ശ്രീലങ്കയ്‌ക്ക് കൂറ്റന്‍ തകര്‍ച്ച

PROPRO
ഓസ്ട്രേലിയയ്‌ക്കെതിരെ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ അവസാന ലീഗ് മത്സരത്തിനായി ഇറങ്ങിയ ശ്രീലങ്കയ്‌ക്ക് കാര്യങ്ങള്‍ വേണ്ട വിധം ക്രമീകരിക്കാനായില്ല. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അവരുടെ ഇന്നിംഗ്‌സില്‍ മുന്‍ നിര വിക്കറ്റുകള്‍ ചീട്ട് കൊട്ടാരം പോലെ തകര്‍ന്നു വീണു. 65 റണ്‍സിന് 4 വിക്കറ്റുകളാണ് വീണത്.

കൂറ്റന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന ശ്രീലങ്കയ്‌ക്കായി ജയവര്‍ദ്ധനെയും ദില്‍‌‌ഷനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാ‍ണ്. 23 റണ്‍സ് എടുത്ത ജയവര്‍ദ്ധനെയ്‌ക്ക് രണ്ട് റണ്‍സ് നേടിയുള്ള പിന്തുണയാണ് ദില്‍‌‌ഷന്‍ നല്‍കിയിരിക്കുന്നത്. നേരത്തെ കംഗാരുക്കളുടെ ബൌളിംഗ് ആക്രമണം ചെറുക്കാനാ‍കാതെ ശ്രീലങ്കന്‍ മുന്‍ നിരക്കാര്‍ പുറകേ കൂടാരം കയറി.

ആദ്യം പുറത്തായത് ഓപ്പണര്‍ പെരേരയായിരുന്നു. അഞ്ച് റണ്‍സിന് ലീയുടെ പന്ത് വിക്കറ്റിനു മുന്നില്‍ കുരുക്കി. തൊട്ടു പിന്നാലെ സംഗക്കാര 11 റണ്‍സിന് ജോണ്‍‌സന്‍റെ പന്തില്‍ ഹസിക്ക് പിടി നല്‍കി. ഓസ്ട്രേലിയന്‍ മണ്ണില്‍ അവസാന ഏകദിനം കളിക്കുന്ന ജയസൂര്യയില്‍ നിന്നും പ്രതീക്ഷിച്ച മിന്നല്‍ പിണറുകള്‍ ഉണ്ടായില്ല.

32 പന്തില്‍ രണ്ട് ഫോറുകളും ഒരു സിക്‍സറും പറത്തിയ സൂര്യന്‍ 23 റണ്‍സ് എടുത്ത് ബ്രാക്കന്‍റെ പന്തില്‍ ഹസിയുടെ കയ്യിലെത്തി. രണ്ട് റണ്‍സ് എടുത്ത കപുഗദുരയെ ഹോപ്‌സ് ഗില്‍ക്രിസ്റ്റിന്‍റെ കയ്യില്‍ എത്തിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും ഫൈനലില്‍ കടന്നതിനാല്‍ ഈ മത്സരത്തിന് അവസാന ലീഗ് മത്സരം എന്നതില്‍ കവിഞ്ഞ പ്രസക്തിയില്ല.

സ്കോര്‍ബോര്‍ഡ്

വെബ്ദുനിയ വായിക്കുക