ഇന്നസെന്റിന്റെ വിജയം ചാലക്കുടിക്ക് മാത്രമല്ല മലയാള സിനിമയ്ക്കും ഏറെ ഗുണം ചെയ്യുമെന്ന് മോഹന്‍ലാല്‍. മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാല്‍കൂടി എത്തിയതോടെ ചാലക്കുടി താരത്തിളക്കത്തിലാണ്. മെഗാസ്‌റ്റാര്‍ മമ്മൂട്ടിക്ക് പിന്നാലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇന്നസെന്റിനെ കാണാന്‍ യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും കൂടി എത്തിയതോടെ ചാലക്കുടിക്ക് താരപ്രഭയേറി. ഊട്ടിയില്‍നിന്നും തൃശൂരിലെത്തിയ മോഹന്‍ലാല്‍ ഇന്നസെന്റുമായി ഹോട്ടലില്‍ കൂടിക്കാഴ്‌ച നടത്തി.
എന്നാല്‍ ഇന്നസെന്റിനൊപ്പം പ്രചരണത്തിനായി ഇറങ്ങാന്‍ ലാല്‍ തയാറായില്ല. ഇപ്പോള്‍ തന്നെ ഇന്നസെന്റിന്റെ കൂട്ടത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ ആളുണ്ടല്ലോ എന്നായിരുന്നു ലാലിന്റെ പ്രതികരണം. പ്രചരണത്തിനായി താരങ്ങളെ ക്ഷണിച്ചിട്ടില്ലെന്നും ഇരുവരും പ്രതികരിച്ചു. ഊട്ടിയില്‍ നിന്നും കൊച്ചിയിലെ വീട്ടിലേക്കുള്ള മടക്കത്തിനിടയിലാണ് ലാല്‍ ഇന്നസെന്റിനെ കാണാനായി ഹോട്ടലില്‍ എത്തിയത്. ലാല്‍ വരുന്നത് അറിഞ്ഞ് പ്രചാരണം താല്‍ക്കാലികമായി നിര്‍ത്തി വെച്ച് ഇന്നസെന്റും എത്തി. അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ തന്നെ ഇന്നസെന്റ് മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ഇന്നസെന്റിന്റെ പാര്‍ലമെന്റ് പ്രവേശനം മലയാള സിനിമയ്‌ക്കും ഗുണകരമാകുമെന്ന് കരുതുന്നതായും മോഹന്‍ലാല്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്‌തമാക്കി.
നേരത്തേ മോഹന്‍ലാലും സുരേഷ്‌ഗോപിയും ദീലീപും ഇന്നസെന്റിന്റെ പ്രചരണത്തിനായി എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ശനിയാഴ്‌ച ഇന്നസെന്റിന്റെ പ്രചാരണ യോഗത്തില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നു.