ഇന്നസെന്റിന്‌ വേണ്ടി ഇറങ്ങാന്‍ താരങ്ങള്‍ക്ക് മടി

Webdunia
ബുധന്‍, 2 ഏപ്രില്‍ 2014 (14:59 IST)
PRO
PRO
ചാലക്കുടി പാര്‍ലമെന്റ്‌ മണ്ഡലം എല്‍ഡിഎഫ്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നടന്‍ ഇന്നസെന്റിന്‌ വേണ്ടി പ്രചാരണത്തിന്‌ ഇറങ്ങാന്‍ താരങ്ങള്‍ മടിക്കുന്നു. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ കുടിയായ ഇന്നസെന്റിന്‌ വേണ്ടി പ്രമുഖതാരങ്ങളെ പ്രചാരണത്തിന്‌ ഇറക്കാമെന്ന എല്‍ഡിഎഫിന്റെ കണക്ക്‌ കൂട്ടല്‍ താളം തെറ്റുകയാണ്. നടന്‍ മുകേഷും കെപിഎസി ലളിതയും മാത്രമാണ്‌ ഇന്നസെന്റിന്‌ വേണ്ടി പ്രചാരണത്തിന്‌ ഇറങ്ങിയത്‌. കഴിഞ്ഞ ദിവസം മധുവും കവിയൂര്‍ പൊന്നമ്മയും എത്തിയിരുന്നു.

ഇന്നസെന്റിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് കവിയൂര്‍ പൊന്നമ്മ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും മധു ഒരക്ഷരം ഉരിയാടിയില്ല. എടപ്പാളില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വഴിയാണ് മധു അങ്കമാലിയിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇന്നസെന്റിനൊപ്പം കൂടിയത്.

പ്രമുഖ താരങ്ങളെ പങ്കെടുപ്പിച്ച്‌ പ്രചാരണം കൊഴിപ്പിക്കാം എന്നാണ്‌ എല്‍ഡിഎഫ്‌ നേതാക്കള്‍ കരുതിയിരുന്നത്‌. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങളെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ് ക്യാംപ്.

ഇന്നസെന്റിന്റെ സ്ഥാനാര്‍ഥിത്വത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് കരുതപ്പെടുന്ന മമ്മൂട്ടിയെങ്കിലും വരണമെന്ന് ജനക്കൂട്ടം ഇന്നസെന്റിനോട് പറയുന്നുണ്ട്. അവസാന ഘട്ടത്തില്‍ യുവതാരങ്ങളുടെ കൂട്ടായ്മയെയും കളത്തിലിറക്കിയേക്കും.