ഐശ്വര്യത്തിനും രോഗശാന്തിക്കും നാഗാരാധന

Webdunia
WDWD
നാഗാരാധന ഇന്ത്യയില്‍ പണ്ടുമുതല്‍ക്കേ നിലവിലുള്ളതാണ്. നാഗാരാധന ഒരു തരത്തില്‍ പ്രകൃത്യാരാധന കൂടിയാണ്. ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി ഭാരതീയര്‍ നാഗപൂജ നടത്തുന്നു. സന്താനമില്ലായ്മയ്ക്കും കുടുംബ ഛിദ്രത്തിനും ത്വക്ക് രോഗങ്ങള്‍ക്കും പരിഹാരമായും നാഗപൂജകളും വഴിപാടുകളും നടത്താറുണ്ട്.

കേരളത്തിലെ പ്രധാനപ്പെട്ട നാഗക്ഷേത്രങ്ങളില്‍ ഒന്നാണ് ആലപ്പുഴയിലെ ഹരിപ്പാടിന് അടുത്തുള്ള മണ്ണാറശ്ശാല നാഗരാജാ ക്ഷേത്രം. തൃശൂരിലെ മാളയ്ക്ക് അടുത്തുള്ള പാമ്പുമ്മേക്കാട്, കൊല്ലത്തെ തൃപ്പാര ക്ഷേത്രം, തിരുവനന്തപുരത്തെ അനന്തന്‍‌കാട് ക്ഷേത്രം, മഞ്ചേശ്വരത്തെ മദനേശ്വര ക്ഷേത്രം, കണ്ണൂരിലെ പെരളശ്ശേരി ക്ഷേത്രം, എറണാകുളത്തെ ആമേടമംഗലം, മാന്നാറിലെ പനയന്നാര്‍കാവ് തുടങ്ങി ഒട്ടേറെ നാഗക്ഷേത്രങ്ങളുണ്ട് കേരളത്തില്‍.

ഇത് കൂടാതെ മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും ഉപദേവതയായി നാഗങ്ങളെ ആരാധിക്കുന്നുമുണ്ട്. നാഗരാജാവ്, നാഗയക്ഷി, നാഗ ദൈവങ്ങള്‍, സര്‍പ്പ ദൈവങ്ങള്‍ എന്നിങ്ങനെ പല തരത്തിലാണ് ആരാധന.

പ്രകൃതിയില്‍ നിന്ന് മനുഷ്യനുണ്ടാകുന്ന പല ദോഷങ്ങള്‍ ഇല്ലാതാക്കാന്‍ നാഗങ്ങള്‍ക്ക് കഴിയും എന്നൊരു വിശ്വാസമുള്ളതുകൊണ്ട് കേരളത്തിലെ പൂര്‍വികര്‍ നാഗ ദൈവങ്ങളെ കാവുകളില്‍ കുടിയിരുത്തി ആരാധിച്ചിരുന്നു.

നാഗം ദേവതയായുള്ള ആയില്യം നക്ഷത്രമാണ് നാഗപൂജയ്ക്ക് ഉത്തമമായി കരുതുന്നത്. ഇതില്‍ തന്നെ കന്നി, തുലാം മാസങ്ങളിലെ ആയില്യം വിശേഷമായി കരുതുന്നു. മണ്ണാറശ്ശാല, പാമ്പുമ്മേകാട്, വെട്ടിക്കോട് എന്നിവിടങ്ങളില്‍ ഈ ആയില്യങ്ങള്‍ വളരെ വിശേഷമാണ്.

കേരളം നാഗഭൂമിയാണെന്നാണ് വിശ്വാസം. സഹ്യപര്‍വ്വതത്തെ നാഗലോകത്തിന്‍റെ ഒരു അതിര്‍ത്തിയായി നാഗാനന്ദം തുടങ്ങിയ കൃതികളില്‍ പരാമര്‍ശിക്കുന്നുണ്ട്.

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഗരാജ ക്ഷേത്രം മണ്ണാറശ്ശാലയാണ്. ഖാണ്ഡവ ദഹനം നടന്ന് മണ്ണ് ആറിയ ശാലയാണ് മണ്ണാറശ്ശാലയായി മാറിയതെന്നാണ് ഒരു വിശ്വാസം.



SasiWD
സര്‍പ്പങ്ങളെ രക്ഷിക്കാനായി പ്രത്യേകമായി ഉണ്ടാക്കിയ കാവാണ് മണ്ണാറശ്ശാലയിലെ ക്ഷേത്രമായി മാറിയത്. സര്‍പ്പങ്ങളെ സംരക്ഷിക്കാനായി ഒരു നമ്പൂതിരി കുടുംബത്തെ തൊട്ടടുത്ത് പാര്‍പ്പിക്കുകയും ചെയ്തു.

തുലാമാസത്തിലെ ആയില്യമാണ് ഇവിടത്തെ വിശേഷ ദിവസം. സര്‍പ്പപൂജയ്ക്കും സര്‍പ്പ പ്രീതിക്കുമായി ഒട്ടേറെ ഭക്തജനങ്ങള്‍ അന്നവിടെ വന്നുകൂടുന്നു. സന്താന ലാഭത്തിനായി മണ്ണാറശ്ശാലയില്‍ ഉരുളി കമിഴ്ത്തുന്നത് വിശേഷപ്പെട്ടൊരു വഴിപാടായി കരുതുന്നു.

സര്‍പ്പ ദോഷം കൊണ്ട് സന്താന ഭാഗ്യം ലഭിക്കാത്തവരാണ് ഉരുളി കമിഴ്ത്താറുള്ളത് എങ്കിലും ഇപ്പോള്‍ വളരെക്കാലമായി സന്താനങ്ങള്‍ ഉണ്ടാവാത്തവരും ഈ വഴിപാട് നടത്താറുണ്ട്. പലര്‍ക്കും ഇതുമൂലം ഉദ്ദിഷ്ട ഫലം ഉണ്ടായതായാണ് അനുഭവം.

തറവാട്ടിലെ മുതിര്‍ന്ന അംഗമായ സ്ത്രീയാണ് മണ്ണാറശ്ശാലയിലെ പ്രധാന പൂജാരിണി. ആയില്യം ഉത്സവവും നാഗപ്രീതിക്കുള്ള ചടങ്ങുകളും ഈ അമ്മയുടെ കാര്‍മ്മികത്വത്തിലാണ് നടക്കുന്നത്.

ജ്യോതിഷ പ്രകാരവും പുത്രഭാഗ്യമില്ലാത്തവര്‍ക്ക് നാഗപൂജയും നാഗിനി പൂജയും ഫലപ്രദമാണെന്ന് കാണുന്നു. സര്‍പ്പ ശ്രേഷ്ഠനായ വാസുകിയുടെ സഹോദരിയാണ് മാനസാ ദേവി. ഇവരെ പ്രാര്‍ത്ഥിക്കുന്നതാണ് പുത്ര ലാഭത്തിന് ഉത്തമം.

നവ നാഗങ്ങള്‍
അനന്തന്‍, വാസുകി, ശേഷന്‍, പത്മനാഭന്‍, കമ്പലന്‍, ശംഖപാശന്‍, ധൃതരാഷ്ട്രര്‍, തക്ഷകന്‍, കാളിയന്‍ എന്നിവരെയാണ് നവ നാഗങ്ങളായി കരുതുന്നത്. ഇവരെ സ്മരിച്ചാല്‍ വിഷഭയം ഉണ്ടാവില്ല. ഓരോ ദിവസത്തിനും ഓരോ നാഗമുണ്ട്. ആ ദിവസങ്ങളില്‍ അവയെ പ്രാര്‍ത്ഥിക്കുന്നതും നല്ലതാണെന്നാണ് വിശ്വാസം.

ഞായറാഴ്ച & - അനന്തന്‍, തിങ്കളാഴ്ച & വാസുകി, ചൊവ്വാഴ്ച & തക്ഷകന്‍, ബുധനാഴ്ച & കാര്‍ക്കോടകന്‍, വ്യാഴാഴ്ച & പത്മന്‍, വെള്ളിയാഴ്ച & മഹാപത്മന്‍, ശനിയാഴ്ച & കാളിയനും ശംഖപാശന്‍.

ഹൈന്ദവ ദേവതമാരില്‍ സര്‍പ്പ ബന്ധമില്ലാത്തവര്‍ തീരെ ചുരുക്കമാണ്. വിഷ്ണുവിന്‍റെ കിടക്കയാണ് അനന്തന്‍. ശിവന്‍റെ കണ്ഠാലങ്കാരമാണ് വാസുകി. ഗണപതിയുടെ അരപ്പട്ട നാഗമാണ്. വിവിധ ദേവിമാര്‍ക്ക് ആഭരണമായും ആയുധമായും സര്‍പ്പങ്ങളുണ്ട്.

സര്‍പ്പ ശാപം ഏറ്റവും ഭീകരമാണെന്നാണ് ജ്യോതിഷമതം. രാഹു കേതുക്കളും ദോഷം ചെയ്യുന്നു. കാളസര്‍പ്പയോഗവും ജാതകത്തില്‍ ദോഷമുണ്ടാക്കുന്ന കാലമാണ്.