ജീവിതോല്‍ക്കര്‍ഷത്തിനായി വ്രതങ്ങള്‍

Webdunia
ഞായര്‍, 14 ജനുവരി 2007

മനുഷ്യ ജീവിതത്തിലെ കഷ്ടതകള്‍ മാറാനും സുഖനുഭവങ്ങള്‍ കൂടാനും ഇഷ്ട കാര്യങ്ങള്‍ നേടാനും രോഗ വിമുക്തി വരുത്താനും സമ്പദ് സമൃദ്ധി ഉണ്ടാകാനും മറ്റുമാണ് വ്രതങ്ങള്‍ അനുഷ്ഠിക്കുന്നത്.

വെള്ളിയാഴ്ച വ്രതം, ഷഷ്ഠിവ്രതം, സങ്കടഹര ചതുര്‍ഥി വ്രതം, വിനായക ചതുര്‍ഥി വ്രതം, മാസ ചതുര്‍ഥി വ്രതം എന്നിവ ജീവിത ഉല്‍ക്കര്‍ഷത്തിനു വേണ്ടിയാണ് ആചരിക്കുന്നത്.

വെള്ളിയാഴ്ച വ്രതം: മേടമാസത്തിലെ വെളുത്ത പക്ഷത്തിലെ വെള്ളിയാഴ്ച തൊട്ട് അടുത്ത വര്‍ഷം മേടത്തിലെ വെള്ളിയാഴ്ച വരെ ഈ വ്രതം അനുഷ്ഠിക്കണം. ഈ വ്രതം അനുഷ്ഠിച്ചാല്‍ സമ്പല്‍സമൃദ്ധിയാണ് ഫലം.

കുബേരന്‍ ധനാധിപതിയായതും ബ്രഹ്മാവിന് ബ്രഹ്മപദവി ലഭിച്ചതും അത്രി മഹര്‍ഷിക്ക് ദുര്‍വാസാവിനേയും ചന്ദ്രനേയും മക്കളായി ലഭിച്ചതും ഈ വ്രതം അനുഷ്ഠിച്ചതിന്‍റെ ഫലമാണത്രേ.

ഷഷ്ഠിവ്രതം : ധനുവിലെ ശുക്ള പക്ഷ ഷഷ്ഠിയില്‍ ആരംഭിച്ച് ഓരോ മാസവും കറുത്ത പക്ഷ ഷഷ്ഠിയില്‍ അനുഷ്ഠിക്കെണ്ട വ്രതമാണിത്. ആരോഗ്യവും രോഗ ശമനവുമാണ് ഫലം. വജ്രമാലി ചക്രവര്‍ത്തി രോഗ ശമനത്തിന് ഈ വ്രതം അനുഷ്ഠിച്ചിരുന്നു.

സങ്കടഹരചതുര്‍ഥിവ്രതം: കറുത്ത പക്ഷത്തിലെ ചതുര്‍ഥി ദിനത്തില്‍ മാസം തോറും ആചരിക്കുന്ന വ്രതമാണിത്. കുംഭമാസത്തിലെ ചൊവ്വാഴ്ചകളില്‍ വരുന്ന കറുത്ത പക്ഷ ചതുര്‍ഥി നാളില്‍ ഈ വ്രതം തുടങ്ങണം.

സര്‍വ വി ഘ ᅯങ്ങളേയും അകറ്റുന്ന വ്രതമാണിത്. പകല്‍ മുഴുവന്‍ നിരാഹരം അനുഷ്ഠിക്കണം.

വിനായകചതുര്‍ഥി വ്രതം: ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുര്‍ഥിയില്‍ തുടങ്ങി കന്നി മാസത്തിലെ വെളുത്ത പക്ഷ ചതുര്‍ഥിവരെ അനുഷ്ഠിക്കേണ്ട വ്രതമാണിത്. ഗണപതി പൂജയും ലഘു ആഹാരവുമാണ് വേണ്ടത്. ഉദ്ദിഷ്ട ഫലസിദ്ധിയാണ് ഇതു കൊണ്ട് നേടാനാവുക.

മാസ ചതുര്‍ഥി വ്രതം: ഓരോ മാസവും വെളുത്ത പക്ഷത്തിലെ ചതുര്‍ഥിയില്‍ അനുഷ്ഠിക്കുന്ന ഈ വ്രതം ഈ ജന്മത്തും മറു ജന്മത്തും സുഖവും സന്തോഷവും തരും.