യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണത്തിനിറങ്ങിയ 'എ' നേതാവിന്‌ മുട്ടയേറ്‌

Webdunia
ബുധന്‍, 2 ഏപ്രില്‍ 2014 (15:46 IST)
PRO
മൂവാറ്റുപുഴയില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിറങ്ങിയ എ ഗ്രൂപ്പ്‌ അംഗമായ പഞ്ചായത്തംഗത്തിനും സംഘത്തിനും നേരെ ലീഗ്‌ പ്രവര്‍ത്തകര്‍ അടക്കമുള്ള നാട്ടുകാരുടെ നേതൃത്വത്തില്‍ മുട്ടയേറും കൈയേറ്റവും. പായിപ്ര പഞ്ചായത്തിലെ പെരുമറ്റം ഒമ്പതാം വാര്‍ഡില്‍പ്പെട്ട കൂളുമാരി പ്രദേശത്താണ്‌ സംഭവം. വാര്‍ഡ്‌ മെമ്പര്‍ മുഹമ്മദ്‌ താഴേത്തുകുടിയുടെ നേതൃത്വത്തില്‍ 50ഓളം യുവാക്കളും ചെണ്ടമേളവും അടക്കം സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥന എത്തിക്കുന്നതിന്‌ എത്തുമ്പോഴായിരിന്നു പ്രാദേശിക ലീഗ്‌ നോതാക്കളും നാട്ടുകാരും ചേര്‍ന്ന്‌ പ്രതിഷേധിച്ചത്‌.

കഴിഞ്ഞ കാലവര്‍ഷ കെടുതിയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ ദിവസങ്ങളോളം ഈ പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിയിരുന്നു. നാട്ടുകാരുടെ സഹായത്തിനോ രക്ഷയ്ക്കോ വാര്‍ഡ്‌ മെമ്പര്‍ എത്തുകയോ തിരിഞ്ഞ്‌ നോക്കുകയോ ചെയ്തില്ലെന്നും പല റോഡുകളും നവീകരിച്ചപ്പോള്‍ കൂളിമാരി റോഡ്‌ വര്‍ഷങ്ങളായി തകര്‍ന്ന്‌ കിടക്കുകയാണെന്നും ഫണ്ട്‌ ലഭിച്ചിട്ടും സഞ്ചാരയോഗ്യമാക്കാന്‍ മെമ്പര്‍ ശ്രമിച്ചില്ലയെന്നതുമാണ്‌ പരാതി.

കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ ലീഗ്‌ സ്ഥാനാര്‍ത്ഥിക്കെതിരെ വിമതനായി മത്സരിച്ച്‌ വിജയിച്ചതിന്‌ ശേഷം യുഡിഎഫിന്റെ പരിപാടികളില്‍ പങ്കെടുക്കാറില്ല. ഇനിയൊരു പഞ്ചായത്ത്‌ തെരഞ്ഞെടുപ്പില്‍ മെമ്പറെ മത്സരിപ്പിക്കരുത്‌ എന്ന ആവശ്യവുമായി ലീഗ്‌ നേതൃത്വം ജോസഫ്‌ വാഴയ്ക്കന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ ചര്‍ച്ചയില്‍ നിന്നും മെമ്പര്‍ ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തക യോഗങ്ങളിലോ മറ്റ്‌ യോഗങ്ങളിലോ മെമ്പറെ യുഡിഎഫ്‌ പങ്കെടുപ്പിക്കാറില്ലായിരുന്നു.