നാണക്കേടിന്റെ റെക്കോര്‍ഡില്‍ കപില്‍ ദേവിനും ധോണിക്കുമൊപ്പം; നിരാശനായി കോലി

വെള്ളി, 3 ഡിസം‌ബര്‍ 2021 (20:38 IST)
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ പൂര്‍ണമായി നിരാശപ്പെടുത്തിയത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ്. നാല് പന്തില്‍ നിന്ന് റണ്‍സൊന്നും എടുക്കാതെയാണ് കോലി കൂടാരം കയറിയത്. കോലിയുടെ വിക്കറ്റ് വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. സെഞ്ചുറികളുടെ കണക്കില്‍ സച്ചിനോട് മത്സരിച്ചിരുന്ന കോലി റണ്‍സൊന്നും എടുക്കാതെ പുറത്താകുന്ന കാഴ്ച ആരാധകരെ സംബന്ധിച്ചിടുത്തോളം ഏറെ നിരാശപ്പെടുത്തുന്നതാണ്. ഇപ്പോള്‍ ഇതാ നാണക്കേടിന്റെ റെക്കോര്‍ഡിലും കോലിയുടെ പേര് എഴുതി ചേര്‍ക്കപ്പെട്ടു. 
 
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ തവണ ഡക്കായ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ കോലിയും ഇടംപിടിച്ചു. ഈ കലണ്ടര്‍ വര്‍ഷത്തില്‍ നാലാം തവണയാണ് കോലി ഡക്കാകുന്നത്.  1976 ല്‍ ബിഷന്‍ സിങ് ബേദി, 1983 ല്‍ കപില്‍ ദേവ്, 2011 ല്‍ മഹേന്ദ്രസിങ് ധോണി എന്നിവരാണ് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് തവണ ഡക്കിന് പുറത്തായ ഇന്ത്യന്‍ നായകന്‍മാര്‍. ടെസ്റ്റ് ടീം ക്യാപ്റ്റനെന്ന നിലയില്‍ കൂടുതല്‍ ഡക്കുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലും കോലി ഇടംപിടിച്ചിട്ടുണ്ട്. സ്റ്റീഫന്‍ ഫ്‌ലെമിങ് ആണ് പട്ടികയില്‍ ഒന്നാമന്‍. ക്യാപ്റ്റനായിരിക്കെ 13 തവണ ഡക്കായി. ഗ്രെയിം സ്മിത്ത് (10), വിരാട് കോലി (10), ആതര്‍ട്ടന്‍ (8), ഹാന്‍സി ക്രോണിയ (8), മഹേന്ദ്രസിങ് ധോണി (8) എന്നിവരാണ് പട്ടികയില്‍ മറ്റ് താരങ്ങള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍