സ്പിന്നര്‍ അജാന്താ മെന്‍ഡിസിന്‍റെ തകര്‍പ്പന്‍ പ്രകടനത്തിന്‍റെയും കുമാരാ സംഗക്കാരയുടെ ബാറ്റിംഗ് വിരുന്നിന്‍റെയും പശ്ചാത്തലത്തില്‍ പാകിസ്ഥാനെ ശ്രീലങ്കയും മറികടന്നു. ഏഷ്യാ കപ്പില്‍ മോശം ഫോമില്‍ കളിക്കുന്ന പാകിസ്ഥാന്‍ 64 റണ്‍സിനാണ് ദ്വീപുകാരോട് പരാജയപ്പെട്ടത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയ 302 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ വീണത് 238 റണ്‍സിന്. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പാക് താരം സൊഹൈല്‍ തന്‍വീര്‍ രാജ്യാന്തര തലത്തിലെ തന്‍റെ ഏറ്റവും മികച്ച ബൌളിംഗ് പ്രകടനം നടത്തി. 48 റണ്‍സ് നല്‍കി അഞ്ച് വിക്കറ്റുകളാണ് രാജസ്ഥാന്‍ റോയല്‍സ് താരം നേടിയത്.
ശ്രീലങ്കന്‍ ബൌളര്‍ മെന്‍ഡില്‍ 21 റണ്‍സ് നല്‍കി നാല് വിക്കറ്റുകളാണ് പിഴുതത്. പാക് നിരയില്‍ നന്നായി ആകെ ബാറ്റ് ചെയ്യാനായത് മിസ്ബാ ഉള്‍ ഹക്കിനും (76) നായകന്‍ ഷൊഹൈബ് മാലിക്കിനും (52) യൂനിസ് ഖാനും (47) മാത്രമാണ്.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കരിയറിലെ ഒമ്പതാം സെഞ്ച്വറിയിലേക്ക് കുതിച്ച കുമാരാ സംഗക്കാരയുടെ മികവിലാണ് 300 ല്‍ എത്തിയത്. ഓപ്പണറായെത്തിയ സംഗക്കാര 110 പന്തുകളില്‍ 10 ബൌണ്ടറികളും ഒരു സിക്‍സറും പറത്തി 112 റണ്‍സ് നേടി. 43 റണ്‍സ് എടുത്ത കപുഗദുരെ, 46 റണ്‍സ് എടുത്ത ചമര സില്‍വ, 29 റണ്‍സ് എടുത്ത ജയവര്‍ദ്ധനെ, 28 റണ്‍സ് എടുത്ത തിലന്‍ തുഷാര തുടങ്ങിയവരും നിര്‍ണ്ണായക സംഭാവന നല്‍കി