കുരിശും കാശ്മീരും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നും ഇല്ലെന്നും പറയപ്പെടുന്നു. അതു സംബന്ധിച്ച് വലിയ വാഗ്വാദങ്ങള്‍ തന്നെ നടക്കുന്നു, മുഴുവനും ക്രൂശിതനായി യേശു ക്രിസ്തുവിനെ കുറിച്ചാണ്.
മുപ്പത്തിമൂന്നാമത്തെ വയസില്‍ യേശുവിനെ യഹൂദര്‍ കുരിശില്‍ തറച്ച് കൊന്നുവെന്നാണ് ചരിത്രം പഠിപ്പിക്കുന്നത്. മരിച്ച് മൂന്നാം ദിവസം അദ്ദേഹം ഉയര്‍ത്തേറ്റതായി ക്രൈസ്തവരും വിശ്വസിക്കുന്നു.
എന്നാല്‍ യേശുവിന്‍റെ അന്ത്യകാലങ്ങളെ കുറിച്ച് നൂറ്റാണ്ടുകളായി ചരിത്രം പഠിപ്പിച്ചത് ഒരു കളവായിരുന്നുവെന്ന് വാദിക്കുന്നവരും വിരളമല്ല. അതായത്, “യേശു ക്രിസ്തു കുരിശില്‍ തൂങ്ങി മരിച്ചിട്ടില്ല. അദ്ദേഹത്തെ കുരിശില്‍ തൂക്കിയെന്നത് സത്യം, എന്നാല്‍ അദ്ദേഹം മരിച്ചില്ല.
മരിച്ചെന്ന് കരുതി കുരിശില്‍ നിന്ന് ഇറക്കപ്പെട്ട യേശു സുഹൃത്തുക്കളുടെ സഹായത്തോടെ സുഖപ്പെടുകയും കിഴക്കന്‍ രാജ്യങ്ങളിലൂടെ പലായനം ചെയ്ത് ഇന്ത്യയിലെത്തുകയും കാശ്മീരില്‍ ശിഷ്ടകാലം ജീവിച്ച് വാര്‍ദ്ധക്യസഹജമായി തന്നെ മരിച്ച്, കാശ്മീരില്‍ അടക്കം ചെയ്യപ്പെടുകയും ചെയ്തു.”
യേശു കുരിശില്‍ തൂങ്ങി മരിച്ചില്ലെന്നും കുരിശില്‍ നിന്ന് രക്ഷപ്പെട്ട അദ്ദേഹം കാശ്മീരില്‍ വന്ന് ശിഷ്ടകാലം ജീവിച്ചുവെന്നും പറയപ്പെടുന്ന വാദങ്ങള്‍ വായനക്കാര്‍ക്ക് ഒരു പക്ഷേ പുതുമയായിരിക്കില്ല. ഇത് സംബന്ധിച്ച് ഒരു പഠനം നടത്തുക എന്നത് മാത്രമാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശം.
റഷ്യന്‍ പണ്ഡിതനായ നിക്കോളായ് നൊടോവിച്ച് ആണ് യേശു കുരിരില്‍ തൂങ്ങി മരിച്ചില്ലെന്നും അദ്ദേഹം ഇന്ത്യയിലേയ്ക്ക് പലായനം ചെയ്ത് ശിഷ്ടകാലം അവിടെ ജീവിച്ചിരുന്നുവെന്ന് വിപ്ലവകരമായ ആശയം ലോകത്തോട് ആദ്യമായി വിളിച്ചുപറഞ്ഞത്.
1887- ല്‍ ബുദ്ധമതസന്യാസിമാരുടെ അതിഥിയായി ഇന്ത്യ കാണാനെത്തിയപ്പോള്‍, ഒന്നാം നൂറ്റാണ്ടില്‍ “ഇസ്സാ” എന്ന പേരില്‍ ഒരു വിശുദ്ധന്‍ കാശ്മീരില്‍ ജീവിച്ചിരുന്നുവെന്ന് ഏതോ ഒരു ബുദ്ധസന്യാസി വെറുതെ പറഞ്ഞപ്പോള്‍ തോന്നിയ ആകാംഷയാണ് നിക്കോളായ് നൊടോവിച്ചിനെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളില്‍ കൊണ്ടെത്തിച്ചത്.
ഇസ്സായുടെയും യേശുവിന്‍റെയും ആശയങ്ങളിലും ജീവിതത്തിലും അസാമാന്യമായ സാദൃശ്യം ഉണ്ടായിരുന്നതായി അദ്ദേഹം കണ്ടെത്തി.