സിപിഎം പട്ടികയില്‍ മുതലാളിമാര്‍: രമ

Webdunia
ശനി, 5 ഏപ്രില്‍ 2014 (11:43 IST)
PRO
ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെട്ടത് സി പി എമ്മില്‍ വലതുപക്ഷവത്കരണം പൂര്‍ത്തിയായി എന്നതിന്‍റെ തെളിവാണെന്ന് ആര്‍ എം പി നേതാവ് കെ കെ രമ.

വലതുപക്ഷവത്കരണം കേരളത്തിലെ തെരഞ്ഞെടുപ്പുരംഗത്തും പ്രതിഫലിച്ചതാണ് അഞ്ചു സ്വതന്ത്രരുടെ സ്ഥാനാര്‍ത്ഥിത്വം. സ്വാശ്രയമുതലാളിമാര്‍ മുതല്‍ എഐസിസി അംഗം വരെ സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയില്‍ സ്ഥാനം പിടിച്ചു. ഇതോടെ വലതുപക്ഷവത്കരണം പൂര്‍ത്തിയായി - രമ ആരോപിച്ചു.

ജനമനസ്സുകളില്‍ സി പി എമ്മിന് സ്ഥാനം നഷ്ടപ്പെട്ടത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തണം. വലതുപക്ഷ നയങ്ങളും നിലപാടുകളുമാണ് ഇപ്പോള്‍ സി പി എം പിന്തുടരുന്നത്. ജനങ്ങളുടെ ഉള്ളില്‍ നിന്ന് പാര്‍ട്ടി അകന്നുപോകാന്‍ പ്രധാന കാരണം ഇതാണ് - കേരളത്തിലെ സി പി എമ്മിന്‍റെ ജന്‍‌മസ്ഥലമായ പിണറായിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു രമ.

കര്‍ഷകരെ അടിമയ്ക്കു സമാനമായി പണിയെടുക്കുന്നവരായി പരിഗണിച്ചതിനാലാണ് ബംഗാളിലെ നന്ദിഗ്രാമിലും സിങ്കൂരിലും വലിയ പ്രക്ഷോഭങ്ങള്‍ ഉണ്ടായത്. എന്നാല്‍, ഇവര്‍ക്കുനേരെ നിറയൊഴിച്ച് വലതുപക്ഷ നിലപാട് ഉറപ്പിക്കുകയാണ് സിപിഎം ചെയ്തത് - രമ ആരോപിച്ചു.