ഇന്ത്യ ബംഗ്ലദേശിനെയും തകര്‍ത്തു

വെള്ളി, 13 ജൂണ്‍ 2008 (09:56 IST)
PROPRO
തുടര്‍ച്ചയായി രണ്ടാമത്തെ മത്സരത്തിലും തകര്‍പ്പന്‍ വിജയത്തിലൂടെ ഇന്ത്യ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഫൈനലില്‍ കടന്നു. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ പാകിസ്ഥാന്‍ ആണ് ഇന്ത്യന്‍ ടീമിന്‍റെ എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 223 റണ്‍സ് വിജയ ലക്‍‌ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

ഓപ്പണര്‍മാരായ ഗൌതം ഗംഭീറിന്‍റെയും വീരേന്ദ്ര സെവാഗിന്‍റെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിനു തുണയായത്. ഗൌതം ഗംഭീര്‍ 107 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 39 പന്തില്‍ 52 റണ്‍സുമായി സെവാഗ് വെടിക്കെട്ട് തന്നെ നടത്തി. കഴിഞ്ഞ മത്സരത്തിന്‍റെ തുടര്‍ച്ച എന്ന വണ്ണമാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബാറ്റിംഗ് നടത്തിയത്.

ഗൌതം ഗംഭീറിന്‍റെ ഇന്നിംഗ്സ് 101 പന്തുകളില്‍ 13 ബൌണ്ടറികളും ഒരു സിക്‍സറും ഉള്‍പ്പെട്ടതായിരുന്നു. സെവാഗ് 32 പന്തില്‍ ഏഴ് ബൌണ്ടറികളും രണ്ട് സിക്സറുകളും അടിച്ചു കൂട്ടി. പിന്നാലെയെത്തിയ യുവരാജും (26) രോഹിത് ശര്‍മ്മയും (26) കാര്യം നടത്തിക്കളഞ്ഞു. ഫൈനലില്‍ ശനിയാഴ്ച പാകിസ്ഥാനാണ് ഇന്ത്യയ്‌ക്ക് എതിരാളി.

തുടക്കത്തിലെ തകര്‍ച്ചയെ റഖിബുള്‍ ഹസനിലൂടെ മറികടന്ന ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെ പൊരുതാവുന്ന സ്കോര്‍ സമ്പാദിച്ചു. 117 പന്തുകളില്‍ അഞ്ച് ബൌണ്ടറികളുടെ മികവില്‍ 89 റണ്‍സ് എടുത്ത റഖീബുള്‍ ഹസന്‍ ഇന്ത്യന്‍ പേസിനെതിരെ ശ്രദ്ധയോടെ ബാറ്റ് വീശിയതാണ് തുണയായത്.

മദ്ധ്യനിരയില്‍ അലോക് കപാലിയും(20) മഹ്മദുള്ളയും (24) ആയിരുന്നു മികച്ച പ്രകടനം നടത്തിയവര്‍. ഹസനൊപ്പം 36 റണ്‍സുമായി നായകന്‍ മുഹമ്മദ് അഷ്‌റഫുള്ളും മെച്ചപ്പെട്ട ബാറ്റിംഗ് നടത്തിയതും വാലറ്റം ആഞ്ഞടിച്ചതും ബംഗ്ലാദേശിനു തുണയായി. 46 റണ്‍സ് വിട്ടുകൊടുത്ത് ആര്‍ പി സിംഗ് മൂന്ന് വിക്കറ്റുകള്‍ പിഴുതപ്പോള്‍ ഇര്‍ഫാന്‍ പത്താന്‍ രണ്ടും യൂസുഫ് പത്താന്‍, പീയൂഷ് ചൌള, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

വെബ്ദുനിയ വായിക്കുക