാര്‍മികത്വം വഹിച്ചു.

പ്രമുഖ മാധ്യമമായ മാതൃഭൂമി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും ഈ വാര്‍ത്ത പരക്കുന്നുണ്ട്. കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമാണ് കോട്ടയം ജില്ലയില്‍ മണര്‍കാടുള്ള വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ അഥവാ മണര്‍കാട് പള്ളി.

( ചിത്രം - മാതൃഭൂമിയില്‍ വന്ന വാര്‍ത്ത)