രാഹുല്‍ ദ്രാവിഡിനു സെഞ്ച്വറി

PROPRO
ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ ബൌളിംഗിനു കടുത്ത തലവേദന ഉണ്ടാക്കുകയാണ്. ദക്ഷീനാഫ്രിക്കന്‍ ബൌളിംഗിനെ ചവുട്ടി മെതിച്ച് ഇന്ത്യന്‍ ഓപ്പണര്‍ സെവാഗ് നേടിയ ട്രിപ്പിള്‍ സെഞ്ച്വറിക്ക് പിന്നാലെ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡും സെഞ്ച്വറി കുറിച്ചു.

ദ്രാവിഡിന്‍റെ 105 റണ്‍സിന്‍റെ പിന്‍‌ബലത്തില്‍ ഇന്ത്യയുടെ സ്കോര്‍ 133 ഓവറുകളില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 561 എന്ന നിലയിലായി. കഴിഞ്ഞ ദിവസം അര്‍ദ്ധ ശതകവുമായി ക്രീസ് വിട്ട ദ്രാവിഡ് നാലാം ദിനത്തില്‍ ഏറെകരുതലോടെയാണ് ബാറ്റ് വീശിയത്. 278 പന്തുകളില്‍ 14 ഫോറുകള്‍ അടിച്ചാണ് ദ്രാവിഡ് തന്‍റെ ഇരുപത്തഞ്ചാം സെഞ്ച്വറി നേടിയത്.

ഇതോടെ ടെസ്റ്റില്‍ 25 സെഞ്ച്വറികള്‍ കണ്ടെത്തുന്ന ആറാമത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും താരമായി ദ്രാവിഡ്. 99 റണ്‍സുമായി ഉച്ച ഭക്ഷണത്തിനായി പോയ ദ്രാവിഡ് തിരിച്ചുവന്ന ഉടന്‍തന്നെ സെഞ്ച്വറിയിലേക്ക് കുതിച്ചു. ദ്രാവിഡിന്‍റെ മികവില്‍ ഇന്ത്യ 21 റണ്‍സിന്‍റെ ലീഡിലേക്ക് ഉയര്‍ന്നു.

കഴിഞ്ഞ ദിവസം ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ച വീരേന്ദ്ര സെവാഗാണ് നാലാം ദിനം രാവിലെ തന്നെ പുറത്തായ ആദ്യ ബാറ്റ്‌സ്‌മാന്‍. ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച വ്യക്തിഗത സ്കോര്‍ കുറിച്ച സെവാഗിനു 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. സെവാഗ് എന്‍റിനിയുടെ പന്തില്‍ മക്കന്‍‌സിയുടെ കയ്യില്‍ കുരുങ്ങി.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറിനു മാത്രമാണ് റണ്‍സ് ഒന്നും എടുക്കാന്‍ കഴിയാതെ വന്നത്. തൊട്ടു പിന്നാലെയെത്തിയ സച്ചിന് അക്കൌണ്ട് തുറക്കാന്‍ പോലുമായില്ല. അതിനു മുമ്പ് തന്നെ സച്ചിനെ എന്‍റിനി കാലിസിന്‍റെ കയ്യില്‍ എത്തിച്ചു. 24 റണ്‍സ് എടുത്ത ഗാംഗുലിയെ പോള്‍ ഹാരീസ് ബൌച്ചറിന്‍റെ കയ്യില്‍ എത്തിച്ചു.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 540 പിന്തുടരുമ്പോള്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞ ദിവസം നഷ്ടമായ ഏക വിക്കറ്റ് വസീം ജാഫറുടേതായിരുന്നു. ജാഫറെ 73 റണ്‍സിനു പോള്‍ ഹാരിസിന്‍റെ പന്തില്‍ കാലിസ് പിടികൂടുകയായിരുന്നു.

സ്കോര്‍ബോര്‍ഡ്

വെബ്ദുനിയ വായിക്കുക