രാജസ്ഥാന്‍ റോയല്‍സ് താരം ഷെയിന്‍ വാട്‌സണ്‍ കത്തിക്കയറിയ മത്സരത്തില്‍ വിന്‍ഡീസ് തകര്‍ന്നു. വെസ്റ്റിന്‍ഡീസും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയയ്‌ക്ക് ഏഴ് വിക്കറ്റ് ജയം സ്വന്തമായി. ഷെയിന്‍ വാട്‌സന്‍റെ കന്നി സെഞ്ച്വറിയായിരുന്നു കംഗാരുക്കളെ വിജയിപ്പിച്ചത്.
ലോകകപ്പ് ഫൈനലിനു ശേഷം ആദ്യ ഏകദിന മത്സരം കളിക്കുന്ന ഷെയിന്‍ വാട്‌സണ്‍ 122 പന്തുകളില്‍ 126 റണ്‍സാണ് അടിച്ചു കൂട്ടിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്‍റെ 224 റണ്‍സ് ലക്‍ഷ്യം ഏറെയൊന്നും ആയാസപ്പെടാതെ തന്നെ ഓസീസ് മറികടന്നു. മാര്‍ഷലിന്‍റെ ഒരു വൈഡ് ലെഗ്സൈഡിലൂടെ ബൌണ്ടറിയിലേക്ക് പായിച്ച് ക്ലാര്‍ക്ക് വിജയറണ്‍ നേടി.
മൈക്കല്‍ ക്ലാര്‍ക്ക് ഈ ബൌണ്ടറി നേടുമ്പോള്‍ 57 പന്തുകള്‍ ബാക്കി നില്‍ക്കുക ആയിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇതോടെ ഓസീസ് റെക്കൊഡ് 3-0 ആയി മാറി.ആദ്യ മത്സരം 83 റണ്‍സിനും രണ്ടാം മത്സരം 63 റണ്‍സിനും ഓസീസ് ജയിച്ചിരുന്നു. വാട്സണ്‍ എത്തുമ്പോള്‍ റണ്‍സ് ഇല്ലാതെ ഒരു വിക്കറ്റ് നഷ്ടമായ സ്ഥിതിയിലായിരുന്നു.
എന്നാല്‍ റിക്കി പോണ്ടിംഗിനൊപ്പം മികച്ച കൂട്ടുകെട്ട് കണ്ടെത്തിയ രാജസ്ഥാന്‍ റോയത്സ് താരം പതിയെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 190 റണ്‍സായിരുന്നു. 69 റണ്‍സെടുത്ത പോണ്ടിംഗുമായുള്ള കൂട്ടുകെട്ട് പിരിയുമ്പോള്‍ ഓസ്ട്രേലിയയുടെ വിജയ ലക്‍ഷ്യം വെറും 17 പന്തായി.
നേരത്തേ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 54 പന്തില്‍ 53 റന്‍സ് എടുത്ത ക്രിസ് ഗെയ്‌ല്‍ നല്‍കിയ തുടക്കത്തില്‍ വമ്പന്‍ സ്കോറിലേക്ക് കുതിക്കാന്‍ വിന്‍ഡീസിനു കഴിഞ്ഞില്ല. സേവ്യര്‍ മാര്‍ഷല്‍ (35), രാം നരേഷ് സര്‍വന്‍ (31), ശിവ നാരായണ്‍ ചന്ദര്‍പാള്‍ (32) എന്നിവരാണ് മികച്ച ബാറ്റിംഗ് നടത്തിയത്. ഓസീസ് താരം നതന്‍ ബ്രാക്കന്‍ 26 റണ്‍സ് നല്‍കി മൂന്ന് വിക്കറ്റുകളാണ് പിഴുതത്.