മാനസിക സംഘര്‍ഷമില്ലാത്ത അക്രമരഹിത സമൂഹത്തിനായി ലോകത്തെ കൈകോര്‍ത്തിണക്കാന്‍ ശ്രീ ശ്രീ രവിശങ്കറിന്‍റെ ഓണ്‍ലൈന്‍ സമ്മേളനം. ഈ മാസം 26ന് നടക്കുന്ന ഓണ്‍ലൈന്‍ സമ്മേളനത്തില്‍ 18 രാജ്യങ്ങളിലെ നേതാക്കള്‍ പങ്കെടുക്കും. ആര്‍ട്ട് ഓഫ് ലിവിംഗ് സംഘടിപ്പിക്കുന്ന സമ്മേളനത്തിന് 60 രാജ്യങ്ങളില്‍ നിന്നായി കോടിക്കണക്കിന് ആളുകള്‍ സാക്ഷികളാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സോഷ്യല്‍ മീഡിയ പൊതുസമൂഹത്തിന്‍റെ അഭിപ്രായം ശേഖരിക്കാനാവുന്ന വേദിയാണെന്നും അവരുടെ വികാരങ്ങള്‍ അതില്‍ പ്രതിഫലിക്കുമെന്നും ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ഇതില്‍ നിന്നു കിട്ടുന്ന പ്രതികരണങ്ങളിലൂടെ ജനങ്ങളെ ഒരുമിപ്പിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൂഗിളിന്‍റെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഗൂഗിള്‍ പ്ലസിലൂടെ നടത്തുന്ന ഹാങ് ഔട്ടില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, ഈജിപ്തിലെ ആദ്യ വനിതാ രാഷ്ടപതി സ്ഥാനാര്‍ഥി ബോതെയ്ന കമേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, നൊബേല്‍ പുരസ്കാര ജേതാവ് ഡോ. മൈറോണ്‍ സ്കോള്‍സ്, ശ്രീലങ്കന്‍ എംപി നമാള്‍ രജ്പക്സെ, ഡെയ്‌ലന്‍ സ്ലാച്ചേവ്, യൂറോപ്യന്‍ പാര്‍ലമെന്‍റംഗം ജോ ലെയ്നെന്‍, അര്‍ണാബ് ഗോസ്വാമി, കുമാര സംഗക്കാരെ, കിരണ്‍ ബേദി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. രവിശങ്കറിന്റെ പ്ലസ് പേജിലൂടെ അദ്ദേഹത്തോടെ സാധാരണ ജനങ്ങള്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാം.
ആയിരക്കണക്കിന് ആളുകളാണ് പരിപാടിയോട് അനുഭാവം പ്രകടിപ്പിച്ചു മുന്നോട്ടു വന്നിരിക്കുന്നത്. നിരവധി പേരാണ് വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ശ്രീ ശ്രീ രവിശങ്കറിന്‍റെ പ്ലസ് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓണ്‍ലൈന്‍ സമ്മേളനത്തിലൂടെ യുവതലമുറയെ കര്‍ത്തവ്യനിരതരാക്കാനും സ്വന്തം കടമകളെ ബോധ്യപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷ.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, സ്കൂളുകളിലെ വെടിവയ്പ്പ്, മത - രാഷ്ടീയ സംഘര്‍ഷങ്ങള്‍ തുടങ്ങി ലോകത്തെ ബാധിച്ചിരിക്കുന്ന സംഘര്‍ഷമാണ് സമ്മേളന വിഷയം. കൂട്ടായ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളെ ഒരൊറ്റ വേദിയില്‍ പങ്കിടുകയാണ് ലക്‍ഷ്യം. മാനസികസംഘര്‍ഷത്തെ ഇല്ലാതാക്കാനുള്ള ശ്രീ ശ്രീയുടെ ധ്യാനരീതികളും പരിപാടികളും ലോകശ്രദ്ധ ആകര്‍ഷിച്ചവയാണ്.